ജനന സര്‍ട്ടിഫിക്കറ്റില്‍ കോടതിയില്‍ അപേക്ഷ നല്‍കണം
ഈ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം, മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവിനെ അറിയാമോ ഇല്ലയോ എന്ന കാര്യവും പരിഗണിക്കാതെ തന്നെ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നു. കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സമര്‍പ്പിക്കുന്നതിലൂടെ അമ്മമാര്‍ക്ക് ഇപ്പോള്‍ കുട്ടികളുടെ ജനനം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി പ്രത്യേക അപേക്ഷാ ഫോറം അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. പുതിയ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 11 പ്രകാരം, കുഞ്ഞിന്റെ അമ്മയാണ് താനെന്ന സത്യവാങ്മൂലം സഹിതം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് ജനന സര്‍ട്ടിഫിക്കറ്റിനായി അമ്മമാര്‍ ചെയ്യണ്ടത്.
രണ്ട് രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം
അപേക്ഷ പരിഗണിക്കുന്ന കോടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്കാന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ ജനന രജിസ്ട്രേഷന് ഫോമിന്റെ അടിസ്ഥാനത്തില്‍, അമ്മമാര്‍ രണ്ട് രേഖകളാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി രേഖയും എമിറേറ്റ്സ് ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും. എന്തുകൊണ്ടാണ് ജനന സര്‍ട്ടിഫിക്കറ്റിനായി അമ്മ അപേക്ഷ നല്‍കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കുകയും വേണം.
നിയമം നടപ്പിലാക്കുന്ന ആദ്യ അറബ് രാജ്യം
ജനന രജിസ്ട്രിയുമായി ബന്ധപ്പെട്ട പുതിയ നിയമം അറബ് മേഖലയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായാണ് നിയമ വിദഗ്ധര്‍ വിലിയിരുത്തുന്നത്. അച്ഛനെ അറിയാത്ത കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള അമ്മയുടെ അവകാശം അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ. നേരത്തേ സാധുവായ വിവാഹ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കു മാത്രമേ മറ്റ് അറബ് രാജ്യങ്ങളിലെന്ന പോലെ യുഎഇയിലും ജനന സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നുള്ളൂ. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇത് മാറി. പുതിയ നിയമം കുഞ്ഞ് എങ്ങനെ ജനിച്ചുവെന്നോ അവന്റെ മാതാപിതാക്കള്‍ വിവാഹിതരാണോ എന്നോ നോക്കുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ജനനം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹം വ്യവസ്ഥയല്ല
പുതിയ നിയമം യുഎഇയില്‍ ജനന രജിസ്ട്രേഷന് ലളിതമാക്കുന്നതാണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ജനനം രജിസ്റ്റര്‍ ചെയ്യണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇതുവഴി അച്ചന് ആരെന്ന് അറിയാത്ത കുട്ടികള്‍ക്കും യുഎഇയില്‍ മികച്ച ആരോഗ്യ പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും അടക്കമുള്ള അവകാശം അംഗീകരിക്കപ്പെടുകയാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 7 പ്രകാരം, ഒരു കുട്ടിയെ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി വിവാഹം ആവശ്യമില്ല. പുതിയ നിയമത്തില്‍ ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നതിനു പകരം ‘അമ്മ’, ‘അച്ഛന്’ എന്നീ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ നിയമം നടപ്പില്‍ വരുന്നതു വരെ വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്കാന് വ്യവസ്ഥയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അത്തരം കുട്ടികള്‍ നിയമപരമായ രേഖകളില്ലാത്തവരായി ജീവിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായിരുന്നു. അതുവഴി വിദ്യാഭ്യാസം, വൈദ്യ പരിചരണം, യാത്ര എന്നിവയ്ക്കുള്ള അവകാശം നഷ്ടപ്പെടുന്ന സ്ഥിതി ഇതോടെ ഇല്ലാതാവും.