എഴുകോൺ(കൊല്ലം) : 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് എഴുകോൺ സർവീസ് സഹകരണബാങ്കിൽനിന്ന് സി.പി.എം. നെടുവത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ.അനിൽകുമാർ, അക്കൗണ്ടന്റ് ബി.ബൈജു, അറ്റൻഡർ ടി.പി.സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ളയുടെ മകനാണ് സുജിത്.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സ്ഥിരനിക്ഷേപക്കാരറിയാതെ അവരുടെ നിക്ഷേപത്തുകയിൽനിന്ന് വായ്പത്തട്ടിപ്പുൾപ്പെടെ നടത്തിയെന്നാണ് കണ്ടെത്തൽ.
2020 ഫെബ്രുവരിയിലാണ് ക്രമക്കേടെന്ന ആരോപണമുയർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അച്ചടക്കസമതിയെയും ബാങ്ക് നിയോഗിച്ചിരുന്നു. അന്വേഷണവിധേയമായി മാർച്ചിൽ ഇവരെ സസ്പെൻഡ് ചെയ്തു. നഷ്ടപ്പെട്ട തുക ആരോപിതരിൽനിന്ന് ഈടാക്കിയിരുന്നതിനാൽ ബാങ്കിന് സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ല. എന്നാലും അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുറത്താക്കൽ നടപടി. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ ബാങ്ക് പ്രസിഡന്റ് തയ്യാറായില്ല. സി.പി.എം. ഏരിയ കമ്മിറ്റിയും സംഭവത്തിൽ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് മൂന്നുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് അവസരമുണ്ട്.
Content Highlights:financial irregularities in ezhukon cooperative bank three employees dismissed