കൊച്ചി> പാര്‍പ്പിടമെന്ന പേരില്‍ ഒരു ബോക്സ് ഉണ്ടാക്കിയാല്‍പ്പോരാ, താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടത്തോട് വൈകാരികമായ അടുപ്പവും തോന്നണമെന്ന് ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്. പാര്‍പ്പിടത്തോട് തോന്നുന്ന വൈകാരികമായ അടുപ്പം സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ അതിനു വേണ്ടി ചെലവാക്കിയ പണവും നിര്‍മാണവസ്തുക്കളും സമയവുമെല്ലാം ദീര്‍ഘകാലം നിലനില്ക്കാതെ പാഴായിപ്പോകും. നമ്മുടെ ലക്ഷംവീട് പാര്‍പ്പിട പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരാജയപ്പെട്ടത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് ലോക പാർപ്പിട ദിനത്തിൽ സംഘടിപ്പിച്ച ബിയോണ്ട് ദി സ്ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു ടോണി ജോസഫ്.
ലോകത്തിലെ പല രാജ്യങ്ങളിലും നടപ്പാക്കുന്ന ശിക്ഷാരീതിയാണ് വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. വെള്ളനിറം മാത്രം പുശിയ ചുവരുകളുള്ള മുറിയില്‍ ആളുകളെ തടവിലിടുന്ന രീതിയാണത്. അത് അനുഭവിക്കുന്നവര്‍ മാനസികമായി തകര്‍ന്നുപോകും. മിനിമലിസം തുടങ്ങിയ എന്തെല്ലാം മാര്‍ദര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍പ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഇത്തരം അറിവുകള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 3ഡി പ്രിന്റിംഗ് ശൈശവദശയിലാണെങ്കിലും ഭാവിയില്‍ നിര്‍മാണസാമഗ്രികളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും നിര്‍മാണസമയം ലാഭിയ്ക്കാനും ബില്‍ഡിംഗ് രംഗത്തും അത് സഹായത്തിനെത്തുമെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
160 കോടി ആളുകളാണ് സുസ്ഥിരവും സുരക്ഷിതവുമായ പാര്‍പ്പിടങ്ങള്‍ക്കായി ലോകമെങ്ങും കാത്തിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ഇന്ത്യയില്‍ മാത്രം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് രണ്ടരക്കോടിയും താഴന്ന വരുമാനക്കാര്‍ക്ക് വേറൊരു മൂന്നു കോടിയും വീടുകളുടെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിടവിനെപ്പറ്റി ആലോചിക്കൂ, ആരെയും ഒരിടവും അവഗണിക്കാതിരിക്കൂ (മൈന്‍ഡ് ദി ഗ്യാപ്, ലീവ് നോ വണ്‍ ആന്‍ഡ് നോ പ്ലേസ് ബിഹൈന്‍ഡ്) എന്ന ലോകപാര്‍പ്പിട ദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണെന്നും അദ്ദഹം പറഞ്ഞു.
എല്ലാ വര്‍ഷവും ലോകപരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലാണ് അസറ്റ് ഹോംസ് ബിയോണ്ട് ദി സ്ക്വയര്‍ ഫീറ്റ് സംഭാഷണപരമ്പര സംഘടിപ്പിച്ചു വരുന്നത്. ലോകപാര്‍പ്പിടദിനത്തില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് ദി സ്ക്വയര്‍ ഫീറ്റ് പ്രഭാഷണപരിപാടിയില്‍ ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് സംസാരിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..