2019 ല്‍ 70,000 കാണികളെ സാക്ഷി നിര്‍ത്തി 3-1 ന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം ചൂടിയത്
Copa America 2021: കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ സെമി ഫൈനല്‍ വരെയെത്തിയത് തോല്‍വി എന്തെന്നറിയാതെയാണ്. സെമിയില്‍ പെറുവാണ് ചാമ്പ്യന്മാരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
“ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, കിരീട സാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്നതില്‍ തയാറെടുക്കണം. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരം കടുപ്പമായിരുന്നു. പെറു വിജയിക്കാന്‍ ശ്രമിക്കും. അവരുടെ എക്കാലത്തെയും മികച്ച പ്രകടനമാകും പുറത്തെടുക്കുക,” ബ്രസീല്‍ മധ്യനിര താരം ഫ്രെഡ് മാധ്യമങ്ങളോട് പറഞ്ഞു.
2019 ല്‍ 70,000 കാണികളെ സാക്ഷി നിര്‍ത്തി 3-1 ന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം ചൂടിയത്. ഇത്തവണ കോവിഡ് രോഗവ്യാപനം മൂലം കാണികള്‍ക്ക് പ്രവേശനമില്ല.
ഇരു ടീമുകളുടേയും പ്രധാനപ്പെട്ട സ്ട്രൈക്കര്‍മാര്‍ സെമി പോരാട്ടത്തിനുണ്ടാകില്ല. ബ്രസീലിന്റെ ഗബ്രിയേല്‍ ജീസസും, പെറുവിന്റെ ആന്ദ്രെ കാരില്ലോയും ക്വാര്‍ട്ടറില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ബ്രസീലിനായി എവര്ട്ടണ് പകരക്കാരനായി എത്തിയേക്കും. 2019ല്‍ എവര്‍ട്ടണായിരുന്നു മഞ്ഞപ്പടയുടെ ടോപ് സ്കോറര്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയെങ്കിലും വെനസ്വേലയേയും, കൊളംബിയയേയും കീഴടക്കി. ഇക്വഡോറിനോട് സമനിലയില്‍ പിരിഞ്ഞു.
“ആദ്യ മത്സരത്തില്‍ ബ്രസീലിനെതിരെ പറ്റിയ പിഴവുകള്‍ തിരുത്താനുള്ള അവസരമാണിത്. ബ്രസീല്‍ ശക്തരായി തന്നെ തുടരുകയാണ്. ഞങ്ങളും മുന്നേറുന്നുണ്ട്,” പെറു പരിശീലകന് റിക്കാര്‍ഡോ ഗരേക്ക പറഞ്ഞു.
സൂപ്പര്‍ താരം നെയ്മര്‍ തന്നെയായിരിക്കും ബ്രസീലിന്റെ പ്രധാന ആയുധം. മികച്ച ഫോമില്‍ തുടരുന്ന നെയ്മറിനെ തളയ്ക്കുക പെറുവിന് എളുപ്പമാകില്ല.
Also Read: Copa America 2021: വീണ്ടും മെസി മാജിക്; അര്‍ജന്റീന സെമിയില്‍