ഒരു കാലത്തെ അടുക്കയിലെ താരം
വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ കറികളിലെല്ലാം കല്ലുപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് കാണാം. ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ തന്നെ കല്ലുപ്പിട്ട കറിയും പൊടിയുപ്പ് ഇട്ട കറിയും ഒന്ന് രുചിച്ച് നോക്കിനോക്കൂ! ഇവയുടെ രുചി വൈവിധ്യം മനസ്സിലാക്കണമെങ്കില്‍ ഇവ രുചിച്ച് നോക്കുക തന്നെ വേണം. കല്ലുപ്പിട്ട് പാചകം ചെയ്ത കറിയായിരിക്കും രുചിയില്‍ മുന്പില് നില്‍ക്കുന്നുണ്ടാകുക. അത് ചമ്മന്തി അരക്കാന്‍ ആയാലും മീന്‍ കറിയിലായാലും കല്ലുപ്പ് നല്കുന്ന രുചി മറ്റൊന്നിനും നല്കാന് സാധിക്കുകയില്ല.
മീന്‍ നന്നാക്കാന്‍ മുതല്‍ കറിയ്ക്കുവരെ ഇവന് വേണം
നല്ല ഒന്നാന്തരം മത്തി വാങ്ങി നന്നാക്കുന്നതിന് മുന്‍പ് അതില്‍ മഞ്ഞളും കല്ലുപ്പും ഇട്ട് വെള്ളം ഒഴിച്ച് വെക്കും മീനിലെ അഴുക്കെല്ലാം നല്ല വൃത്തിയില്‍ കളഞ്ഞെടുക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. മീന്‍ നന്നാക്കി കഴിഞ്ഞാലും ഉപ്പും മഞ്ഞളും ഇട്ട് തിരുമ്മി വയ്ക്കും. മീന്‍ കേടാകാതിരിക്കാനും ഇതിന് നല്ല രുചിയ്ക്കും ഇത് സഹായിക്കുന്നുണ്ട്.
നല്ല പുഴമീന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ അതിന്റെ ഉളുമ്പ് മണം മാറ്റിയെടുക്കാനും ഈ പാവം കല്ലുപ്പ് തന്നെ വേണമായിരുന്നു ഒരു കാലത്ത്. എന്നാല്‍, പൊടിയുപ്പ് വന്നതോടെ കല്ലുപ്പ് ഓര്‍മ്മയായിക്കൊണ്ടിരിക്കുന്നു. പണ്ട് അച്ചാര്‍ ഇടാന്‍, നല്ല വാളന്‍ പുളി കുത്തി കേടാകാതിരിക്കാന്‍ കല്ലുപ്പും ചേര്‍ത്തിരുന്നു, അതുപോലെ, ഉപ്പിലിടാന്‍, ഇറച്ചി കറി വയ്ക്കുമ്പോള്‍, നല്ല ചമ്മന്തി അരച്ചെടുക്കാനെല്ലാം കല്ലുപ്പ് വളരെ കാര്യമായി തന്നെ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇന്ന് കല്ലുപ്പിന് പകരം പൊടിയുപ്പ് സ്ഥാനം കൈപറ്റി മുന്നേറുകയാണ്.
ആരോഗ്യത്തിന് ഉത്തമം
ഉപ്പ് വെള്ളം കവിള് കൊള്ളാന്‍ എല്ലാം ഇന്ന് പൊടിയുപ്പാണ് എടുക്കുന്നത്. എന്നാല്‍, പൊടിയുപ്പിനേക്കാള്‍ നല്ല ഫലപ്രദമായിരിക്കുന്നത് കല്ലുപ്പാണ്. അതുപോലെ, നമ്മള് നല്ല പുറം വേദന, അല്ലെങ്കില്‍ യാത്ര ചെയ്തെല്ലാം ക്ഷീണിച്ച് വന്നാല്‍ ചൂടുവെള്ളത്തില്‍ കുറച്ച് കല്ലുപ്പ് ഇട്ട് ആ വെള്ളം കൊണ്ട് കുളിച്ച് നോക്കൂ. ക്ഷീണമെല്ലാം പമ്പ കടക്കും. അതുപോലെ, പണ്ടുകാലത്ത് ചെവിയില്‍ പ്രാണി പോയാല്‍ കല്ലുപ്പ് നന്നായി വെള്ളത്തില്‍ കുറുക്കി അത് ചെവിയില്‍ ഒഴിക്കുമായിരുന്നു.
അധികം പ്രോസസ്സിംഗ് നടക്കാതെ എത്തുന്ന കല്ലുപ്പില്‍ സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ തന്നെ കറികളിലെല്ലാം തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. സോഡിയം ഒരു പരിധിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് ഒട്ടും നല്ലതല്ലാത്ത കാര്യമാണ്. കൂടാതെ, രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് ചൂടുവെള്ളത്തില്‍ കല്ലുപ്പ് ഇട്ട് വായ കഴുകി നോക്കൂ. ഇത് വായയിലെ അണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ആവി പിടിക്കാന്‍ വയ്ക്കുന്ന വെള്ളത്തില്‍ കല്ലുപ്പ് ഇട്ട് നോക്കൂ. കഫമെല്ലാം പുറത്തേയ്ക്ക് കളയാന്‍ ഏറ്റവും നല്ലതാണ് കല്ലുപ്പ്. കൂടാതെ, ഇതില്‍ ധാരാളം മിനറല്‍സ് അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ നമ്മളുടെ ആരോഗ്യത്തിനെ സഹായിക്കുന്ന ഘടകങ്ങളാണ്.
വീട് വൃത്തിയാക്കാനും കല്ലുപ്പ് മതി
ഇന്ന് വീട് വൃത്തിയാക്കാന്‍ ലോഷന്‍ വാങ്ങി തുടക്കാനുള്ള വെള്ളത്തില്‍ കലക്കി തുടയ്ക്കും. എന്നാല്‍ ഇതിന് പകരം, കല്ലുപ്പ് എടുത്ത് ഈ വെള്ളത്തില്‍ ചേര്‍ത്ത് വീട് തുടച്ച് നോക്കൂ. അണുക്കളെല്ലാം പോയി വീട് കൂടുതല്‍ വൃത്തിയാകുന്നത് കാണാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ, വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും കല്ലുപ്പ് ഇട്ട് വീടിന്റെ മൂലയില്‍ വയ്ക്കുന്നതുമെല്ലാം നമ്മള് കണ്ടിട്ടുണ്ടാകും.