വിജയികള്‍ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും
Copa America 2021: ലയണല്‍ മെസി, ഇത്തവണ കോപ്പ അമേരിക്കയില്‍ ഗോളടിച്ചും, അടിപ്പിച്ചും ഇത്രത്തോളം തിളങ്ങിയ മറ്റൊരു താരം ഇല്ല എന്ന് തന്നെ പറയാം. മെസിയുടെ തോളിലേറിയാകും അര്‍ജന്റീന സെമി ഫൈനലില്‍ കൊളംബിയയെ നേരിടാന്‍ ഇറങ്ങുന്നത്.
ബാഴ്സലോണയില്‍ കളിക്കുമ്പോള്‍ മെസിക്കുള്ള ഒഴുക്കാണ് ഇത്തവണ കോപ്പയില്‍ പ്രകടമാകുന്നത്. അര്‍ജന്റീനന്‍ കുപ്പായത്തിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്.
ഇക്വഡോറിനെ ക്വാര്‍ട്ടറില്‍ മൂന്ന് ഗോളിന് അര്‍ജന്റീന കീഴടക്കിയപ്പോള്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് മെസിയുടെ ബുട്ടുകളായിരുന്നു. അവസാന നിമിഷത്തില്‍ മനോഹരമായ ഫ്രീ കിക്കിലൂടെ സ്കോറര്‍മാരുടെ പട്ടികയിലും താരം ഇടം പിടിച്ചു.
1993 ന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ അര്‍ജന്റീന കിരീടം ചൂടിയിട്ടില്ല. അര്‍ജന്റീനക്കൊപ്പം കിരീടമില്ല എന്ന് ദുഷ്പേര് മറികടക്കാന്‍ മെസി എന്ന ഇതിഹാസത്തിന് അവസരം ഒരുങ്ങുകയാണ്.
മറുവശത്ത് കൊളംബിയയുടെ അവസാന കിരീടം 2001 കോപ്പ അമേരിക്കയാണ്. ഗോളി ഒസ്പിനയാണ് ടീമിന്റെ കരുത്ത്. ഉറുഗ്വായിക്കെതിരെ ഷൂട്ടൗട്ടില്‍ രണ്ട് പെനാലിറ്റികളാണ് ഒസ്പിന തടഞ്ഞത്. താരത്തിന്റെ പ്രകടനമായിരുന്നു നിശ്ചിത സമയത്ത് ഉറുഗ്വായുടെ വിജയം തടഞ്ഞതും.
കൊളംബിയ ശക്തരായ എതിരാളികളാണ്. ഒരേ ആവശത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും അര്‍ജന്റീനന്‍ പരിശീലകന് ലയണല്‍ സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു. സ്കലോണിയുടെ കീഴില്‍ കഴിഞ്ഞ 18 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് അര്‍ജന്റീന.
“അര്‍ജന്റീന വളരെ പക്വതയാര്‍ന്ന ടീമാണ്. അവരെ മറികടക്കണമെങ്കില്‍ കൂടുതല്‍ പ്രയത്നിക്കണം. അവരുടെ സന്തുലിതയെ തകര്‍ക്കണം. മെസി മാത്രമല്ല, എതിര് ടീമിനെ പിന്നിലാക്കാന്‍ കഴിവുള്ള നിരവധി താരങ്ങള്‍ അര്‍ജന്റീനന്‍ നിരയിലുണ്ട്. ഞങ്ങളുടെ 200 ശതമാനവും കളത്തില്‍ കൊടുക്കും,” കൊളംബിയന്‍ താരം ക്വാഡ്രാഡോ പറഞ്ഞു.
Also Read: Copa America 2021: നെയ്മർ വഴിയൊരുക്കി; കാനറികൾ ഫൈനലിൽ