മൂന്ന് ബില്യൺ ഡോളർ കമ്പനി നിർമിക്കും
സംയുക്ത നിക്ഷേപ ചെലവ് ഏകദേശം 1.16 ബില്യൺ ഒമാനി റിയാൽ (മൂന്ന് ബില്യൺ ഡോളർ) ആയാണ് കണക്കാക്കുന്നത്. ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള കരാർ പ്രകാരം അബൂദാബിയെ സൊഹാറുമായി പാസഞ്ചർ ട്രെയിനുകൾ വഴി ബന്ധിപ്പിക്കും. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും മൂന്ന് ബില്യൺ ഡോളറിന്റെ സംയുക്ത കമ്പനി സ്ഥാപിക്കും. കൂടുതൽ കാര്യക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമായ ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും റെയിൽവേ നിർമാണം.
പാസഞ്ചർ- ചരക്ക് സേവനങ്ങൾ സുഗമമാവും
ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്കും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുൽറഹ്്മാൻ സലിം അൽ ഹാത്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. സ്വകാര്യ മേഖലയിൽ ഉൾപ്പെടെ വലിയ നിക്ഷേപക അവസരവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസവുമാണ് ഇതോടെ കൈവന്നിരിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ അധികൃതർ അറിയിച്ചു. 303 കിലോമീറ്റർ റെയിൽവേയുടെ ആദ്യ ഘട്ടത്തിൽ ഒമാൻ നഗരമായ സൊഹാറിനെ യുഎഇ തലസ്ഥാനമായ അബൂദാബിയുമായാണ് ബന്ധിപ്പിക്കുക. വേഗമേറിയതും സുരക്ഷിതവുമായ പാസഞ്ചർ, ചരക്ക് സേവനങ്ങൾ നൽകുന്നതിന് മികച്ച അന്താരാഷ്ട്ര സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും റെയിൽവേ പാത നിർമിക്കുകയെന്നും അധികൃതർ അറിയിച്ചു.
സൊഹാർ- അൽ ഐൻ യാത്രയ്ക്ക് 47 മിനുട്ട്
സൊഹാറിൽ നിന്ന് അബൂദാബിയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂർ 40 മിനിറ്റായും സൊഹാറിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രാ സമയം 47 മിനിറ്റായും കുറയ്ക്കാൻ റെയിൽവേ യാഥാർഥ്യമാകുന്നതോടെ സാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക. അതേസമയം, ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ ഓടുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിസി റിപ്പോർട്ട് ചെയ്തു. യുഎഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളിൽ വ്യാപാരം സുഗമമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലകളെയും പദ്ധതി കൂടുതൽ പരിപോഷിപ്പിക്കും.
യുഎഇയും ഒമാനും 16 കരാറുകളിൽ ഒപ്പുവച്ചു
റെയിൽ കരാറിനു പുറമെ, യുഎഇ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് 15 സംയുക്ത സഹകരണ കരാറുകളിൽ കൂടി ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഊർജം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻസ്, നിക്ഷേപം, ഭക്ഷണം, സാമ്പത്തിക വിപണികൾ തുടങ്ങിയ വിവിധ മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. മെയ് 14 ന് അധികാരമേറ്റ ശേഷം ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആദ്യമായാണ് ഒമാൻ സന്ദർശിക്കുന്നത്.