‘നിങ്ങൾക്ക് ഒന്നുമില്ലെങ്കിൽ, ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല’ എന്ന ഛെല്ലോ ഷോയുടെ ടാഗ് ലൈനിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ജോൺ എബ്രഹാം
ഛെല്ലോ ഷോ എന്ന ഗുജറാത്തി സിനിമയാണ് 95–-ാമത് ഓസ്കർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനായുള്ള ഇന്ത്യൻ എൻട്രി. ആർആർആർ അടക്കമുള്ള വമ്പൻ സിനിമകളെ പിൻതള്ളിയാണ് ഛെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തി സിനിമയ്ക്ക് ഇത്തരമൊരു അംഗീകാരം ആദ്യം . പാൻ നലിൻ സംവിധാനം ചെയ്ത ചിത്രം ഗുജറാത്തി ഗ്രാമത്തിലെ ഒമ്പത് വയസ്സുകാരന്റെ സിനിമാ പ്രേമവും തുടർന്ന് അയാൾ സിനിമാ പ്രവർത്തകനാകുന്നതുമാണ്. സംവിധായകന്റെ ജീവിതത്തോട് സാമ്യമുള്ള കഥ കൂടിയാണിത്. ന്യൂയോർക്കിലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു ആദ്യ പ്രദർശനം. വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സ്പൈക്ക് നേടി. സംവിധായകൻ പാൻ നലിൻ സംസാരിക്കുന്നു:
അവിസ്മരണീയമായ അംഗീകാരം
ഛെല്ലോ ഷോ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒസ്കറിൽ മത്സരിക്കുന്നു എന്നത് എനിക്കും എന്റെ ടീമിനുമുണ്ടാക്കിയ ആവേശം വാക്കുകൾക്കപ്പുറമാണ്. സിനിമയിൽ കാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി യുവാക്കളും മികച്ച പ്രതിഭകളും പ്രവർത്തിച്ചിട്ടുണ്ട്. അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അംഗീകാരമാണിത്. ഗുജറാത്തി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ ചരിത്രമുഹൂർത്തമാണ്.
ബോക്സോഫീസ് കണക്കല്ല പ്രധാനം
നമ്മുടെ നാട്ടിൽ എല്ലാത്തരം സിനിമകൾക്കും പ്രേക്ഷകരില്ല. അതിനാൽ തന്നെ ഛെല്ലോ ഷോ പോലെയുള്ള സിനിമകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിതരണമാണ്. സിനിമ 14ന് തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലെത്തി. എന്താണ് സിനിമയുടെ ഭാവിയെന്ന് നോക്കുകയാണ്. പ്രേക്ഷകർ എങ്ങനെ സിനിമയെ സ്വീകരിക്കും. ഒരു സിനിമ കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്, അല്ലാതെ 100 കോടിയുടെ ബോക്സോഫീസ് കണക്കുകളിൽ നാം കബളിപ്പിക്കപ്പെടാൻ പാടില്ല.
