അബുദാബി > മലയാളം മിഷൻ പ്രവർത്തനങ്ങൾ സ്കൂളുകളിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന മലയാളം ക്ലബ്ബ് അബുദാബി മോഡൽ സ്കൂളിൽ രൂപീകരിച്ചു. സ്കൂളുകളിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ് എന്നും ഭാഷയും സംസ്കാരവും പുതു തലമുറയിലേക്ക് പകർന്ന് നൽകുവാൻ വേണ്ടി മലയാളം മിഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകും എന്നും അബുദാബി മോഡൽ സ്കൂൾ അധികാരികൾ അറിയിച്ചു.
കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട അബുദാബി മോഡൽ സ്കൂളിൽ മലയാളം മിഷൻ ക്ലബ് ഉദ്ഘാടനം നിർവഹിച്ചു . അബുദാബിയിൽ കേരള സിലബസ് പിന്തുടരുന്ന ഏക വിദ്യാലയമായ മോഡൽ സ്കൂളിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകി വരുന്ന പ്രോത്സാഹനത്തിനെ കവി പ്രശംസിച്ചു . മലയാളം മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ചും , മാതൃ ഭാഷാ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം അധ്യാപകരോടും കുട്ടികളോടും സംവദിച്ചു . കവിതകളും ഗാനങ്ങളുമായി കുട്ടികളും അധ്യാപകരും ഒത്തുള്ള അവിസ്മരണീയ അനുഭവമായിരുന്നു ഈ സംഗമം. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഖാദർ വി.വി, മലയാളം മിഷൻ യു എ ഇ കോ ഓർഡിനേറ്റർ കെ. എൽ. ഗോപി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റും, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റുമായ വി. പി കൃഷ്ണകുമാർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ എ എം.ശരീഫ്, മലയാളം മിഷൻ അബുദാബി കൺവീനർ ബിജിത്ത്, മോഡൽ സ്കൂൾ സ്റ്റുഡന്റ് അഫയേർസ് മാനേജർ ഐ .ജെ. നസാരി , ഹെഡ് ഓഫ് ദി സെക്ഷൻ അബ്ദുൽ റഷീദ് കെ. വി .എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..