ആകെ 4.83 കോടി വോട്ടർമാരാണ് ഗുജറാത്തിലുള്ളത്. ഇതിൽ 1.02 കോടി വോട്ടർമാരും 20-29 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. അതായത്. വലിയൊരു ശതമാനം വോട്ടർമാർ ബിജെപി ഭരണം വന്നതിനു ശേഷം ജനിച്ചവരാണ്. ഇവരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ഭരണമെന്നാൽ എങ്ങനെയായിരിക്കുമെന്നത് കേട്ടറിവുകളോ വായിച്ചറിവുകളോ ഒക്കെയാണെന്ന് ചൂണ്ടിക്കാട്ടുന്നു തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധനായ യശ്വന്ത് ദേശ്മുഖ്. കോൺഗ്രസ് ഭരണകാലത്തെ കെടുകാര്യസ്ഥതയും മറ്റും ഓർമയുള്ള തലമുറയല്ല ഇവർ. എന്നാൽ ഇത്ര ലളിതമായി കാര്യങ്ങളെ കാണാനാകുമോ എന്ന് സംശയമാണ്.
Read more: അരിവില ഉയരുന്നത് എന്തുകൊണ്ട്?
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 62% വോട്ടുവിഹിതം പിടിച്ചാണ് ബിജെപി നിലയുറപ്പിച്ചത്. 2021ലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ 74% സീറ്റുകളും പിടിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപി പിടിച്ചത് 84% സീറ്റുകളാണ്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുവിഹിതം സാരമായ തോതിൽ ഉയർത്താനും ബിജെപിക്ക് സാധിക്കുകയുണ്ടായി.
ഈ തിരഞ്ഞെടുപ്പുകളുടെയെല്ലാം ഫലങ്ങൾ ബിജെപിക്കെതിരായ വികാരം സംസ്ഥാനത്ത് അത്ര ശക്തമാണോ എന്ന സന്ദേഹം ജനിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനും, സംസ്ഥാന ബിജെപി നേതൃത്വത്തിനും മാത്രം എതിരാകുന്ന ഒരു വിരുദ്ധവികാരം ജനങ്ങളിൽ ഉയർന്നിട്ടുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്.
മറ്റെല്ലാ പരിഗണനകൾക്കുമപ്പുറത്ത് ഉയർന്നു നിൽക്കുന്ന ചില വികാരങ്ങളെ ഗുജറാത്തിൽ നാം കാണണം. അതിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയരാഷ്ട്രീയത്തിൽ നരേന്ദ്രമോദിയുടെ മഹാമേരുസമാനമായ നിലനിൽപ്പിന് അടിസ്ഥാനം ഗുജറാത്ത് എന്ന ഗ്രൗണ്ടാണ്. ഇത് കച്ചവടക്കാരായ ഗുജറാത്തികളോളം അറിയുന്നവര് വേറെയില്ലതാനും. ഗുജറാത്ത് പിടിവിടുന്നതോടെ ദേശീയരാഷ്ട്രീയവും തങ്ങളുടെ പിടിയിൽ നിന്ന് ഊരിപ്പോകുമെന്ന വ്യക്തമായ ധാരണ ഇക്കാലമത്രയും ബിജെപിക്ക് വോട്ടു ചെയ്ത ഗുജറാത്തികൾക്കുണ്ട്. ഗുജറാത്തിലേക്ക് ഒഴുകുന്ന വലിയ ഫണ്ടുകളുടെയും വികസനപരിപാടികളുടെയും അടിസ്ഥാനം ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളതു കൊണ്ടല്ല, മറിച്ച് മോദിയുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണെന്ന് ഏത് സാധാരണക്കാരനും ചിന്തിക്കാൻ കഴിയും.
1960-ൽ ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഇക്കാലമത്രയും സംസ്ഥാന രാഷ്ട്രീയം ചുറ്റിക്കറങ്ങി നിന്നത് രണ്ട് പാർട്ടികൾക്കു ചുറ്റുമായിട്ടാണ്: കോൺഗ്രസ്സും ബിജെപിയും. 1962ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ 1995 വരെ കോൺഗ്രസ് അധികാരം നിലനിർത്തി. ദീർഘകാലം ഒരേ പാർട്ടിയുടെ ഭരണത്തിൻകീഴിലിരിക്കുക എന്നത് ഗുജറാത്തികളെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമൊന്നുമല്ല.
