മെൽബൺ> ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകർ. ഒമാൻ സുൽത്താൻ ഖാബൂസ് വിവിധ ഇന്ത്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്താനാണ് ഒമാനിലെ ഇന്ത്യൻ എംബസി, ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചിത്രകാരനും മലയാളിയുമായ സേതുനാഥിനോട് അഭ്യർത്ഥിച്ചത്.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് മസ്കറ്റിൽ സോളോ ചിത്രപ്രദർശനം നടക്കുന്ന അവസരത്തിൽ അന്നത്തെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന ഇന്ദ്രമണി പാണ്ഡേയിയുടെ അഭ്യർത്ഥന പ്രകാരം സേതുനാഥ് കുറച്ചു ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അതിന്റെ തുടർച്ചയായി അംബാസിഡറായ അമിത് നാരഗിന്റെ അഭ്യർത്ഥന പ്രകാരം രണ്ട് ചിത്രങ്ങൾ കൂടി വരച്ചു. എല്ലാ ചിത്രങ്ങളും ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രധാന അതിഥി ഹാളിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് നടന്ന ചിത്രങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സേതുനാഥ് പ്രത്യേകം ക്ഷണിക്കപെടുകയും ചെയ്തു.
ഇന്ത്യൻ അംബാസ്സിഡർ അമിത് നാരഗിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ ഖിംജി രാംദാസ് അടക്കം ഒമാനിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇത്തരം ഒരു ചിത്ര പരമ്പര ചെയ്യാനും അതിന്റെ ഉദ്ഘാടന വേളയിലും തന്നെ ക്ഷണിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സേതുനാഥ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..