സോമന് തന്റെ പിതൃസഹോദരപുത്രൻ മരിച്ചതറിഞ്ഞ് വീട്ടിലേക്കെത്തിയതായിരുന്നു. ആ വേവലാതിയിൽ നിൽക്കുമ്പോഴാണ് ഒരു ഫോൺ വരുന്നത്. സ്ഥലം എസ്ഐയുടെ പേര് ഫോണിൽ തെളിഞ്ഞപ്പോഴേ സോമന് കാര്യം മനസ്സിലായി. അത്യാവശ്യമായി തിരുവല്ല വരെ വരണമെന്നായിരുന്നു എസ് ഐയുടെ ആവശ്യം. തിരുവല്ലയില്‍ ഒരു റോഡപകടം നടന്നെന്നും ഒരു സ്ത്രീ ടിപ്പർ കയറിയ നിലയില്‍ റോഡില്‍ കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ മൃതദേഹം പുറത്തെടുക്കണം. റോഡിലാണ് കിടക്കുന്നത്, അത്യാവശ്യമാണ്. വര്‍ഷങ്ങളായി ആ പ്രദേശങ്ങളിലെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് സോമനാണ്. ഒരു മടിയും കൂടാതെ, സാധിക്കുന്നത്ര വേഗത്തിൽ സംഭവസ്ഥലത്തെത്താറുണ്ട്. പക്ഷെ ഇപ്പോഴത്തെ സാഹചര്യം വേറെയാണ്. തൊട്ടപ്പുറത്ത് മരിച്ചു കിടക്കുന്നത് അച്ഛന്റെ അനിയന്റെ മകനാണ്. സ്വന്തം സഹോദരൻ! മറ്റൊരാളെ ഏർപ്പാടാക്കാൻ വഴികളാലോചിച്ചു. ഇത്തരം ജോലികൾക്ക് ഒരു പ്രദേശത്ത് ഒരാളെത്തന്നെ കിട്ടാൻ പ്രയാസമാണ്. ആ ജോലി ചെയ്യാൻ താൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിൽ സോമന് പോകാന്‍ തന്നെ തീരുമാനിച്ചു.
സ്ഥലത്തെത്തി നോക്കിയപ്പോള്‍ ഒരു സ്ത്രീ ടിപ്പറിനടിയില്‍ കിടക്കുന്നു. നാട്ടുകാര്‍ ചുറ്റും നോക്കി നില്‍ക്കുകയാണ്. ഒരാള്‍ക്ക് പോലും എടുത്ത് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തോന്നിയിട്ടില്ല എന്നുള്ളത് സോമനില്‍ ഒരു ഞെട്ടലും ഉണ്ടാക്കിയില്ല. എന്നും അങ്ങനെയല്ലേ സംഭവിച്ചിട്ടുള്ളൂ. മുഖം തിരിച്ചറിയാൻ പ്രയാസമുള്ള ആ മൃതദേഹം സോമൻ വാരിക്കെട്ടി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുന്നതു വരെയും അത് സ്വന്തം പെങ്ങളാണെന്ന് സോമന് തിരിച്ചറിഞ്ഞില്ല!
ആങ്ങള മരിച്ച വിവരമറിഞ്ഞ് വേവലാതിപ്പെട്ട് ഓടിവരുന്നതിനിടെ ടിപ്പറിനടിയിൽ കുടുങ്ങുകയായിരുന്നു അവർ.
താൻ വാരിക്കെട്ടി ആശുപത്രിയിലെത്തിച്ച മൃതദേഹം സ്വന്തം പെങ്ങളുടേതാണെന്ന തിരിച്ചറിവ് സോമനിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. അപകടം നടന്നയുടനെ അവരെ ആശുപത്രിയിലെത്തിക്കന് തയ്യാറാകാതെ കാഴ്ചക്കാരായി നിന്നവരോടെല്ലാം തോന്നിയ ദേഷ്യം ഇന്നും മാറിയിട്ടില്ല സോമന്. മറ്റുള്ളവരുടെ വേദനകളെ നിസ്സംഗതയോടെ കാണാൻ മനുഷ്യർക്ക് സാധിക്കുമെന്നതിന് സോമൻ പിന്നെയും പലവട്ടം സാക്ഷിയായി. ഒരിടത്തുപോലും അരനിമിഷം ചിന്തിച്ചു നിന്നിട്ടില്ല. ജീവിതത്തിന്റെ വേദനകളേറെ പേറിയൊടുങ്ങിയ ശരീരങ്ങളെ സോമൻ തന്റെ കൈകൾ കൊണ്ട് വാരിയെടുത്തിട്ടുണ്ട്. ആ നേരങ്ങളിൽ സോമന്റെ മനസ്സിലുയർന്ന നിലവിളികൾ ആത്മാക്കളുടെ അവസാനയാത്രയ്ക്ക് സാന്ത്വനവാക്കായി കൂട്ടുപോയി.
