ലണ്ടൻ > മലയാളി പ്രവാസി സംഗമത്തിന് ലണ്ടൻ ഒരുങ്ങി. ലോകകേരളസഭ യുകെ – യൂറോപ്പ് മേഖലാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 9 ഞായറാഴ്ച വൈകീട്ട് നടക്കുന്ന മലയാളി പ്രവാസിസംഗമത്തിൽ മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പ്രവാസിസമൂഹവൂമായി സംവദിക്കും.
സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നോർക്ക പ്രതിനിധികളുടെ മേൽനോട്ടത്തിൽ പൂർത്തിയായി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ തൊഴിൽമേഖലകളെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും പ്രവാസികൾക്ക് ചെയ്യാനുള്ള സംഭാവനകളെക്കുറിച്ചു ചർച്ച ചെയ്യും.
യുകെയിൽ നടക്കുന്ന ലോക കേരള സഭ റീജിയണൽ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും വിദ്യാർഥികളും കേരളത്തിൽ നിന്നും എത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജീവിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സ് ആയിട്ടുള്ള മലയാളികളുടെയും പുതുതായി യുകെയിലേക്ക് കടന്നുവരുന്ന മലയാളികൾക്കും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ചുള്ള ചർച്ചകളും ലോക കേരള സഭ സമ്മേളനത്തിൽ നടക്കും.
വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. പ്രവാസി പൊതുസമ്മേളനത്തോടനുബന്ധിച്ച് യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുക്കുന്ന ‘കേളീരവം’ എന്ന പേരിൽ കലാപാരിപാടികളും അരങ്ങേറും. പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവർക്ക് സൗജന്യ കാർപാർക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് (Tudor Park, Felthom, London. TW13 7EF).
സമ്മേളനപരിപാടികൾ ഒരു ചരിത്രസംഭവമാക്കുവാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് സംഘാടകസമിതി ക്കുവേണ്ടി ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..