അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൂടെ വിജയം പിടിച്ചെടുക്കുന്ന ധോണിയുടെ ശൈലി പ്രശസ്തമാണ്
ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി. ഈ പേരിന് വിശേഷണങ്ങളുടെ അകമ്പടി ആവശ്യമില്ല. ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ ധോണിയുടെ സ്ഥാനം അത്ര വലുതാണ്. ഇന്ത്യക്കായി മൂന്ന് ഐസിസി ട്രോഫികള്‍ നേടിയ താരം ഇന്ന് 40-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൂടെ വിജയം പിടിച്ചെടുക്കുന്ന ധോണിയുടെ ശൈലി പ്രശസ്തമാണ്. അങ്ങനെയുള്ള അഞ്ച് ധോണി നിമിഷങ്ങളിലൂടെ..
2007 ട്വന്റി-20 ലോകകപ്പ് ഫൈനല്‍
പ്രഥമ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വിയിലേക്ക് നിങ്ങുകയായിരുന്നു. മുതിര്‍ന്ന താരമായ ഹര്ഭജന് സിങ്ങിന് പകരം അവസാന ഓവര്‍ എറിയാന്‍ ധോണി ഏല്‍പ്പിച്ചത് ജോഗിന്ദര്‍ ശര്‍മയെ. ക്രീസില്‍ മിന്നും ഫോമിലുള്ള പാക് നായകന് മിസബ ഉള് ഹഖ്. ജോഗിന്ദര്‍ എറിഞ്ഞ രണ്ടാം പന്തില്‍ മിസബ സിക്സ് നേടി. പാക് ക്യാമ്പില്‍ ആവേശം. എന്നാല്‍ അടുത്ത പന്ത് മിസബയ്ക്ക് പിഴച്ചു. സ്കൂപ്പിന് ശ്രമിച്ചെങ്കിലും പന്ത് ഉയര്‍ന്നു പൊങ്ങി. ശ്രീശാന്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി എത്തി. ഇന്ത്യക്ക് ജയം. കിരീടവുമായി ധോണിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.
2008 ഇന്ത്യ – ശ്രീലങ്ക – ഓസ്ട്രേലിയ ട്രൈ സീരിസ്
വിപ്ലവകരമായ തീരുമാനവുമായാണ് ഇന്ത്യ പരമ്പരയ്ക്ക് ഒരുങ്ങിയത്. ഫീല്‍ഡിങ്ങിലെ വേഗതക്കുറവ് പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും സൗരവ് ഗാംഗുലിയേയും ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി നിര്‍ദേശിച്ചു. ഈ തീരുമാനം വലിയ വഴിത്തിരിവാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാക്കിയത്. ഫീല്‍ഡിങ്ങിന് കൂടുതല്‍ പ്രാധാന്യമായി. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ട്രൈ സീരിസ് ഇന്ത്യ നേടി. ഇന്ന് ലോകത്തിലെ തന്നെ മികച്ച ഫീല്‍ഡര്‍മാരാല്‍ സമ്പന്നമാണ് ഇന്ത്യ.
2011 ലോകകപ്പ് ഫൈനല്‍
2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിന് മുകളില്‍ അഞ്ചാമനായി ഇറങ്ങി ധോണി ഏവരേയും അമ്പരപ്പിച്ചു. ലോകകപ്പില്‍ കാര്യമായ സംഭാവന ബാറ്റു കൊണ്ട് നല്കാന് ധോണിക്കായിരുന്നില്ല. പക്ഷെ ഫൈനലില്‍ നായകന് തിളങ്ങി. പുറത്താകാതെ 91 റണ്‍സ്. ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല ജയം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ നീലപ്പട മുത്തമിട്ടു. നുവാന്‍ കുലശേഖരയുടെ പന്തില്‍ ധോണിയുടെ ഹെലിക്കോപ്ടര്‍ ഷോട്ട് ആര്‍ക്കാണ് മറക്കാനാകുക.
2012 സിബി സീരിസ്
2012 ഇന്ത്യ-ശ്രീലങ്ക-ഓസ്ട്രേലിയ സിബി സീരിസില്‍ മികച്ച ഫീല്‍ഡര്‍മാരെ കളിപ്പിക്കുന്നതിനായി സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ മാറ്റം വരുത്തി കളിപ്പിക്കാന്‍ ധോണി തിരുമാനിച്ചു. ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരങ്ങളെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തെ ആരാധകര്‍ വലിയ തോതില്‍ വിമര്‍ശിച്ചു. പരമ്പരയില്‍ ഇന്ത്യക്ക് ഫൈനലില്‍ എത്താനായില്ല. പക്ഷെ ഓപ്പണര്‍മാരുടെ മോശം പ്രകടനം മാറ്റം അനിവാര്യമാണെന്ന് തെളിയിച്ചു.
2013 ചാമ്പ്യന്‍സ് ട്രോഫി
സ്ഥിരതയില്ലാതെ കളിച്ചിരുന്ന രോഹിത് ശര്‍മയെ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് മാറ്റാന്‍ ധോണി തീരുമാനമെടുത്തു. രോഹിതിന്റെ പ്രകടനത്തില്‍ അത് വലിയ മാറ്റമാണ് കൊണ്ടു വന്നത്. ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തില്‍ ശിഖര്‍ ധവാന് – രോഹിത് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കങ്ങള്‍ നല്കി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുകയും ചെയ്തു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ.
Also Read: Copa America 2021: കോപ്പയില്‍ അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