മൂന്ന് പതിറ്റാണ്ടിലേറെക്കാലമാണ് ഗുജറാത്ത് കോൺഗ്രസ് ഭരണത്തിൻകീഴിൽ കഴിഞ്ഞത്. 1995ൽ ആദ്യം അധികാരത്തിലേറിയ സന്ദർഭം മുതൽക്ക് വോട്ടുവിഹിതം ഉയർത്തിക്കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടുമുണ്ട്. 2017ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റിവിഹിതത്തിൽ സാരമെന്ന് വിളിക്കാവുന്ന കുറവ് സംഭവിച്ചിട്ടുണ്ടെന്നത് ശരിയാണ്. 2012 തെരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടിയ ബിജെപി 2017 തെരഞ്ഞെടുപ്പിൽ നേടിയത് 99 സീറ്റുകളാണ്. 2012ൽ നിന്ന് 17ലേക്കെത്തുമ്പോൾ ആറ് സീറ്റുകൾ കൂടി കൂട്ടാൻ കോൺഗ്രസ്സിനായി. എങ്കിലും കണക്കുകൾ ശ്രദ്ധിച്ചാൽ, 2017ൽ ബിജെപിക്ക് വോട്ടുവിഹിതം കുറയുകയല്ല, കൂടുകയാണുണ്ടായതെന്ന് മനസ്സിലാക്കാനാകും. 2012ൽ 48 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതമെങ്കിൽ 2017ലെത്തിയപ്പോൾ അത് 1 ശതമാനം കൂടുതലായി.
കോൺഗ്രസ്സിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ സംഭവിച്ചതും 2017ലെ തെരഞ്ഞെടുപ്പിലാണ്. 22 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. സീറ്റുകളുടെ എണ്ണവും വോട്ടുവിഹിതവും സാരമായ തോതിൽ കൂടി. സംസ്ഥാനത്തെ പൊതു രാഷ്ട്രീയമനോഭാവത്തിൽ മാറ്റം വരുന്നുണ്ടോ എന്ന ചോദ്യത്തെക്കാൾ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുന്നുണ്ടോ എന്ന ചോദ്യത്തിനായിരിക്കും പ്രസക്തി.
ഗൂജറാത്തിക്ക് കെജ്രിവാളിനെ മനസ്സിലാകില്ലേ?
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എഎപി നേരിട്ട് ബിജെപിയെ ഏൽക്കുന്ന കാഴ്ചയാണ് ഗുജറാത്തിൽ കാണാൻ കഴിയുന്നത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കൂടി ഉൾക്കൊള്ളാൻ ശേഷിയുള്ള അഴിനതിരഹിതവും എന്നാൽ ലിബറൽ ആയതുമായ ഒരു സ്പേസ് എന്ന നിലയിലാണ് എഎപി അർബൻ വോട്ടേഴ്സിനു മുന്നിൽ സ്വയം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം 95നു ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം അർബൻ വോട്ടുകൾ എപ്പോഴും ബിജെപിക്ക് അനുകൂലമായി മാത്രമേ വീണിട്ടുള്ളൂ. തുടർച്ചയായി ഈ മേഖലകളിലെ വോട്ടുവിഹിതം കൂട്ടിക്കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലകളിലെ മണ്ഡലങ്ങളിൽ 58 ശതമാനം വോട്ടുവിഹിതം ബിജെപിക്കുണ്ട്. അർധനഗര പ്രദേശങ്ങളിൽ 51 ശതമാനം വോട്ടുകളും സമാഹരിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഈ ശക്തമായ കോട്ടയെയാണ് കെജ്രിവാൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചകൾ ലക്ഷ്യം വെക്കുന്നത്. ദേശീയതാ പ്രശ്നങ്ങളും ഹിന്ദുത്വ പ്രശ്നങ്ങളും ഈ നഗരവാസികളുടെ ആശങ്കകളിലാണ് പെടുക. ദേശീയമാധ്യമങ്ങളുടെ മുഖ്യധാരാ ചർച്ചകളിൽ ഇടംപിടിക്കുന്ന ചർച്ചാവിഷയങ്ങൾ അർവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പിനു മുമ്പായി എറിഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നതിനു പിന്നിലും ഈ ആഗ്രഹമാണ്. നഗരവോട്ടുകളെ ചിതറിക്കാൻ കഴിയാത്തിടത്തോളം ഗുജറാത്ത് ഏത് പാർട്ടിക്കും ബാലികേറാമലയാണ്.
