ശിവഗിരി: ശ്രീനാരായണ ധര്‍മം ജീവിതവ്രതമാക്കിയ ഋഷിവര്യനും ഗുരുദേവന്റെ സന്ന്യാസി ശിഷ്യപരമ്പരയിലെ പ്രമുഖനുമായിരുന്നു സ്വാമി പ്രകാശാനന്ദ. ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ഗുരുനാഥനായിരുന്നു സ്വാമി. മൂന്നു തവണ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ അധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. 1995, 2006, 2011 വര്‍ഷങ്ങളിലാണ് അദ്ദേഹം ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായത്. 1970 മുതല്‍ 1979 വരെ ധര്‍മസംഘം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, പ്രാര്‍ഥനാപൂര്‍വമായ കര്‍മനിര്‍വഹണം, ധര്‍മനിഷ്ഠ, നിശ്ചയദാര്‍ഢ്യം എന്നിവയാണ് സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിത്തീര്ത്തത്.
1923-ല്‍ കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂര്‍ കളത്താരടി തറവാട്ടില്‍ രാമന്- വെളുമ്പി ദമ്പതിമാരുടെ മകനായാണ് ജനിച്ചത്. കുമാരന് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. 23-ാം വയസിലാണ് ശിവഗിരിയിലെത്തിയത്. 1958-ല്‍ 35-ാം വയസില്‍ ശങ്കരാനന്ദ സ്വാമിയില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചാണ് പ്രകാശാനന്ദയായത്. അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളില്‍ വളരെക്കാലം സേവനം ചെയ്തിട്ടുണ്ട്. 1970 മുതല്‍ ധര്‍മസംഘം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1975-ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് സ്വാമിയുടെ കാലയളവിലാണ്.
1983 ഡിസംബര്‍ അഞ്ചു മുതല്‍ സ്വാമി മൗനവ്രതത്തിലായി. എട്ടു വര്‍ഷവും ഒമ്പത് മാസവും ഒരേപോലെ മൗനവ്രതം തുടര്‍ന്നു. ശിവഗിരി ആന്തരിക പ്രശ്നങ്ങളുടെയും സംഘര്‍ഷത്തിന്റെയും നാളുകളിലൂടെ കടന്നുപോയപ്പോള്‍ ഗുരുദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് സമരരംഗത്തും സ്വാമിയുണ്ടായിരുന്നു. ശിവഗിരി ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വാമി അനുഷ്ഠിച്ച നിരാഹാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ആശുപത്രിയിലുമായി 29 ദിവസമാണ് നിരാഹാരം തുടര്‍ന്നത്. ഗുരുഭക്തരിലും സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികളിലും ആശങ്കയുണ്ടാക്കിയ സമരമായിരുന്നു സ്വാമിയുടേത്.
1995 ഒക്ടോബറിലാണ് സ്വാമി പ്രകാശാനന്ദ ആദ്യമായി ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷ പദവിയിലെത്തിയത്. തുടര്‍ന്ന് 2006 മുതല്‍ 10 വര്‍ഷക്കാലവും ഗുരുദേവന്റെ സന്ന്യാസശിഷ്യ പരമ്പരയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിച്ചു. ധര്മപ്രചരണത്തിനൊപ്പം ശിവഗിരിയുടെ വികസനത്തിനും സ്വാമിയുടെ നേതൃശേഷി വിനിയോഗിച്ചു. ശിവഗിരിയുടെ സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധപുലര്‍ത്തി.
നവതി പിന്നിട്ടിട്ടും ഗുരുദര്‍ശനത്തിന്റെ മഹാപ്രകാശം പരത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. അധ്യക്ഷസ്ഥാനമൊഴിഞ്ഞ ശേഷവും ശിവഗിരി തീര്‍ഥാടനങ്ങളിലും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്വാമി സജീവസാന്നിധ്യമായിരുന്നു. ആത്മീയരംഗത്ത് കേരളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് സ്വാമി പ്രകാശാനന്ദയുടേത്. ഗുരുധര്‍മമാണ് ജീവിതധര്‍മമെന്ന് തിരിച്ചറിഞ്ഞ് സ്വജീവിതത്തെ അതിനായി സമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
Content Highlights: Sivagiri Mutt former head Swami Prakashananda dies