തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ്.ഐ. ക്രൂരമായി മര്‍ദ്ദിച്ച് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തെന്ന പരാതി ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത പോലീസുദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. തമ്പാനൂര്‍ എസ്.ഐയ്ക്കെതിരെ അന്വേഷണം നടത്താനാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂര്‍ സി.ഐ. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന് തള്ളി.
നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശി സിയാജിന്റെ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഏഴിനാണ് പരാതിക്കാരന് മര്‍ദ്ദനമേറ്റത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയാണ് സിയാജ് പരാതി സമര്‍പ്പിച്ചത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന് ഫോര്‍ട്ട് എ.സിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുറ്റാരോപിതന് തൊട്ടു മുകളിലുള്ള സി ഐ യാണ് അന്വേഷണം നടത്തിയത്. പരാതിക്കാരനെതിരെ മണ്ണ് കടത്തിന് നിരവധി കേസുകളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ കമ്മീഷന് പരിശോധിച്ചെങ്കിലും അവയിലൊന്നും പരാതിക്കാരനെതിരെ പിഴയടിച്ചതിന്റെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എസ്.ഐ. മര്‍ദ്ദിച്ചെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥന് നിഷേധിച്ചെങ്കിലും അങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് എങ്ങനെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എസ്.ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന് രേഖപ്പെടുത്തിയത്. പരാതിക്കാരനെയോ അദ്ദേഹത്തിന്റെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മീഷന് കണ്ടെത്തി. എസ്.ഐയുടെ മൊഴി മാത്രം ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സഹപ്രവര്‍ത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ശ്രമിച്ചതെന്ന് കമ്മീഷന് കണ്ടെത്തി.
അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി. ഫോര്‍ട്ട് പോലീസ് സബ് ഡിവിഷന്റെ പരിധിയില്‍ വരരുതെന്ന് ഉത്തരവില്‍ പറയുന്നു. എസ്.ഐ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മീഷന് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്കി.
സി.ഐ. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി സി.ഐയുടെ വീഴ്ചക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്കി.
ആവശ്യപ്പെട്ട തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാതെ ചുമതല കീഴുദ്യോഗസ്ഥനെ ഏല്‍പ്പിച്ച ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി പരിശോധിച്ച് ഇത്തരം കൃത്യവിലോപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വീകരിച്ച നടപടികള്‍ സംസ്ഥാന പോലീസ് മേധാവി ജൂലൈ മുപ്പതിനകം കമ്മീഷനെ അറിയിക്കണം. കേസ് ഓഗസ്റ്റ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.
content highlights: state human right commission directs enquiry against thampanoor si