2018ൽ മദ്യപിച്ച് വാഹനമോടിച്ചതിൻ്റെ പേരിൽ ജോമോനെതിരെ കേസുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് ബസ് അമിത വേഗതയിലായിരുന്നു എന്നാണ് രക്ഷപെട്ട യാത്രക്കാരുടെയും പോലീസിൻ്റെയും വാദം. എന്നാൽ സാരമായ പരിക്കുകളില്ലാതിരുന്ന ഡ്രൈവർ ജോമോൻ പത്രോസ് താൻ ടൂർ ഓപ്പറേറ്റർ ആണെന്നായിരുന്നു മാധ്യമങ്ങളോട് അടക്കം പരിചയപ്പെടുത്തിയത്. ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായിലെന്നുമായിരുന്നു വാദം. തുടർന്ന് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെടുന്നതിൻ്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.
Also Read: സർ മകൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?, അമ്മയുടെ ചോദ്യം; എന്ത് പറയണമെന്ന് അറിയാതെ മന്ത്രി
എന്നാൽ സുഹൃത്തുക്കളുടെ സഹായത്തോടെ വടക്കഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കാറിൽ രക്ഷപെടുന്നതിനിടെ കൊല്ലം ചവറയിൽ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാൾ കീഴടങ്ങിയതാണെന്ന ചില മാധ്യമവാർത്തകൾ പോലീസ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ അപകടം നടന്ന് ഏറെ വൈകി മാത്രം പിടിയിലായ ജോമോൻ അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്തുക അസാധ്യമായി. അപകടസമയത്ത് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോടും താനാണ് ഡ്രൈവർ എന്ന കാര്യം ജോമോൻ മറച്ചു വെച്ചിരുന്നു. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും ചെറിയ പരിക്ക് മാത്രമാണുള്ളതെന്നു പറഞ്ഞ് ജോമോൻ ഒഴിഞ്ഞു മാറുകയായിരുന്നു.
ബുധനാഴ്ച രാത്രി 11.30ഓടു കൂടിയായിരുന്നു അപകടം നടന്നത്. ഒരു മണി വരെ സ്ഥലത്തുണ്ടായിരുന്ന ജോമോൻ വടക്കഞ്ചേരി സിഐ അടക്കം ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ പോകാൻ തയ്യാറായിരുന്നില്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയ ശേഷം പോകാമെന്നായിരുന്നു ജോമോൻ പറഞ്ഞതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ പരിക്ക് സ്വന്തം നിലയിൽ കൈകാര്യം ചെയ്തുകൊള്ളാമെന്നു പറഞ്ഞ് ജോമോൻ സ്ഥലത്തു നിന്നു രക്ഷപെടുകയായിരുന്നു എന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പിന്നീട് അധ്യാപകൻ എന്ന പേരിൽ ആശുപത്രിയിൽ ചികിത്സ തേടിയ ജോമോൻ താനാണ് വാഹനോടിച്ചതെന്ന് ഡോക്ടറോടു സമ്മതിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനു ശേഷം എറണാകുളത്തു നിന്നെത്തിയ ബസ് ഉടമകൾ ജോമോനുമായി പോകുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: ‘ഉറങ്ങിപ്പോയതല്ല അപകടകാരണം, ഞാൻ പുറത്തേക്ക് തെറിച്ച് വീണു’; വെളിപ്പെടുത്തലുമായി ഡ്രൈവർ ജോമോൻ
അതേസമയം, അപകടമുണ്ടായത് എങ്ങനെയെന്നതു സംബന്ധിച്ച് ഡ്രൈവറും ദൃക്സാക്ഷികളും നൽകുന്ന വിവരണങ്ങളിലും പൊരുത്തക്കേടുകളുണ്ട്. ടൂറിസ്റ്റ് ബസ് കാറിനെ ഓവർടേക്ക് ചെയ്തപ്പോൾ കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ബസ് അമിത വേഗതയിലായിരുന്നില്ലെന്നും കെഎസ്ആർടിസി ബസ് പെട്ടെന്നു നിർത്തിയതാണ് അപകടമുണ്ടാകാൻ കാരണമെന്നുമായിരുന്നു ഡ്രൈവർ ജോമോൻ പിന്നീട് വിശദീകരിച്ചത്. എന്നാൽ അപകടത്തിനു തൊട്ടുമുൻപ് ബസ് ഒരിടത്തും നിർത്തിയിരുന്നില്ല എന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവറും യാത്രക്കാരും പറയുന്നത്. അതേസമയം, ഈ ബസും ആവർത്തിച്ച് വേഗപരിധി ലംഘിച്ചതിന് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
നിയമം ലംഘിച്ച് ഇനി ആരും നിരത്തിലിറങ്ങണ്ട