കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിന് മറുപടിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്. താന്‍ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാന്‍ നോക്കുന്നതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനോ ഒന്നുമല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണ്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരുമാസമിട്ട് പീഡിപ്പിച്ചു. അല്ല, തൊഴിലാളികളെ പീഡിപ്പിച്ചു. ആര്‍ക്കും അതില്‍ പരാതിയുണ്ടായില്ല. ഇപ്പോള്‍ താന്‍ ആണ് കുഴപ്പക്കാരന്‍ എന്ന് ചിത്രീകരിക്കാനുള്ള നോക്കുന്നത്. വളരെ സന്തോഷം. തനിക്ക് തന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു.
ഇതാണ് വ്യവസായ സൗഹൃദം, ഇതാണ് കേരളം. വളരെ നല്ലത് തന്നെ. എല്ലാവരും വ്യവസായം തുടരട്ടെ. നിക്ഷേപം വരട്ടെ. വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വരട്ടെ. അതിന് എല്ലാ ആശംസകള്‍ നേരാം എന്നല്ലാതെ തനിക്ക് അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഗള്‍ഫില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് താന്‍ ശബ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നല്‍കിയതായും അദ്ദേഹം പറഞ്ഞു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കില്‍ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് സംസ്ഥാനങ്ങളില്‍നിന്ന് ക്ഷണം ലഭിച്ചു. മന്ത്രിമാരുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്നും സാബു കൂട്ടിച്ചേര്‍ത്തു.
content highlights: trying to portray as a problem maker- kitex md sabu jacob