റിയാദ് > താമസസ്ഥലത്ത് വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ രണ്ടു മാസത്തെ പരിചരണത്തിനു ശേഷം നാട്ടിലെത്തിച്ചു. നാലു മാസങ്ങൾക്ക് മുൻപാണ് ജിനീഷ് ഹൗസ് ഡ്രൈവർ ജോലിക്കായി എക്സിറ്റിൽ എത്തിയത്. സ്പോൺസർ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോൽ അകത്തുവെച്ചു മറക്കുകയും, ഡ്രൈവറായ ജിനീഷിനോട് രണ്ടാൾ പൊക്കമുള്ള മതിൽ ചാടിക്കടന്ന് താക്കോൽ എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മതിലിൽ കയറിയ ജിനീഷ് കാൽവഴുതി താഴെ വീണ് എല്ലിന് പൊട്ടൽ സംഭവിച്ചു.
കാലിന് ശസ്ത്രക്രിയവേണ്ടിവന്നു. തനിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ വഴി കേളി ബദിയ ഏരിയ പ്രവർത്തകരെ വിവരമറിയിക്കുകയും ജിനീഷിന്റെ സംരക്ഷണ ചുമതല കേളി പ്രവർത്തകർ ഏറ്റെടുക്കുകയുമായിരുന്നു. ജിനീഷിന് വേണ്ട പരിചരണവും താമസ സൗകര്യവും ഒരുക്കുകയും സ്പോണ്സറുമായി ബന്ധപ്പെട്ട് നാട്ടിൽ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്പോൺസറൂടെ കൈവശമുണ്ടായിരുന്ന ജിനീഷിന്റെ പാസ്പോർട്ടിൽ സ്പോൺസറുടെ മകൻ പേന കൊണ്ട് വരഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിൽ ആയിരുന്നു.
പിന്നീട് പുതിയ പാസ്സ്പോർട്ടും അനുബന്ധ രേഖകളും ശരിയാക്കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഈ കാലയളവിൽ ജിനീഷിന്റെ പരിചരണം പൂർണ്ണമായും ബദിയയിലെ കേളി പ്രവർത്തകർ ഏറ്റെടുത്തു. ലീവിൽ നാട്ടിൽ വിടാമെന്നേറ്റ സ്പോണ്സർ ഒടുവിൽ എക്സിറ്റ് അടിച്ചു നൽകുകയായിരുന്നു. തുടർന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ നാട്ടിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..