ചിലപ്പോഴെങ്കിലും കൗമാര പ്രായത്തില്‍ എത്തുമ്പോള്‍ മക്കളുമായുള്ള വഴക്കുകള്‍ വലിയ വാഗ്വാദത്തിലോ
ആക്രോശത്തിലോക്കെ എത്താറുണ്ട്. ഇത്തരത്തില്‍ വഴക്കുണ്ടാക്കുന്നത് പലപ്പോഴും മാതാപിതാക്കള്‍ക്ക് ഏറെ വിഷമമുണ്ടാക്കും. നിങ്ങളുടെ മക്കളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
കുട്ടിയുടെ വ്യക്തിത്വത്തെ അവഗണിക്കരുത്
ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കുക എന്നതാണ്. കുട്ടി വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ഫലപ്രദമായ വഴികാട്ടിയാകുകയും പരിലാളനും നല്‍കാനും ഇത് വളരെയധികം സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതത്തിലുടനീളം നിലനില്‍ക്കുന്ന ഒരു പ്രത്യേക വ്യക്തിത്വ സ്വഭാവമുണ്ടെന്ന് ഓര്‍മ്മിക്കുക.
ഇനി എങ്കിലും ഒന്ന് വളര്‍ന്ന് കൂടെ എന്ന് ചോദിക്കരുത്
പലപ്പോഴും ദേഷ്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയുന്ന സ്ഥിരം വാചകമാണ് ഇനിയെങ്കിലും നിനക്കൊന്ന് വളര്‍ന്നു കൂടെ എന്നുള്ളത്. ചിലപ്പോഴൊക്കെ വികാരങ്ങള്‍ മനസിലാക്കാന്‍ വളരെ പ്രയാസമായിരിക്കും. നിങ്ങളുടെ കുട്ടിയുടെ ശരീരഭാഷ ശ്രദ്ധിക്കണം. അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം, അവര്‍ക്ക് എന്താണ് തോന്നുന്നത് എന്ന് മനസിലാക്കാന്‍ അവരുടെ പെരുമാറ്റം നിരീക്ഷിക്കണം. അവരുടെ മനസില്‍ എന്താണ് തോന്നുന്നത് അല്ലെങ്കില്‍ അവര്‍ക്ക് എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്ന് മനസിലാക്കുന്നത് അവരുടെ വികാരങ്ങളെ നന്നായി തിരിച്ചറിയാനും പ്രകടിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. അവരുടെ വിഷമങ്ങളെയും വികാരങ്ങളെയും സ്വീകരിക്കാന്‍ ശ്രമിക്കണം.
സംവാദം വര്‍ധിപ്പിക്കരുത്
പലപ്പോഴും കൗമാരക്കാരയ മക്കളുടെ മോശം പെരുമാറ്റവും ധാര്‍ഷ്ട്യമുള്ള മനോഭാവവും കൈകാര്യം ചെയ്യുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെട്ട് പോകാറുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് വഷളാകുകയും നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുന്ന അവസ്ഥയിലാണ് എപ്പോഴും എത്തുന്നത്. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്‍പ് തര്‍ക്ക അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കുന്നത് വളരെ നിര്‍ണായകമാണ്. ഒരു കാര്യത്തില്‍ തുടങ്ങി പിന്നെ അവരുടെ പല പ്രവൃത്തികളെയും പരാമര്‍ശിച്ച് സംവാദം ദീര്‍ഘിപ്പിക്കുന്നത് ഒട്ടും അനുയോജ്യമല്ല.
മക്കളുടെ മാറ്റത്തില്‍ തളരരുത്
പെട്ടെന്നുണ്ടാകുന്ന മക്കളുടെ സ്വഭാവത്തിലെ മാറ്റങ്ങളില്‍ നിങ്ങള്‍ തളര്‍ന്ന് പോകാന്‍ പാടില്ല. അവരുടെ സ്വഭാവത്തിലെ ഈ മാറ്റം നിങ്ങളുടെ വളര്‍ത്തു ദോഷമാണെന്ന് ചിന്തിക്കാനും പാടില്ല. മക്കളുമായി നിങ്ങള്‍ വഴക്കിടുമ്പോള്‍ പോലും രണ്ട് പേരുടെയും ഉള്ളില്‍ എല്ലാം ശരിയാകുമെന്ന ഒരു പ്രതീക്ഷയുണ്ടാവും. നിങ്ങളുടെ ദേഷ്യ സ്വഭാവം മാറ്റാന്‍ തയാറാകുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്താല്‍ നിങ്ങളും കുട്ടികളും തമ്മിലുള്ള ബന്ധം കുറച്ച് കൂടി ഗണ്യമാക്കാന് കഴിയും.
കുട്ടികള്‍ തര്‍ക്കം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കരുത്
മാതാപിതാക്കളുമായുള്ള തര്‍ക്കം കുട്ടികള്‍ അവസാനിപ്പിച്ചോളും എന്ന് ചിന്തിക്കരുത്. നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന ചിന്താഗതിയും തെറ്റാണ്. വളരുതോറും അവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും വികസിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങളുടെ കുട്ടികളില്‍ മാറ്റങ്ങള്‍ കാണണമെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം മാറണം. ആശയവിനിമയത്തിനുള്ള ഒരു മികച്ച മാര്‍ഗം കണ്ടെത്താന്‍, നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. അത് സാധ്യമാക്കാന്‍ നിങ്ങള്‍ പരിശ്രമിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മുന്‍വിധികളില്ലാതെ കുട്ടിയുമായി അവരുടെ തലത്തിലേക്ക് എത്തി ബന്ധപ്പെടുക എന്നതാണ് ആദ്യപടി.