ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അഞ്ചാം മണ്ഡലത്തില്‍
വിപുലമായ ഒരുക്കങ്ങളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള 123 സ്കൂളുകളാണ് പോളിങ് സ്റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്. വോട്ടെടുപ്പ് പ്രമാണിച്ച് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 22 വനിതകള്‍ ഉള്‍പ്പെടെ 305 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതകള്‍ സ്ഥാനാര്‍ഥികള്‍- 82 പേര്. രണ്ടര ലക്ഷത്തിലേറെ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. നാലാം മണ്ഡലത്തില്‍ 80 പേരും (രണ്ടു ലക്ഷത്തിലേറെ വോട്ടര്‍മാര്‍), മൂന്നാ മണ്ഡലത്തില്‍ 47 പേരും (1.38 ലക്ഷം വോട്ടര്‍മാര്‍), ഒന്നാം മണ്ഡലത്തില്‍ 48 പേരും (ഒരു ലക്ഷം വോട്ടര്‍മാര്‍), രണ്ടാം മണ്ഡലത്തില്‍ 48 പേരുമാണ് (90,478 വോട്ടര്‍മാര്‍) മത്സര രംഗത്തുള്ളത്. കഴിഞ്ഞ പാര്‍ലിമെൻ്റല്‍ അംഗങ്ങളായിരുന്ന നാല്പതോളം പേര് ഉള്‍പ്പെടെ നിരവധി മുന്‍ എംപിമാര്‍ മത്സരിക്കുന്നുണ്ട്.
21 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ട് ചെയ്യാം
ഇന്നേക്ക് 21 വയസ് പൂര്‍ത്തിയായ കുവൈറ്റ് പൗരന്മാര്ക്കാണ് വോട്ടവകാശമുള്ളത്. 21 വയസ് തികയുന്നതോടെ സ്വമേധയാ ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്പ്പെടുത്തപ്പെടുന്നതാണ് കുവൈറ്റിലെ രീതി. സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലാണ് തിരിച്ചറിയല്‍ കാര്‍ഡായി പോളിങ് ബൂത്തില്‍ കാണിക്കേണ്ടത്. ഇത് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാഷനാലിറ്റി ആൻ്റ് ട്രാവല്‍ ഡോക്യുമെന്റ് വിഭാഗത്തെ സമീപിക്കണം. ഇവിടെ നിന്ന് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്കിയാല് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം
വോട്ടര്‍മാര്‍ക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കല്‍, വോട്ട് വാങ്ങല്‍ തുടങ്ങിയ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കു പുറമെ, സിവില്‍ ഡിഫന്‍സ് സൈനികരും റെഡ്ക്രസന്റ് വളണ്ടിയര്‍മാരും സേവനരംഗത്ത് ഉണ്ടാകും. രാജ്യത്തെയും അതിലെ ജനങ്ങളെയും മറ്റെന്തിനും മുകളില്‍ കാണാന്‍ തയ്യാറുള്ള സത്യസന്ധരും കഴിവുള്ളവരുമായ സ്ഥാനാര്ഥികളെയായിരിക്കണം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കേണ്ടതെന്ന അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആഹ്വാനം പോളിങ് ബൂത്തിലെത്തിയാല്‍ എല്ലാ വോട്ടര്‍മാരും അനുസ്മരിക്കണമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്താന്‍ പുതിയ തെരഞ്ഞെടുപ്പോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഭരണകൂടവും ജനങ്ങളും.