തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസി വിഭാഗത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമായ ഊരുകളില്‍ പഠന മുറികള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് വിളിച്ച ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മേയര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണം വേണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ചെറിയ പിന്തുണ നല്കിയാല് ഉപകരണം വാങ്ങാന്‍ ശേഷിയുള്ളവര്‍ സഹകരണബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണം. സ്കൂള്‍ അധ്യാപക- രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂലായ് 15 നകം ഇത് പൂര്‍ത്തിയാക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത് /വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായ സമിതി സ്കൂളില്‍ രൂപീകരിക്കും.
സ്കൂള്‍ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നല്കാന് തദ്ദേശസ്ഥാപന അധ്യക്ഷന്മാര് അടങ്ങിയ സമിതി ഉണ്ടാകും. ജൂലൈ 21 നകം ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും. ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ അധ്യക്ഷനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി സമിതി നിലവില്‍ വരും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംക്ഷികള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവരടങ്ങിയ വന്‍ ജനകീയ മുന്നേറ്റമായി ഈ ക്യാമ്പയിന് മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
content highlights: Government ensuring Digital Education for all students says CM Pinarayi Vijayan