Read more: പൊലീസ് – വൈദ്യസമൂഹം – ജുഡീഷ്യറി: ‘രണ്ടുവിരൽ പരിശോധന’യിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് ആരെല്ലാം?
അർവിന്ദ് കെജ്രിവാളിന്റെ ഹിന്ദുത്വ സ്വാംശീകരണ ശ്രമങ്ങളെ മനസ്സിലാക്കാൻ കെൽപ്പില്ലാത്തവരാണ് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന മധ്യവർഗ്ഗക്കാരെന്ന് കരുതാൻ പ്രയാസമാണ്. കെജ്രിവാളിന്റെ പാർട്ടിക്ക് തീവ്രദേശീയതയുടെയും തീവ്ര ഹിന്ദുത്വത്തിന്റെയും വഴിക്ക് എത്ര ദൂരം സഞ്ചരിക്കാനാകുമെന്ന് ചിന്തിക്കാൻ ഓരോ നഗരവാസിയായ ഗുജറാത്തിക്കും കഴിവുണ്ടായിരിക്കുമെന്ന് വിശ്വസിക്കണം. കെജ്രിവാളിന്റെ ഹിന്ദുത്വ സ്വാംശീകരണ ശ്രമം ഒരു രാഷ്ട്രീയതന്ത്രമെന്ന നിലയിൽ ചില ലിബറലുകളെ ആകർഷിച്ചേക്കുമെന്നല്ലാതെ വോട്ട് ചെയ്യുന്ന ഹിന്ദുത്വവാദിയെ ബിജെപിക്കെതിരെ പ്രകോപിതനാകാനോ വോട്ട് മറിച്ചുകൊടുക്കാനോ പ്രേരിപ്പിക്കില്ല.
ഗുജറാത്തിൽ ഏറ്റവുമവസാനം നടന്നത് തദ്ദേശ തെരഞ്ഞെടുപ്പുകളാണ്. 2021ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ 42 സീറ്റുകളിൽ വിജയിക്കാൻ ആംആദ്മിക്ക് കഴിഞ്ഞു. ആദ്യശ്രമം എന്ന നിലയിൽ മാത്രമേ ഈ വിജയങ്ങളെ മികച്ചതെന്ന് പരിഗണിക്കാനാകൂ. ആകെ 8,470 സീറ്റുകളിൽ 6,236 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. കോൺഗ്രസ്സ് നേടിയത് 1,805 സീറ്റുകളും. അതിഭീമമായ വിടവാണ് ഈ പാർട്ടികൾക്കെല്ലാം ബിജെപിയുമായുള്ളത്.
വികസനം-മികച്ച ഭരണം എന്നീ രണ്ട് മന്ത്രങ്ങളാണ് ഇപ്പോഴും ബിജെപി ഗുജറാത്തിൽ മുമ്പോട്ടുവെക്കുന്നത്. ഇത് മൂന്ന് പതിറ്റാണ്ടുകൊണ്ട് പടിപടിയായി ബിജെപി വളർത്തിയെടുത്ത ഉറപ്പേറിയ നിർമിതിയാണ്. ഭൂകമ്പത്തിൽ അമ്പേ തകർന്നുപോയ ഗുജറാത്തിനു മുകളിൽ കെട്ടിയുയർത്തിയ ആ നിർമിതിയുടെ മുന്നിൽ മോര്ബി പാലം അപകടമെല്ലാം വളരെ ചെറിയ സംഭവങ്ങളായി മാറുന്നു. ഇക്കാരണത്താലാണ് നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ ദൗർബല്യമടക്കമുള്ള പ്രശ്നങ്ങൾ അത്ര വലിയ പ്രശ്നങ്ങളായി കാണാൻ കഴിയാത്തതും.