തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികാര നടപടി. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ഒ.ജി.ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു.
മരംമുറി സംബന്ധിച്ച വിവാദ ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയല്‍ പുറത്തുവന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഒ.ജി. ശാലിനിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്കി.
മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി ഇതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.
വിഷയത്തില്‍ യഥാര്‍ഥ ഫയലുകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഇപ്പോഴത്തെ റവന്യു മന്ത്രി കെ.രാജന്റെ പരിഗണനയിലിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി അതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകളെടുത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയത്. ഫിസിക്കല്‍ ഫയല്‍ മന്ത്രിയുടെ പക്കലിരിക്കുന്നതിനാല്‍ പലര്‍ക്കും വിവരാവകാശ പ്രകാരം പകര്‍പ്പുകള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
അതിനിടെ മരംമുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സര്‍ക്കാറിനെ സമീപിച്ചത്.