എന്റെ കുട്ടിക്കാല കഥ
കുട്ടിക്കാലത്തെ അനുഭവങ്ങളുടെ അംശമുള്ള സിനിമയാണ് ഛെല്ലോ ഷോ . ഗുജറാത്തിലെ കത്തിയവാഡ് എന്ന ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. എന്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ വയസ്സിലാണ് ആദ്യമായി സിനിമ കാണുന്നത്. അത് എന്റെ ജീവിതം കീഴ്മേൽ മറിച്ചു. ഇന്ത്യയിലുടനീളമുള്ള സിനിമാ തിയറ്ററുകൾ ഡിജിറ്റലായി മാറുന്ന കാലമായിരുന്നു അത്. ഒപ്പം നിരവധി ഒറ്റ സ്ക്രീൻ തിയറ്ററുകൾ അടച്ചുപൂട്ടുകയും ചെയ്തു. അതെല്ലാം മുൻനിർത്തിയാണ് ഛെല്ലോ ഷോ ഒരുക്കിയത്. നിഷ്കളങ്കമായതും യഥാർഥ കഥകളും പറയാൻ സമയമാണെന്ന് തോന്നി. സിനിമയുടെ ശക്തിയിൽ ഞാൻ മയങ്ങിപ്പോയതിനെക്കുറിച്ചാണ് ചിത്രം. അതുകൊണ്ട് തന്നെ ഈ സിനിമ ഹൃദയസ്പർശിയായ വികാരങ്ങളും ജീവിതത്തിന്റെ ലളിതമായ നാല് “എഫ്’ അഥവാ ഫിലിം, ഫുഡ്, ഫ്രണ്ട്സ്, ഫാമിലി (സിനിമ, ഭക്ഷണം, സുഹൃത്തുക്കൾ, കുടുംബം) – നിറഞ്ഞ ഒരു കഥയാണ്. എന്നാൽ ഇവർ ഫ്യൂച്ചർ (ഭാവി) എന്ന മറ്റൊരു “എഫ്’ കാത്തിരിക്കുന്നുണ്ടെന്ന് അറിയാതെ പോകുന്നു.
എല്ലാ സിനിമയ്ക്കും വാണിജ്യമൂല്യമുണ്ട്
സമാന്തര സിനിമ, സ്വതന്ത്ര സിനിമ, ആർട്ട് ഹൗസ് സിനിമ എന്നിങ്ങനെ വേർതിരിവുകൾ സിനിമയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ സിനിമകൾക്കും വാണിജ്യ മൂല്യമുണ്ട്. 20 വർഷത്തെ സിനിമാ ജീവിതത്തിനിടെ ചില സിനിമകൾ കുറേ പണമുണ്ടാക്കി, ചിലതിന് കുറച്ച് വരുമാനമാണ് ലഭിച്ചത്. പക്ഷെ ഒന്നും സാമ്പത്തികമായി നഷ്ടം സൃഷ്ടിച്ചിട്ടില്ല. വാണിജ്യ മൂല്യം നിലനിർത്തിയാണ് ഞാൻ എനിക്ക് പറയാനിഷ്ടപ്പെടുന്ന രീതിയിൽ സിനിമ ഒരുക്കുന്നത്. എന്റെ ഓരോ സിനിമയും വാണിജ്യപരമായി നന്നായി ചിട്ടപ്പെടുത്തിയവയാണ്. അതിൽ ഇഷ്ടമുള്ള രീതിയിൽ കഥ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ നിർമാതാക്കൾക്ക് അവരുടെ പണം തിരിച്ച് ലഭിക്കാനുള്ള അവസരമുണ്ട്. എന്റെ നിർമാണ കമ്പനിയായ മൺസൂൻ ഫിലീംസിലൂടെ ഞാനും പങ്കാളിയാകാറുണ്ട്. ഛെല്ലോ ഷോയിൽ, ജുഗാദ് മോഷൻ പിക്ചേഴ്സിന്റെ ധീർ മോമയയാണ് നിർമാണ പങ്കാളി. പിന്നീട് റോയ് കപൂർ ഫിലിംസിന്റെ സിദ്ധാർഥ് റോയ് കപൂർ ഞങ്ങളോടൊപ്പം ചേർന്നു.
