വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ പിരിയാം എന്ന് ഗ്രീഷ്മ
കോളേജ് യാത്രക്കിടയിലാണ് ഗ്രീഷ്മയും ഷാരോണും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹാലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാരോണ്‍ അതിന് തയ്യാറായിരുന്നില്ലെന്നാണ് ഗ്രീഷ്മ പറയുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ കൈമാറിയിരുന്ന ഫോട്ടോകളും വീഡിയോകളും ഷാരോണിന്റെ ഫോണില്‍ ഉണ്ടായിരുന്നു. അവ പ്രതിശ്രുതവരനെ കാണിക്കുമെന്ന ഭയമാണ് കൊലപാതകത്തിലക്കേ് നയിച്ചെന്നതെന്നാണ് ഗ്രീഷ്മയുടെ മൊഴി. അതേസമയം വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നതിനാൽ പിരിയാമെന്ന് ഗ്രീഷ്മ പറഞ്ഞപ്പോള്‍ ഷാരോണ്‍ തയാറായില്ല. ഷാരോണിന്റെ കൊലപാതകം ജാതിക്കൊല തന്നെയാണെന്ന് കരുതാൻ ന്യായങ്ങളേറെയുണ്ട്.
Also Read: വിഷംവെപ്പ്, കൊലപാതകം, മന്ത്രവാദം: ടിവി സീരിയലുകളിൽ നിന്ന് മലയാളി കുടുംബങ്ങൾ പഠിക്കുന്നതെന്ത്?
അനാചാരങ്ങള്‍ ഭരിക്കുന്ന കേരളം
അനാചാരങ്ങള്‍ക്ക് കുപ്രസിദ്ധമായ സംസ്ഥാനം തന്നെയാണ് കേരളം. സ്വജാതീയ വിവാഹങ്ങളും ജാതകപ്പൊരുത്തങ്ങളുമടക്കം ജനനം മുതല്‍ മരണം ആചാരബദ്ധമായാണ് കേരളം സഞ്ചരിക്കുന്നത്. ഭക്തിയുടെ ലോകത്തെ ഭരിക്കുന്ന ഒരു വലിയ മാഫിയ തന്നെ ഇവിടെ നിലനിന്നുപോകുന്നുണ്ട്. അനാചാരങ്ങള്‍ക്കെതിരെ സഹോദന് അയ്യപ്പനും കുമാരനാശാനും ഗുരുവും പൊയ്കയില്‍ അപ്പച്ചനുമെല്ലാം നടത്തിയ പോരാട്ടങ്ങളെ വിസ്മരിച്ചുകൊണ്ട് ജീവിതത്തിലേക്ക് അനാചാരങ്ങളെ കൈപിടിച്ച് കൊണ്ടുവരുന്നതിന്റെ ദൃഷ്ടാന്തമാണ് നാം കാണുന്നത്.
അനാചാരങ്ങളെന്നതിന് നാമിന്ന് കാണുന്ന അർത്ഥം നവോത്ഥാനകാലത്താണ് ഉരുത്തിരിഞ്ഞുവന്നത്. അതിനു മുമ്പ് അനാചാരമെന്നാൽ ബ്രാഹ്മണനെ നിന്ദിക്കുന്ന ആചാരങ്ങളെന്നായിരുന്നു അർത്ഥം. ‘ശാസ്ത്രവിരുദ്ധമായ’ ആചാരങ്ങളെയാണ് അനാചാരങ്ങള്‍ എന്ന് ബ്രാഹ്മണർ വിളിച്ചത്. ഇവിടെ ശാസ്ത്രം എന്നതിനർത്ഥം ബ്രാഹ്മണർ എഴുതിവെച്ച തന്ത്രങ്ങളും മറ്റുമാണ്. സയൻസ് എന്ന അർത്ഥം അതിനില്ല. കേരളീയരുടെ ആചാരാനുഷ്ഠാനങ്ങളുടെ പ്രമാണഗ്രന്ഥമെന്ന് ബ്രാഹ്മണർ വിശ്വസിക്കുന്ന ഭാര്‍ഗവസ്മൃതിയെ സംക്ഷേപിച്ചുകൊണ്ട് ശങ്കരാചാര്യര്‍ എഴുതിയതായി പറയപ്പെടുന്ന ശാങ്കരസ്മൃതിയിലാണ് 64 ‘അനാചാരങ്ങളെ’ക്കുറിച്ച് പറയുന്നത്. ബ്രാഹ്മണരെ ദേവതുല്യമായി കാണുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശങ്കരൻ ഈ ‘അനാചാരങ്ങൾ’ എഴുതിവെച്ചത്. ബ്രാഹ്മണനെ നിന്ദിക്കുന്നതെന്തും അനാചാരമായാണ് ശങ്കരൻ കണ്ടത്. ബ്രാഹ്ണാദികള്‍ ശൂദ്രാദികളെ തൊട്ടാല്‍ കുളിക്കണമെന്ന് ശങ്കരൻ പ്രത്യേകമായി നിർദ്ദേശിക്കുന്നത് ശങ്കരസ്മൃതിയിലാണ്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ശങ്കരന്റെ അഭിപ്രായത്തിൽ കേരളത്തിലെ ബ്രാഹ്മണർ അനുഷ്ഠിക്കേണ്ട 64 പ്രത്യേകാചാരങ്ങൾ
