“ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്, ഇന്ത്യയ്ക്കായി നിരവധി മെഡലുകൾ നേടുന്നതിലേക്കടക്കം,” മാന പട്ടേൽ പറഞ്ഞു
ഇന്ത്യയിൽ നിന്ന് ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ വനിതാ നീന്തൽ താരമെന്ന നേട്ടത്തിനുടമയായിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിനിയായ മാന പട്ടേൽ എന്ന 21 കാരി. ഒളിംപിക് യോഗ്യത നേടിയതിൽ താൻ വളരെ ആവേശ ഭരിതയാണെന്ന് മാന പട്ടേൽ പറഞ്ഞു. ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും അവർ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഞാൻ വളരെ ആവേശത്തിലാണ്. ഈ വർഷം ഒളിമ്പിക്സിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. എന്നാൽ ഇത് എനിക്ക് ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു … ഇന്ത്യയ്ക്കായി നിരവധി മെഡലുകൾ നേടുന്നതിലേക്കടക്കം പോകാൻ….” മാന പട്ടേൽ പറഞ്ഞു.
“കൊറോണ കാലഘട്ടം നമുക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ചും നീന്തൽക്കാരെ സംബന്ധിച്ച് കുളങ്ങൾ വളരെക്കാലം അടച്ചിരുന്നു. ഞങ്ങൾക്ക് പരിശീലനം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു,” അവർ പറഞ്ഞു.
“വീട്ടിൽ വ്യായാമം ചെയ്തും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചുകൊണ്ടും ഞാൻ എന്നെത്തന്നെ ആരോഗ്യവതിയാക്കി നിർത്തി, പുസ്തകങ്ങൾ വായിച്ച് നല്ല മനോഭാവം പുലർത്തി.”
Read More: ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക മേരി കോമും മൻപ്രീത് സിങ്ങും
“എനിക്ക് 13 വയസ്സുള്ളപ്പോൾ 150, 250 മീറ്റർ ബാക്ക്സ്ട്രോക്കിൽ എനിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച സമയത്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞു, അതിനുശേഷം തിരിഞ്ഞുനോക്കുന്നില്ല,” മാന പറഞ്ഞു.
ജൂലൈ 23 നാണ് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കുക. 2020ൽ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഒരുവർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നൂറിലധികം ഇന്ത്യൻ അത്ലറ്റുകളാണ് ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്.
56 ശതമാനം പുരുഷന്മാരും 44 ശതമാനം വനിതകളുമാണ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാവുക.
ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യനായ എംസി മേരി കോം പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് എന്നിവരാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായിരിക്കുക. 2018ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ബജ്രംഗ് പുനിയ ഓഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങിൽ പതാകവാഹകനാകും.
Web Title: Honoured and humbled to represent my country says maana patel indias first female swimmer at olympics