1800 മെഗാഹെർട്സ് ബാൻഡിൽ നിന്നും 5മെഗാഹെർട്സും 2300 മെഗാഹെർട്സ് ബാൻഡിൽ നിന്നും 10 മെഗാഹെർട്സുമാണ് വിന്യസിച്ചിരിക്കുന്നത്
കൊച്ചി: കേരളത്തിൽ 15 മെഗാ ഹെർട്സിന്റെ അധിക സ്പെക്ട്രം വിന്യസിച്ചതായി ഭാരതി എയർടെൽ. ഇത് ഉപയോക്താക്കൾക്ക് മികച്ച നെറ്റ്വർക്ക് നൽകുമെന്ന് കമ്പനി അറിയിച്ചു.
കേരളത്തിലെ നെറ്റ്വർക്കിന്റെ അതിവേഗ ഡേറ്റ ശേഷി വർധിപ്പിക്കാൻ പുതിയ നെറ്റ്വർക്ക് ടൂളുകൾക്ക് ഒപ്പം 1800 മെഗാ ഹെർട്സ് ബാൻഡിൽനിന്ന് അഞ്ച് മെഗാ ഹെർട്സും 2300 മെഗാഹെർട്സ് ബാൻഡിൽനിന്നു 10 മെഗാഹെർട്സുമാണ് വിന്യസിച്ചിരിക്കുന്നതെന്നു കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.
പുതിയ നെറ്റ്വർക്ക് വിന്യാസം സംസ്ഥാനത്തെ നഗര മേഖലകളിൽ വീടുകൾക്കുള്ളിൽ പോലും മികച്ച നെറ്റ്വർക്ക് കവറേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദേശിയ പാതകളിലും റെയിൽവേ പാതകളിലും ഗ്രാമ പ്രദേശങ്ങളിലും വേഗത്തിലുള്ള ഡേറ്റ സേവനം അധിക സ്പെക്ട്രം മൂലം ലഭിക്കും.
അടുത്തിടെ നടന്ന ലേലത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് 1800, 2300, 900 മെഗാഹെർട്സ് സ്പെക്ട്രം കേരളത്തിനുവേണ്ടി എയർടെൽ സ്വന്തമാക്കിയിരുന്നു. 1800 എഫ്ഡിഡി, 2100 എഫ്ഡിഡി, 2300 ടിഡിഡി, 900 എഫ്ഡിഡി തുടങ്ങിയ വൈവിധ്യമായ സ്പെക്ട്രങ്ങൾ കൊണ്ട് കേരളത്തിൽ ഉടനീളം അതിവേഗ ഡേറ്റ സർവീസ് നൽകാനും 5ജി സേവനങ്ങൾ നൽകാനും പൂർണ സജ്ജമാണെന്ന് എയർടെൽ പറഞ്ഞു.
Read Also: വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൂട്ടുവീഴും; നടപടിയുമായി ഫെയ്സ്ബുക്ക്
കോവിഡ് കാലത്ത് വർക്ക് അറ്റ് ഹോമും ഓൺലൈൻ ക്ലാസുകളും അനിവാര്യമായിരിക്കെ നെറ്റ്വർക്ക് വിപുലീകരണം ഉപയോക്താക്കൾക്ക് ഗുണം ചെയ്യുന്നമെന്നാണ് എയർടെൽ കാണുന്നത്. സംസ്ഥാനത്തെ 96.34 ശതമാനം ജനസംഖ്യയെ ഉൾക്കൊള്ളുന്നതാണ് എയർടെൽ ശൃംഖല.