പല്ലു തേക്കുവാന്‍ കോല് ഉപയോഗിക്കരുത്, ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്, കുളിക്കാന്‍ വരുമ്പോള്‍ ഉടുത്തമുണ്ട് തോര്‍ത്താന്‍ ഉപയോഗിക്കരുത്, പ്രാതസന്ധ്യയ്ക്ക് മുമ്പ് കുളിക്കരുത്, കുളിക്കാതെ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യരുത്, ഇന്നലെ കോരിവച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്, നിഷ്കാമമായിട്ടേ കര്‍മം ചെയ്യാവൂ, കാല് കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തില്‍ ബാക്കിവന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ബ്രാഹ്ണാദികള്‍ ശൂദ്രാദികളെ തൊട്ടാല്‍ കുളിക്കണം, താണ ജാതിക്കാരെ അടുത്താലും കുളിക്കണം, താണ ജാതിക്കാര്‍ തൊട്ട ജലാശയങ്ങള്‍ തൊട്ടാല്‍ കുളിക്കണം, ചൂലുകൊണ്ട് അടിച്ച നിലത്തു തളിക്കാതെ ചവുട്ടിയാല്‍ കുളിക്കണം, ഭസ്മം ആദ്യം മേല്പോട്ടു ഒന്നും പിന്നെ വിലങ്ങത്തില്‍ മൂന്നു വരിയായി കുറിയിടണം, ബ്രാഹ്മണര്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും വേണ്ടുന്ന മന്ത്രം കര്‍മം ചെയ്യുന്ന ബ്രാഹ്മണന് തന്നെ ഉച്ചരിക്കണം, തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുത്, കുട്ടികള്‍ ഭക്ഷിച്ച ബാക്കി ഉപയോഗിക്കരുത്, ശിവനു നിവേദിച്ച സാധനം ഉപയോഗിക്കരുത്, കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യം ഉപയോഗിക്കരുത്, ഹോമാദികള്‍ക്ക് എരുമയുടെ പാല് മുതലായത് ഉപയോഗിക്കരുത്, ചോറ് ഉരുട്ടാതെ വാരി തിന്നുകയോ ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ട് താഴെവയ്ക്കുകയോ ചെയ്യരുത്, അശുദ്ധമായാല്‍ വെറ്റില മുറുക്കുകകൂടി ചെയ്യരുത്, ബ്രഹ്മചാരി നിഷ്ഠയെയും വ്രതത്തെയും അനുഷ്ഠിക്കണം, പഠിപ്പു കഴിഞ്ഞാല്‍ ഗുരുദക്ഷിണ ചെയ്യണം, പെരുവഴിയില്‍വച്ച് വേദം ഉച്ചരിക്കരുത്, ഷോഡശകര്‍മങ്ങള്‍ യഥാകാലം യഥാവിധി ചെയ്യണം, കന്യകയെ വില്‍ക്കരുത്, ഫലത്തെ ആഗ്രഹിച്ച് വ്രതത്തെ അനുഷ്ഠിക്കരുത്, പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകള്‍ കുളിച്ചിട്ടേ ഉണ്ണാവൂ, കൈക്കോളന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്, വെളുത്തേടന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്, രുദ്രാക്ഷാദികളില്‍ ബ്രാഹ്മണര്‍ മാത്രമേ ശിവപൂജ ചെയ്യാവൂ, ശൂദ്രന്റെ ശ്രാദ്ധത്തിന് ബ്രാഹ്മണര്‍ പ്രതിഗ്രഹം വാങ്ങരുത്, പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങള്‍ ഊട്ടണം, എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം, മാതാപിതാക്കന്മാര് മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം, മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം, ശ്രാദ്ധം ഊട്ടേണ്ടത് നക്ഷത്രത്തിലാണ്, സപിണ്ഡികാലത്ത് പുലവന്നാല്‍ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ, ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം, സ്വന്തം ഭൂമിയിലെ ശവം ദഹിപ്പിക്കാവൂ, സന്ന്യാസി സ്ത്രീകളെ കാണരുത്, സന്ന്യാസി മരിച്ചാല്‍ യാതൊരു ക്രിയയും ചെയ്യരുത്, സന്ന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുത്, ബ്രാഹ്മണസ്ത്രീ ഭര്‍ത്താവിനെ ഒഴിച്ച് അന്യനെ കാണരുത്, ബ്രാഹ്മണസ്ത്രീ ദാസിമാരോടു കൂടാതെ പുറത്തിറങ്ങരുത്, ബ്രാഹ്മണസ്ത്രീ വെളുത്തുനിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കരുത്, ബ്രാഹ്മണസ്ത്രീ മൂക്കു കുത്തരുത്, ബ്രാഹ്മണന് മദ്യപിച്ചാല്‍ ഭ്രഷ്ടനാകും, ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണസ്ത്രീയില്‍ പ്രവേശിച്ചാലും ഭ്രഷ്ടനാകും, ദേവാലയങ്ങളില്‍ പ്രേതപ്രതിഷ്ഠ ചെയ്യരുത്, ദേവപ്രതിമയെ ശൂദ്രാദികള്‍ തൊട്ടുകൂടാ, ഒരു ദേവന് നിവേദിച്ച സാധനം മറ്റൊരു ദേവന് നിവേദിക്കരുത്, ഹോമം ചെയ്യാതെ വിവാഹാദികര്‍മങ്ങള്‍ ചെയ്യരുത്, ബ്രാഹ്മണര്‍ അന്യോന്യം ആശീര്‍വദിക്കരുത്, ബ്രാഹ്മണര്‍ അന്യോന്യം നമസ്കരിക്കരുത്, കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്, ശൈവവൈഷ്ണവാദിഭേദങ്ങള്‍ അരുത്, ഒരു പൂണൂല് മാത്രമേ ധരിച്ചുകൂടു, മൂത്ത മകനേ വേളി കഴിക്കാവൂ, ക്ഷത്രിയാദികള്‍ അന്നംകൊണ്ടാണ് ശ്രാദ്ധം ഊട്ടേണ്ടത്, അവര്‍ അമ്മാവന്റെ ശ്രാദ്ധം ഊട്ടണം, അവരുടെ മുതല്‍ മരുമക്കള്‍ക്കാണ്, ഭര്‍ത്താവു മരിച്ച സ്ത്രീ സന്ന്യസിക്കണം, അവള് ഉടന്തടി ചാടരുത്.
അനാചരങ്ങള്ക്കൊപ്പമുള്ള സഞ്ചാരം
ഈ ആചാരങ്ങളെയെല്ലാം കേരളം ഇതിനകം മറികടന്നു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ശങ്കരാചാര്യരുടേതാണ് ഈ നിഷ്ഠകളെല്ലാം എന്നതിനാൽത്തന്നെ ഇവയ്ക്ക് ഇന്നും ആരാധകരുണ്ട്. ഈ അനാചാരങ്ങളെ പിൻപറ്റുന്നവർക്ക് മേൽക്കൈ ലഭിക്കുന്ന കാലത്തെ എപ്പോഴും സമൂഹം ഭയപ്പെടണം.