മനാമ > വൈവിധ്യങ്ങളെ ഇടിച്ചുനിരത്തുന്ന ബുള്‍ഡോസറുകള്‍ അല്ല, കൂട്ടിയോജിപ്പിക്കുന്ന പാലങ്ങളാണ് ഇന്നിന്റെ ആവശ്യം എന്ന് തദ്ദേശ ഭരണമന്ത്രി എംബി രാജേഷ് പറഞ്ഞു. വൈവിധ്യങ്ങളെയെല്ലാം ഇടിച്ചുനിരത്തുന്ന, കൃത്രിമമായി ഇല്ലാതാക്കി, നിരപ്പാക്കി അതിന് മുകളില്‍ ഒരു ഏകത്വം അടിച്ചേല്‍പ്പിക്കുന്നുണ്ട്. അടിച്ചേല്‍പ്പിക്കുന്ന ഏകത്വം അല്ല, കൂട്ടിയിണക്കുന്ന പാലമാണ് കാലം ആവശ്യപ്പെടുന്നത്.
ബഹ്റൈന്‍ പ്രതിഭ അറബ്-കേരള സാംക്കാരികോത്സവമായ പാലം ദി ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ ഉദ്ഘടനത്തിന് മുന്‍പ് അതരിപ്പിച്ച എല്ലാ പരിപാടികളിലും കാണാന്‍ കഴിഞ്ഞത് സംസ്കാരത്തിന്റെ വൈവിധ്യമാണ്. പ്രദര്ശനങളില് എല്ലാം കാണുന്നത് നമ്മുടെ നാടിന്റെ സാംസ്കരിക വൈവിധ്യമാണ്. ഈ സാംസ്കാരികോത്സവത്തില്‍ അന്തര്‍ലീനമായ ആശയം വൈവിധ്യത്തിന്റെ ആഘോഷമാണ്. വൈവിധ്യത്തിന്റെ ആഘോഷം എന്നതിന് ഇന്ന് വളരെയേറെറ പ്രാധാന്യമുണ്ട്. വൈവിധ്യത്തെ ആഘോഷിക്കുക എന്നത് അടിവരയിടേണ്ട ഒന്നാണ്. കാരണം, ബലം പ്രയോഗിച്ച് വൈവിധ്യങ്ങളെ ഇല്ലാതകക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യുന്ന, ആ വൈവിധ്യങ്ങള്‍ക്കെല്ലാം മുകളില്‍ കൃത്രിമമായ ഒരു ഏകത്വം അടിച്ചേല്‍പ്പിക്കുന്ന ഒരു ചരിത്ര സംഭവത്തില്‍ വൈവിധ്യങ്ങളെ ആഘോഷിക്കുക എന്നത് വൈവിധ്യങ്ങളുടെ ആവിഷ്കാരത്തിന് വേദിയൊരുക്കുക എന്നത് വളരെ പ്രധാനപ്പെട്ട സന്ദേശമാണ് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.
വൈവിധ്യമാണ് പ്രകൃതിയുടെയും മനൃഷ്യജീവികളുടെയും എല്ലാം അടിസ്ഥാന സവിശേഷതകളില്‍ ഒന്ന്. വൈിവിധ്യമാര്‍ന്ന ഉപകരണങ്ങള്‍, അതില്‍ നിന്ന് പുറപ്പെടുന്ന വൈിധ്യമാര്‍ന്ന ശബ്ദങ്ങള്‍, താളനിബദ്ധമായി സമന്വയിപ്പിക്കുമ്പോഴാണ് പഞ്ചാരി മേളം ഹൃദ്യമായ അനുഭവമായി മാറുന്നത്. സ്പത വര്‍ണങ്ങള്‍ ചേരുമ്പോഴാണ് മഴവില്ല് മനോഹരമായി മാറുന്നത്. പലമ, വൈവിധ്യം എന്നതാണ് പ്രകൃതിയുടെ അടിസ്ഥാന സവിശേഷത. മനൃഷ്യ, ജീവിതത്തിന്റെ, സാംസ്കാരത്തിന്റെ അടിസ്ഥാനം വൈവിധ്യമാണ്. ഒറ്റ രാഗം, ഒറ്റ താളം, ഒറ്റ സ്വരം എന്നു മാത്രമാണെങ്കില്‍ അത് എത്ര വിരസമായിരിക്കും. പല രാഗങ്ങള്‍, പല താളങ്ങള്‍, പല ആശയങ്ങള്‍, പല വീക്ഷണങ്ങള്‍ പല ചിന്താഗതികള്‍, പല വിശ്വാസങ്ങള്‍ എന്നിങ്ങനെയുളള പലമയാണ് പ്രകൃതിയെയും എന്ന പോലെ മനുഷ്യജീവിതത്തെയും ആഹ്ലാദഭരിതമാക്കുന്നത്.
