തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്-നിജി ദമ്പതികളുടെ മൂത്തമകന് ആദിത്യനാ(12)ണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ചുള്ള പോലീസും സമീപത്തെ വീട്ടുകാരും ആദിത്യന്റെ സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെ: ആദിത്യനും രണ്ട് സുഹൃത്തുക്കളും വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തുക്കളുമായി വഴക്കിട്ട ആദിത്യന് വീടിനുള്ളിലേക്ക് കയറിപ്പോയി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. ഏറെ നേരം കഴിഞ്ഞും ആദിത്യനെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി. എന്നാല്‍ പലതവണ വിളിച്ചിട്ടും ആദിത്യന് മുറിതുറന്നില്ല.
തുടര്‍ന്ന് ഈ കുട്ടികള്‍ സമീപത്തെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ എത്തി വാതില്‍ തുറന്നപ്പോളാണ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. കൂട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
content highlighs: 12 year old boy found dead in thiruvananthapuram