കോട്ടയം: കെ.എം.മാണി അഴിമതിക്കാരനാണെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ചത് നാക്കുപിഴയാണെന്ന രീതിയില്‍ വിഷയം ലഘൂകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കെ.എം.മാണി അഴിമതിക്കാരനാണെന്ന കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം അല്പ സമയത്തിനകം ആരംഭിക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പ്പടെയുളള കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാക്കള്‍ യോഗത്തിനായി എത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം മാത്രമേ കെ.എം.മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തില്‍ കൃത്യമായ നിലപാട് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുകയുളളൂ.
ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിനോടും മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ക്ഷുഭിതനായി. ഒടുവില്‍ ‘പാര്‍ട്ടി യോഗം ചേര്‍ന്നതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും. ചെയര്മാന് പറഞ്ഞിതനപ്പുറത്തോട്ട് എനിക്ക് ഒന്നും പറയാനില്ല’ എന്നുപറഞ്ഞ് അദ്ദേഹം യോഗസ്ഥലത്തേക്ക് കയറിപ്പോവുകയാണ് ഉണ്ടായത്.
ഇക്കാര്യത്തില്‍ ഒരു പരസ്യപ്രതികരണത്തിന് പോയാല്‍ അത് സിപിഎമ്മുമായി അതൃപ്തിക്കിടയാക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം സ്റ്റീഫന്‍ ജോര്‍ജ് ഇക്കാര്യം സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പരാമര്‍ശത്തിലുളള പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാര്‍കോഴ കേസില്‍ കെ.എം.മാണിയെ കുടുക്കിയത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന രീതിയില്‍ ഇതിനെ പ്രതിരോധിക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. രമേശ് ചെന്നിത്തലയാണ് കെ.എം.മാണിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത്. മാണിക്കെതിരേ കോണ്‍ഗ്രസ് തീര്‍ത്ത കുരുക്ക് പ്രതിപക്ഷം ഉപയോഗിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാണിക്കെതിരേ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. അതിനാല്‍ ഇടത് കെ.എം.മാണിയെ ദ്രോഹിച്ചിട്ടില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിനുളളത്.