തിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിന്റെ അഴിമതിക്കെതിരായ സമരം തന്നെയാണ് അന്ന് നടന്നത്. അഴിമതിയില്‍ മുങ്ങിനില്ക്കുന്ന ഒരു സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. ആ സര്‍ക്കാരിനെതിരെ നടന്ന സമരമാണ് നിയമസഭയില്‍ നടന്നത്. സ്വാഭാവികമായും ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നും വിജയ രാഘവന് പറഞ്ഞു.
അന്ന് കെ.എം.മാണിക്കെതിരെ പ്രതിഷേധിച്ചിട്ടില്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ വിജയരാഘവന് യുഡിഎഫാണ് അഴിമതി കാണിച്ചതെന്ന് ആവര്‍ത്തിച്ചു.
കോടതിയില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. അവിടെ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ വന്ന കാര്യങ്ങളെ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണ്. അതില്‍ ദുരദ്ദേശമുണ്ട്.
എല്‍ഡിഎഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. മുന്നണിയില്‍ നല്ല രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സ്വാഭാവികമായി ആശയകുഴപ്പമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.മാണിക്കെതിരായ ആരോപണത്തില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ടെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു. കെ.എം.മാണിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
‘കെ.എം.മാണി കേരളത്തില്‍ ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അദ്ദേഹം അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍കോഴ വിഷയവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ കെ.എം.മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ല എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ കുളിച്ച യുഡിഎഫിനെ തള്ളി പറഞ്ഞാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നത്’വിജയ രാഘവന് പറഞ്ഞു.
നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നത്. കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്നും എം.എല്‍.എ.മാര്‍ വിചാരണ നേരിടണമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.