സിനിമാ വിൽപ്പനയ്ക്കുള്ള ഇടമല്ല ഫിലിം ഫെസ്റ്റിവലുകൾ
ഫിലിം ഫെസ്റ്റിവലുകൾ സിനിമയുടെ വിപണനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നത് മിഥ്യാധാരണയാണ്. ലോകത്തെ എ ലിസ്റ്റഡ് ഫിലിം ഫെസ്റ്റിവലുകളിലൂടെ നടന്ന സിനിമകളുടെ വിപണനത്തിൽ കണക്ക് നോക്കിയാൽ അത് മനസ്സിലാക്കും. വളരെ കുറച്ച് മാത്രമാണത്. അല്ലെങ്കിൽ നാമമാത്രമാണ്. അതേസമയം കോവിഡും തുടർന്നുണ്ടായ ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയും സ്ഥിതിഗതികൾ മാറ്റിമറിച്ചു. അതിനാൽ തന്നെ ഫിലിം ഫെസ്റ്റിവലുകളിൽ അതിന്റെ യഥാർഥ ലക്ഷ്യമായ സിനിമ ആഘോഷിക്കുക (celebrate cinema) എന്നതിലേക്ക് തിരിച്ച് പോകണം. സിനിമയുടെ വിൽപ്പനയ്ക്കുള്ള ഇടമാണ് ചലച്ചിത്രമേളകൾ എന്നത് തീർത്തും തെറ്റായ ചിന്തയാണ്. അതേസമയം ഇത്രയും സമ്പന്നമായ സിനിമ സംസ്കാരമുള്ള ഇന്ത്യയിൽ എ–- ലിസ്റ്റ് ഫിലിം ഫെസ്റ്റിവലുകളില്ലെന്നത് സങ്കടകരമാണ്. ഇന്ത്യയിൽ ഇന്ന് ശക്തമായ ഫിലിം ക്ലബ്ബുകളുണ്ടോയെന്ന് സംശയമാണ്. ചിലപ്പോൾ ചിലത് ഉണ്ടായേക്കാം. എന്നാൽ അവയെപ്പറ്റി എനിക്ക് അറിയില്ല.
ദൃശ്യങ്ങളുടെ കലാപം
ഒരു വലിയ സിനിമാ പ്രേമിയെന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ജീവിതത്തിലും സിനിമാ പ്രവർത്തനത്തിലും വലിയ സ്വാധീനം ചെലുത്തിയവർക്ക് ആദരം അർപ്പിക്കാതിരിക്കാൻ കഴിയില്ല. ഛെല്ലോ ഷോയുടെ സിനിമാറ്റിക് പരിചരണത്തിൽ സൂക്ഷ്മമായി അത്തരം രംഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് പ്രേക്ഷകൻ ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയരുത് എന്നാണ്.
ഓരോ കഥയും പിറക്കുന്നത് തന്നെ ഒരു ഡിഎൻഎയുമായിട്ടാണ്. അതിൽ സിനിമയുടെ മേക്കിങ് ശൈലി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അത് ശരിക്കും പ്രചോദനവും ആവേശവുമാണ്. ഗാനരംഗങ്ങളും വെളിച്ചവും ഉപയോഗിച്ച് ഒരു ഉത്സവം തീർക്കാതെ ഛെല്ലോ ഷോയുടെ കഥ പറയാൻ കഴിയില്ല. ഛായാഗ്രാഹകൻ സ്വപ്നിൽ സോനവാനെയുമായി ഞങ്ങൾ ഗാനങ്ങൾക്കനുസരിച്ചുള്ള കാമറ ചലനങ്ങളെയും കാമറ ആംഗിളുകളെയും കുറിച്ച് ചർച്ച ചെയ്തു. നാച്ചുറൽ ലൈറ്റും കൃത്രിമ ലൈറ്റുകളും എങ്ങനെ ഉപയോഗിക്കാമെന്ന് നിരീക്ഷിച്ചു. വെളിച്ചം ഒരു കഥാപാത്രമായി മാറണമെന്നും ആഗ്രഹിച്ചു. സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും വെളിച്ചം ഉപയോഗിച്ച് അക്ഷരാർഥത്തിൽ നിറങ്ങളുടെ ഒരു ‘കലാപം’ ഉണ്ടാക്കണമെന്നാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ഛെല്ലോ ഷോയിൽ വൈകാരിക രംഗങ്ങളുടെ കെട്ടഴിയുമ്പോൾ വെളിച്ചവുമായി വലിയ ഇഴയടുപ്പം തോന്നും. ‘സംസാര’ ഒരുക്കിയപ്പോൾ ഒരു ധ്യാനാത്മകമായ സിനിമാറ്റിക് രീതിയാണ് അവലബിച്ചത്. ‘ആംഗ്രി ഇന്ത്യൻ ഗോഡസ’സിൽ ഇതിൽനിന്ന് വ്യത്യസ്തമായി വേഗതയേറിയ ചലനങ്ങളും ഊർജസ്വലവുമായ രീതിയാണ് ഉപയോഗിച്ചത്.
