ദീപാവലി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍
കേരളത്തിന് വിഷു എന്ന പോലെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ ഗംഭീരമായി ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് ദീപാവലി. കമ്പിത്തിരി, ലാത്തിരി, മത്താപ്പൂ, ആകാശത്ത് പൊട്ടിത്തിമിര്ക്കുന്ന അമിട്ട് എന്നിവയെല്ലാം ഈ ദീപാവലി ദിനങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഇത്തരത്തില്‍ കത്തിച്ചും പൊട്ടിച്ചും നമ്മള് ആഘോഷിക്കാന്‍ എടുക്കുന്ന ഈ പടക്കങ്ങളും കമ്പിത്തിരികളുമെല്ലാം അന്തരീക്ഷത്തില്‍ അമിതമായി പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍, സിങ്ക്, കോപ്പര്‍, സോഡിയം എന്നിവയെല്ലാം അന്തരീക്ഷത്തില്‍ കലരുകയാണ്. ഇത്തരത്തില്‍ അന്തരീക്ഷത്തിലേയ്ക്ക് എത്തുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ നമ്മളുടെ ശരീരത്തിലേയ്ക്കും എത്തുന്നു. ഇത് ശരീരത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് ശ്വാസകോശത്തില്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സ് രൂപപ്പെടുന്നതിന് കാരണമാകുന്നു.കൂടാതെ ഇവ നമ്മളുടെ രോഗപ്രതിരോധശേഷിയെ തച്ചുടച്ച് കളയുന്നതിനും കാരണമാകുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 48 ശതമാനം ആളുകളില്‍ കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങള്‍ കാണുന്നുണ്ട്. അതുപോലെ, 38 ശതമാനം ആളുകളില്‍ മൂക്കൊലിപ്പും കണ്ണുകള്‍ക്ക് ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നു. 27 ശതമാനം ആളുകളില്‍ ശ്വാസനസംബന്ധമായ പ്രശ്നങ്ങള്‍, അതുപോലെ, അഞ്ച് ശതമാനം ആളുകളില്‍ അലര്‍ജി, ചൊറിച്ചില്‍ എന്നിവയും രണ്ട് ശതമാനം ആളുകളില്‍ ശ്വാസംമുട്ട് എന്നീ ബുദ്ധിമുട്ടുകളും ദീപാവലിക്ക് ശേഷം കണ്ടുവരുന്നതായി പറയുന്നു.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാം
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നെഞ്ചിന് അനുഭവപ്പെടുന്ന ഭാരവും ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ചുമയും തൊണ്ടയിലെ കരകരപ്പും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കണ്ടുവരുന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിച്ച് ഈ സമയങ്ങളില്‍ പുറത്ത് ഇറങ്ങാവുന്നതാണ്. പ്രത്യേകിച്ച് എന്‍ 95 മാസ്ക്. ഇത് ഉപയോഗിക്കുന്നതിലൂടെ ഇതിന് 95 ശതമാനം അന്തരീക്ഷത്തിലെ വായുവിനെ ഫില്‍റ്റര്‍ ചെയ്തായിരിക്കും നിങ്ങളിലേയ്ക്ക് എത്തുന്നത്. അതിനാല്‍, ഇത് നിങ്ങള്‍ക്ക് നല്ലൊരു രക്ഷാകവചമായിരിക്കും. അതുപോലെ, ശ്വാസതടസ്സം നേരിടുന്നവര്‍ ഇന്‍ഹെയ്ലര്‍ കയ്യില്‍ കരുതുന്നതും നല്ലതാണ്.
തൊണ്ട, കണ്ണ്, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവര്‍ ഉള്ളവരും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള് ദീപാവലിക്ക് കത്തിക്കുന്ന ഓരോന്നിനും നല്ല വര്‍ണ്ണം നല്‍കുന്നതിനായി ഉപയോഗിക്കുന്നത് അലുമിനിയം ആന്റ് ആര്‍സെനിക് സള്‍ഫൈഡ് ആണ്. ഇത് ചില ആളുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കുട്ടികളുടെ ചര്‍മ്മത്തില്‍ ചുവന്ന പാടുകളും ചൊറിച്ചിലും പുകച്ചിലുമെല്ലാം അനുഭവിച്ചെന്നിരിക്കാം. ചിലര്‍ക്ക് തൊണ്ടയില്‍ കരകരപ്പും വേദനയും അനുഭവപ്പെടാം. അതിനാല്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ വേഗത്തില്‍ തന്നെ നല്ല വെള്ളത്തില്‍ കഴുകി കാലമൈന്‍ ലോഷന്‍ പുരട്ടേണ്ടതാണ്.
