SALUTING UAE THE GREAT NATION OF HUMANITY & TOLERANCE എന്ന വാക്യങ്ങൾ ഉയർത്തിപിടിച്ചു ഡിസംബർ 2,3 തിയ്യതികളിൻ ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ , ഖിസൈസിൽ വെച്ച് നടക്കുന്ന കേരളോത്സവത്തിന്റെ ബ്രോഷർ പ്രകാശനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.
കേരളത്തിന്റെ നാടൻ കലാരൂപങ്ങളുടെയും ഘോഷയാത്രയുടെയും പൂര കാഴ്ച തീർത്ത് അരങ്ങേറുന്ന കേരളോത്സവം ഇത്തവണയും രണ്ട് ദിവസങ്ങളിലായാണ് അരങ്ങേറുന്നത്. മുൻകാലങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തി വിസ്മയം തീർത്ത കേരളോത്സവത്തിൽ ഇത്തവണ അതിഥിയായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും. കടുവ സിനിമയിലെ ‘പാലപ്പള്ളി തിരുപ്പള്ളി’ പാടി ജന ഹൃദയത്തിലേക്ക് കടന്ന അതുൽ നേതൃത്വം നൽകുന്ന ‘SOUL OF FOLK ‘ ബാൻഡും പാട്ടുകളുമായി എത്തുന്നു. ഗാനമേള, റിക്കാർഡ് ഡാൻസ്, തെയ്യം , പഞ്ചാരിമേളം, ശിങ്കാരിമേളം, പൂരം എഴുന്നള്ളിപ്പ് , തിരുവാതിര, ഒപ്പന, മാർഗ്ഗം കളി, കോൽക്കളി , കളരിപ്പയറ്റ് തുടങ്ങി നടൻ കലാരൂപങ്ങളും ആഘോഷം തീർക്കും.
കേരളത്തിൻറെ സംസ്കാരത്തെയും കലാരൂപങ്ങളെയും രീതികളെയും പ്രവാസഭൂമിയിലും ഉയർത്തിപ്പിടിക്കാൻ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ബ്രോഷർ പ്രകാശനം നിർവഹിച്ചുകൊണ്ട് കാനത്തിൽ ജമീല പറഞ്ഞു. പരിപാടിയിൽ ലോകകേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് , കേരളോത്സവം ജനറൽ കൺവീനർ സജീവൻ കെ.വി എന്നിവർ പങ്കെടുത്തു. ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് റിയാസ് കൂത്ത്പറമ്പ് അധ്യക്ഷത വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..