കൊച്ചി: സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മുഖ്യപ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായിട്ടുള്ളത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ആരോപിച്ചാണ് ഫസലിന്റെ സഹോദരന് കോടതിയെ സമീപിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ് തുടരന്വേഷണ ഹര്‍ജിക്ക് കാരണമായത്.
കണ്ണവം പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായപ്പോഴാണ് സുബീഷ് വെളിപ്പെടുത്തല്‍ നടത്തിയത്. താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ തങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി സമര്‍ത്ഥിക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയത്.
ഫസലിന്റെ സഹോദരന് സത്താര്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നതിന്റെ തെളിവാണ് തുടരന്വേഷണ ഹര്‍ജിയെന്നും സിബിഐ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നത്. ഫസലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊലപാതക കേസ് സിബിഐക്ക് കൈമാറിയത്.
കാരായി രാജന്, കാരായി ചന്ദ്രശേഖരന്, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 2006 ഒക്ടോബര്‍ 22-നാണ് ഫസല്‍ കൊല്ലപ്പെട്ടത്.