വൈവിധ്യങ്ങള്‍ക്കിടയില്‍ ഒരു പാലം നിര്‍മ്മിക്കുകയാണ്, വൈവിധ്യങ്ങളെ കൂട്ടിയിണക്കുന്ന ഒരു പാലം നിര്‍മ്മിക്കുകയാണ് ബഹ്റൈന്‍ പ്രതിഭ ഈ സാംസ്കാരികോത്തവത്തിലൂടെ ചെയ്യുന്നത്. വൈവിധ്യങ്ങളെയെല്ലാം ഇടിച്ചുനിരത്തി, അതിന് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഏകത്വം അല്ല, കൂട്ടിയിണക്കുന്ന പാലമാണ്, ബുള്‍ഡോസറല്ല, പാലമാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം എന്ന സന്ദേശമാണ് ഈ സാംസ്കരികോത്സവത്തിന് പാലം എന്ന പേര് നല്‍കിയതിലൂടെ പ്രതിഭ നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമ്പത് കലാകാരന്മാര് അടങ്ങുന്ന പഞ്ചാരി മേളത്തോടെയാണ് അരങ്ങ് ഉണര്‍ന്നത്. തുടര്‍ന്ന് മോഹിനിയാട്ടം, അറബിക് ഡാന്‍സ് എന്നിവ അരങ്ങേറി. പ്രശസ്ത ഗസല്‍-ഖവ്വാലി ഗായകരായ സമീര്‍ ബിന്‍സി – ഇമാം മജ്ബൂര് ടീമിന്റെ സൂഫി സംഗീതം ആരാധകരെ ആവേശത്തില്‍ ആറാടിച്ചു. ഹിന്ദി, അറബിക്, പേര്‍ഷ്യന്‍, ഉറുദു, മലയാളം എന്നീ ഭാഷകളില്‍ വിവിധ ഗസലുകളും ഖവ്വാലികളും ഇവര്‍ ആലപിച്ചു.
സമാജത്തിന്റെ അങ്കണത്തില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ബേക്കല്‍ കോട്ട, മിഠായിത്തെരുവ്, ജൂത തെരുവ്, തിരുവനന്തപുരം പാളയം, ബാബല്‍ ബഹ്റൈന്‍ എന്നിവ പ്രവാസികള്‍ക്ക് ഗൃഹാതുര കാഴ്ചയായി. വിവിധ ഫുഡ് സ്റ്റാളുകള്‍, ശാസ്ത്ര സ്റ്റാളുകള്‍ എന്നിവക്കു പുറമേ വനിത ചിത്ര കരകൗശല പ്രദര്‍ശനം, ഫൊട്ടോഗ്രഫി പ്രദര്‍ശനം, ബഹ്റൈനിലെ ഇന്ത്യന്‍ ശില്പികളുടെ ശില്പ പ്രദര്‍ശനം, പാവക്കളി എന്നിവയും ഉണ്ട്.
വെള്ളി രാവിലെ ഒന്‍പതിന് പരിപാടികള്‍ തുടങ്ങി. വിവിധ അറബിക് ബാന്റുകളും ബഹ്റൈിനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നൃത്തം, ഫ്യൂഷന്‍ അടക്കമുള്ള സംഗീത പരിപാടികള്‍, ബഹ്റൈന്‍ തനത് കലകള്കൊപ്പം പ്രതിഭ അംഗങ്ങളും, സൗഹൃദ സംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി, തോറ്റം, തെയ്യം, ഒപ്പന, പടയണി, ദഫ് മുട്ട്, കോല്‍ക്കളി, കുട്ടികളുടെ പരിപാടികള്‍, ചാക്യാര്‍ കൂത്ത്, ഓട്ടം തുള്ളല്‍, പാവ നാടകം എന്നിവയും അരങ്ങേറും,
വൈകീട്ട് നാലിന് സാംസ്ക്കാരിക ഘോഷയാത്രയില്‍ പ്രതിഭയുടെ 26 യുനിറ്റുകള്‍, അതിന്റെ 13 സബ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന് കേരള സാംസ്കാരിക ചരിത്രം അവതരിപ്പിക്കും. അവര്‍ക്കൊപ്പം തനത് നൃത്തവുമായി ബഹ്റൈന്‍ കലാകാരന്മാര് അണിനിരക്കും.
വൈകിട്ട് ആറിന് സമാപന പരിപാടിയില്‍ മന്ത്രി എംബി രാജേഷും ബഹ്റൈനിലെ സാംസ്ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖരും പങ്കെടുക്കും. രാത്രി എട്ടിന് ഗ്രാന്റ് ഫിനാലെയില്‍ കടുവ ഫെയിം അതുല്‍ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്ന് അരങ്ങേറും.