സിനിമ ഉള്ളടക്കം മാത്രമായി
സിനിമകൾക്ക് ലോക സിനിമ, പ്രാദേശിക സിനിമ, ഇന്ത്യൻ സിനിമ എന്നിങ്ങനെ വേർതിരിവില്ല. ഉണ്ടായ കാലം മുതൽ തന്നെ സിനിമ ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ചിരുന്നു. ലൂമിയർ സഹോദരന്മാർ അവരുടെ ഹ്രസ്വ ചിത്രങ്ങളുമായി ഇന്ത്യയിൽ വന്നിരുന്നു. സിനിമ രാജ്യാതിർത്തികൾ കടക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ കേവലം കണ്ടന്റ് (ഉള്ളടക്കം) മാത്രമായി മാറുന്നതിനാണ് കോവിഡ് കാലവും തുടർന്നുണ്ടായ ഒടിടി വ്യാപനവും വഴിവച്ചത്. നമ്മളുടെ കൈയിൽ ഉള്ളടക്കം എന്ന് വിളിക്കുന്ന വസ്തുവുണ്ടെങ്കിൽ പിന്നെ ഒരു കണ്ടെയ്നർ ആവശ്യമാണ്. പിന്നെ മാർക്കറ്റിങ്, സെയിൽസ് ടീം. നമ്മൾ തിരിച്ചറിയുംമുമ്പ് തന്നെ ഈ ഉള്ളടക്കം ഒരു ഉപഭോഗ വസ്തുവായി മാറിക്കഴിയും. ഇത് വിതരണം ചെയ്യാൻ നല്ല വിതരണ സംവിധാനം ആവശ്യമാണ്. അതിനാൽ തന്നെ സിനിമ ആളുകളിലേക്ക് എത്തണമെങ്കിൽ വലിയ വിതരണ ശൃംഖല ആവശ്യമാണ്.
ആത്മവിശ്വാസം നൽകിയത് അമ്മ അറിയാൻ
മലയാള സിനിമയും ദക്ഷിണേന്ത്യൻ സിനിമകളും എപ്പോഴും മികച്ച സിനിമകളും കഴിവുറ്റ പ്രതിഭകളെയും സംഭാവന ചെയ്തിട്ടുണ്ട്. ഞാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിക്കുമ്പോഴാണ് ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാണുന്നത്. ഞാൻ കണ്ട ആദ്യ മലയാള സിനിമയായിരുന്നു അത്. അന്ന് ആ സിനിമ കാണാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. അമ്മ അറിയാൻ എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹം സിനിമ നിർമിച്ചതിനെയും വിതരണം ചെയ്തതിനെക്കുറിച്ചുമെല്ലാം പിന്നീട് മനസ്സിലാക്കി. അതിൽ നിന്ന് വലിയ പ്രചോദനമാണ് ലഭിച്ചത്. ഒരു നാൾ സ്വന്തമായി സിനിമ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് ജോൺ എബ്രഹാമാണ്. സിനിമ ഒരുക്കുന്നതിൽനിന്ന് പിൻതിരിപ്പിക്കുന്ന ഒഴിവുകഴിവുകളെ അവഗണിക്കാനും അദ്ദേഹത്തിന്റെ രീതി പ്രചോദനമായി. ‘നിങ്ങൾക്ക് ഒന്നുമില്ലെങ്കിൽ, ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല’ എന്ന ഛെല്ലോ ഷോയുടെ ടാഗ് ലൈനിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ജോൺ എബ്രഹാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..