ഫുജൈറ> യു എ ഇ കിഴക്കൻ പ്രവിശ്യയിൽ മലയാണ്മയുടെ വിരുന്നൊരുക്കിയ ഫുജൈറ മലയാള മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. ഐ എസ് ഇ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹാ സംഗമം ഡോ. എം പി അബ്ദുസമദ് സമദാനി എം പി ഉൽഘടനം ചെയ്തു. മലയാളം മിഷൻ ചെയർമാൻ ഡോ. പുത്തൂർ റഹ്മാന്റെ അധ്യക്ഷനായി. അറബ് നാട്ടിൽ മലയാളികൾ തീർത്ത മഹാവിസ്മയമാണ് മലയാള മഹോത്സവമെന്ന് സമദാനി അഭിപ്രായപ്പെട്ടു. “ഭാഷ പാരസ്പര്യത്തിന്റെ കണ്ണിയാണ്, അന്യ ഭാഷകളിലേക്ക് പര്യവേഷണം ചെയ്തിറങ്ങാൻ മാതൃഭാഷ പരിജ്ഞാനം അത്യാവശ്യമാണ്. വിവിധ സംസ്കാരങ്ങൾ പോലെ തന്നെ ഒരു ഭാഷയും ഏക ശിലാത്മകമല്ലെന്നും പരസ്പരം തോളോട് തോൾ ചേർന്നല്ലാതെ ഭാഷകൾക്ക് നിലകൊള്ളാനാവില്ലെന്നും “അദ്ദേഹം പറഞ്ഞു.
കേരള മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാകട മുഖ്യാതിഥിയായിരുന്നു. ‘ബാഗ്ദാദ്’ എന്ന തന്റെ കവിത അദ്ദേഹം ആലപിച്ചു. മലയാള ഭാഷ പഠനോത്സവത്തിൽ വിജയികളായ അൻപതോളം വിദ്യാർത്ഥികൾക്കും കാർമികത്വം വഹിച്ച അദ്ധ്യാപകർക്കും സർഗ്ഗമാമാങ്കത്തിൽ പങ്കെടുത്തവർക്കും ഡോ. എം പി അബ്ദുസമദ് സമദാനി എം പിയും മുരുകൻ കാട്ടാക്കടയും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സഞ്ജീവ് മേനോൻ അവതാരകനായിരുന്നു.
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണനു വേണ്ടി ഫുജൈറ മലയാളം മിഷൻ മേഖല പ്രസിഡന്റ് സന്തോഷ് ഓമല്ലൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജശേഖരൻ വല്ലത്ത് ആമുഖ ഭാഷണം നിർവഹിച്ചു. മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ഐ എസ് സി ജനറൽ സെക്രട്ടറി സന്തോഷ് കെ മത്തായി, ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽ കാദർ, പ്രസിഡന്റ് ലെനിൻ കൽബ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, കോർഫക്കാൻ ഐ എസ് സി വൈസ് പ്രസിഡന്റ് മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. മലയാള മഹോത്സവം ജനറൽ കൺവീനർ സൈമൺ സാമുവൽ സ്വാഗതവും ഷൈജു രാജൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..