തലവേദനയും തലകറക്കവും അനുഭവപ്പെട്ടാല്‍: ചിലര്‍ക്ക് പടക്കത്തിന്റേയും മറ്റും ശബ്ദം അമിതമായി കേട്ടാല്‍ നല്ലപോലെ തലവേദന, തലകറക്കം എന്നിവയെല്ലാം അനുഭവപ്പെടാം. ഇത് കുറയ്ക്കുന്നതിനായി നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വേണമെങ്കില്‍ നാരങ്ങവെള്ളം , കരിക്കിന് വെള്ളം, സൂപ്പ് എന്നിവയെല്ലാം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് തന്നെ. നല്ലപോലെ തലവേദനയും തലകറക്കവും ഒപ്പം ഛര്‍ദ്ദിക്കാന്‍ വരലും അനുഭവപ്പെടുന്നുണ്ടേല് ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യം.
ഇതൊന്നുമല്ലാതെ ഈ സമയത്ത് പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അബദ്ധവശാല്‍ പൊള്ളല്‍ ഏറ്റാല്‍ അതും 4- 5 സെ.മീ നീളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന പൊള്ളലുകളാണെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. അല്ല, വളരെ ഗുരുതരമായ പരിക്ക്, മുഖത്തെ പൊള്ളല്‍, സ്വകാര്യഭാഗത്തെ പൊള്ളല്‍ എന്നിവയെല്ലാം തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. പൊള്ളല്‍ ഏറ്റ ഉടനെതന്നെ വെള്ളത്തിനയില് കാണിക്കുക. കുറഞ്ഞത് 15- 20 മിനിറ്റ് വരെ ഇത്തരത്തില്‍ ചെയ്യണം. ഒരിക്കലും പൊള്ളലേറ്റ ഭാഗത്ത് ഐസ് വെയ്ക്കാന്‍ പാടുള്ളതല്ല. നന്നായി കഴുകിയതിന് ശേഷം ആന്റിബയോട്ടിക് ഓയിന്റ്മെന്റ് പുരട്ടുന്നതാണ് നല്ലത്.
ഈ ദീപാവലിക്ക് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പടക്കം പൊട്ടിക്കുന്നതിനിടയിലെല്ലാം പൊള്ളല്‍ ഏറ്റാല്‍ പെട്ടെന്ന് തന്നെ പൊള്ളിയ ഭാഗത്ത് തളുത്ത വെള്ളം കൊണ്ട് കഴുകുക. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുക്കിയ തുണി പൊള്ളിയ ഭാഗത്ത് ഇടുക.
2. പടക്കം പൊട്ടിക്കുന്ന സമയത്തെല്ലാം ആഭരണങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണ്.
3. പൊള്ളല്‍ ഏറ്റ ഭാഗത്ത് എല്ലായ്പ്പോഴും ഉണങ്ങിയ വസ്ത്രം മാത്രം ഇടുക. അതുപോലെ, നന്നായി പെള്ളല്‍ ഏറ്റാല്‍ കമ്പിളി ഉപയോഗിച്ച് പൊതിഞ്ഞ് ആളെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
പൊള്ളല്‍ ഏറ്റ ഭാഗത്ത് അമിതമായി വെള്ളം നനയാതെ നോക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, പൊള്ളിയ ഭാഗത്ത് ഒട്ടിപിടിച്ചിരിക്കുന്ന വസ്ത്രം അപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. ബട്ടര്‍ ഓയിന്റ്മെന്റ് പുരട്ടാന്‍ പാടുള്ളതല്ല. പൊള്ളിയ ഭാഗത്ത് ഉണ്ാകുന്ന കുമിളകള്‍ യാതൊരു കാരണവശാലും കുത്തിപൊട്ടിക്കരുത്.