ചില ചായകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചിന്താശേഷി വര്‍ധിപ്പിക്കാനും, കൊഴുപ്പ് കുറയ്ക്കാനും, ക്യാന്‍സറിന് എതിരെയും ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷണം നല്കാന് സഹായിക്കുന്നുണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ ശരീരത്തിലെ കൊഴുപ്പ് ആഗിരണം ചെയ്യുന്നതിനെ തടയുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന 5 തരം ചായകള്‍ ഇതാ:
ഗ്രീന്‍ ടീ (Green tea)
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ചായയാണ് ഗ്രീന്‍. ശരീരത്തിന് ആവശ്യമായ അവശ്യ പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ഫ്ളേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങള്‍ നമുക്ക് നല്കുന്നു. ക്യാറ്റെചിന് (Catechin) വളരെയധികം അടങ്ങിയിരിക്കുന്ന ഈ ചായ ഫിറ്റ്നെസ് പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന് തന്നെ പറയാം. കാരണം ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും അഡിപ്പോസ് ടിഷ്യൂകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് കൊഴുപ്പ് കോശങ്ങളില്‍ നിന്ന് കൊഴുപ്പ് പുറന്തള്ളുന്നതിന് കാരണമാകുന്നു.
അശ്വഗന്ധ ചായ (Ashwagandha tea)
അശ്വഗന്ധ എന്ന് പേര് എല്ലാവര്ക്കും വളരെ സുപരിചിതമാണ്. നിരവധി ആരോഗ്യഗുങ്ങളുള്ള പുരാതന ഔഷധ സസ്യമാണ് അശ്വഗന്ധ. മാസികാരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അശ്വഗന്ധ ചായ വളരെയധികം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഉറക്ക പ്രശ്നങ്ങളുമായി മല്ലിടുന്ന ആളുകള്‍ക്ക് രാത്രിയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കാനും ഈ ചായ സഹായിക്കുന്നു.
വെറ്റ് ടീ (white tea)
വെള്ള ചായ അഥവ വൈറ്റ് ടീ എന്നത് വളരെയധികം ഗുണങ്ങളുള്ള ചായയാണ്. തേയില നാമ്പുകള്‍ വിടരും മുന്‍പ് അതിലെ വെള്ള നാരുകള്‍ ഉള്ളപ്പോള്‍ തന്നെ നുള്ളി നേരിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് വൈറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. രാസപ്രക്രിയയിലൂടെ തേയിലയുടെ കടുപ്പ് കൂട്ടാറില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ചായപ്പൊടി, ഗ്രീന്‍ ടീ എന്നിവയെ അപേക്ഷിച്ച് ഇതിലടങ്ങിയിരിക്കുന്ന കഫീനും കുറവാണ്. പുതിയ കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നത് തടയുക മാത്രമല്ല, ഊര്‍ജ്ജം നല്‍കാനും ഈ ചായ സഹായിക്കും. പ്രായമാകുന്ന പ്രിക്രിയയെ മന്ദഗതിയിലാക്കാനും ഈ ചായ പലപ്പോഴും സഹായിക്കാറുണ്ട്.
മധുരമില്ലാത്ത ഗ്രീന്‍ ടീ കുടിക്കുമ്പോഴുള്ള ചവര്‍പ്പും കയ്പുമൊന്നും വൈറ്റ് ടീക്ക് ഇല്ല. നേരിയ മധുരത്തോടു കൂടിയ ഇളം രുചിയാണ്. കാന്‍സര്‍, ബിപി, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം എന്നിവയുള്ളവര്‍ക്ക് പ്രയോജനകരം. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി ഡീടോക്സിഫിക്കേഷന് നടത്തുന്നതിനും കഴിവുള്ളതായാണ് കണ്ടെത്തല്‍.
ബ്ലാക്ക് ടീ (Black tea)
മലയാളികള്‍ക്ക് ഏറെ സുപരചിതിമാണ് ബ്ലാക്ക് ടീ അല്ലെങ്കില്‍ കടും ചായ. പാല് ഒഴിക്കാതെ തേയില മാത്രമിട്ടാണ് ഇത് തയ്യാറാക്കുന്നത്. ഇറ്റാലിയന്‍ ഗവേഷകര്‍ പറയുന്നതനുസരിച്ച്, ദിവസവും ഒരു കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ഹൃദയാരോഗ്യം മികച്ചതാക്കുന്നു. കൂടാതെ രക്തയോട്ടം വര്‍ധിപ്പിച്ച് രക്തക്കുഴലുകളുടെ വികാസവും മെച്ചപ്പെടുത്തുന്നു. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അതില്‍ പാല് ചേര്‍ക്കുന്നത് ഈ ഗുണങ്ങളെ പ്രതിരോധിക്കും.