സോമന്റെ ജീവിതത്തില്‍ ഇത് ആദ്യമായല്ല വേണ്ടപ്പെട്ടവരുടെ മൃതദേഹത്തെ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നത്. ഏകദേശം 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുല്ലയിലെ ഓതറിയില് ഇടിമിന്നലില്‍ വീടിന് തീപിടിക്കുകയും ഭാര്യയും ഭര്‍ത്താവും മരണപ്പെടുകയും ചെയ്ത സംഭവമുണ്ടായി. കത്തിക്കരിഞ്ഞ മൃതശരീരങ്ങൾ പുറത്തെടുക്കാന്‍ ആരും മുതിര്‍ന്നില്ല. അന്ന് ചുറ്റും കൂടി നിന്ന എല്ലാവരും മടിച്ചു നിന്നപ്പോള്‍ പോലീസുകാര്‍ 27 വയസുള്ള ഒരു ചെറുപ്പക്കാരനെ സമീപിച്ചു. ആ ചെറുപ്പക്കാരന് സോമനായിരുന്നു. മരണപ്പെട്ടത് അയാളുടെ വകയിലെ അളിയനും പെങ്ങളും. ഒരു മടിയും കാണിക്കാതെ സോമന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നു. അന്ത്യകർമ്മങ്ങൾക്കു വരെ ഒപ്പം നിൽക്കുന്നു. പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുക്കേണ്ട സന്ദർഭം വരുമ്പോഴെല്ലാം പോലീസ് സോമന്റെ സഹായം തന്നെ തേടി. അങ്ങനെ ഇന്നോളം 4000 മൃതദേഹങ്ങള്‍ സോമന്റെ കൈകൾ കോരിയെടുത്തു.
അസീസിനെ പിന്തുടരുന്ന ആ ഉമ്മയുടെ കരച്ചിൽ
ശവമഞ്ചല്‍ കാണുന്നതും മരിച്ചു എന്നു കേള്‍ക്കുന്നതുമെല്ലാം വലിയ പേടിയായിരുന്ന ഒരു പതിനേഴുകാരനില്‍ നിന്നും 3983 മൃതശരീരങ്ങളെ പാക്ക് ചെയ്ത കഥയാണ് കോഴിക്കോടുകാരന് അസീസ് മഠത്തിലിന് പറയാനുള്ളത്. ഉപ്പ മരിച്ച് ജീവിതം വഴിമുട്ടി നില്ക്കുന്ന കാലം. 15 പൈസയായിരുന്നു അന്ന് ഒരു തക്കാളിപ്പെട്ടി ചുമന്നാല്‍ കിട്ടുന്നത്. ഒരു കിലോ അരിക്ക് അന്ന് 90 പൈസ. അസീസ് ഒരു ദിവസം ഒരു രൂപ, ഒന്നര രൂപയുടെ പണിയെടുക്കും, അരി വാങ്ങും. മാര്‍ക്കറ്റുകളില്‍ നിന്നും കളയാന്‍ വെച്ചിരിക്കുന്ന പച്ചക്കറി ചിക്കിച്ചികഞ്ഞ് തരക്കേടില്ലാത്തവ കണ്ടുപിടിക്കും. മീന്‍ മാര്‍ക്കറ്റില്‍ നിന്നും ഇത് തന്നെ ചെയ്യും. കറിവെക്കാനുള്ളത് അങ്ങനെ കിട്ടും. പതിയെ മറ്റ് പണികള്‍ക്കു കൂടി പോകാന്‍ തുടങ്ങി. ഒരു ദിവസം തോണിയില്‍ നിന്ന് മണ്ണ് കാണ്ടു വന്ന് വീടിന്റെ തറ നിറയ്ക്കുന്നതിനിടയില്‍ അസീസും കൂടെ ഉണ്ടായിരുന്ന മറ്റ് പണിക്കാരും ഒരു കൂട്ടക്കരച്ചില്‍ കേട്ടു. തലച്ചുമട് അവിടെയിട്ട് അസീസുള്പ്പടെയുള്ള പണിക്കാരെല്ലാം തെല്ല് വേഗത്തില്‍ അങ്ങോട്ടോടി. അവിടെ എത്തിയപ്പോള്‍ തന്റെ കുട്ടി വെള്ളത്തില്‍ വീണെന്നു പറയുന്ന കരയുന്ന ഒരു ഉമ്മയെയാണ് അവര്‍ കണ്ടത്. പുഴയില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് തന്നെ ചുറ്റുമുള്ളവരാരും പുഴയില്‍ ഇറങ്ങി കുഞ്ഞിനെ രക്ഷിക്കാന്‍ തയ്യാറായില്ല. എന്നല്‍ അസീസ് ആ പുഴയിലേക്ക് എടുത്തു ചാടി. വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ ഒന്നുകില്‍ തലമുടിയിലോ അല്ലെങ്കില്‍ കാലിലോ പിടിക്കണം, പണ്ടാരോ പറഞ്ഞു കേട്ട അറിവിന്റെ പിന്‍ബലത്തില്‍ മാത്രമായിരുന്നു ആ സാഹസം. എന്നാല്‍ വെള്ളത്തില്‍ വീണ കുഞ്ഞിന് കുറ്റിമുടിയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല എങ്ങനെയൊക്കേയോ പിടിച്ചു കരയിലേക്കിട്ടു. എന്നാല്‍ കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ”എന്തിനാണ് ചാടിയതെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടിയതെന്നും അറിയില്ല. എന്റെയുള്ളില്‍ ആ ഉമ്മയുടെ കരച്ചില് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി മരിക്കും എന്നൊന്നും കരുതിയില്ല, എങ്ങനെയെങ്കിലും വെള്ളത്തില്‍ച്ചാടി ആ കുട്ടിയെ രക്ഷിക്കണമെന്നേ ഓര്‍ത്തുള്ളൂ.” ആ ഉമ്മയുടെ കരച്ചിൽ ജീവത്തിലുടനീളം തന്നെ വിടാതെ പിന്തുടരുമെന്ന് അസീസ് അന്ന് കരുതിയില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ മൃതദേഹവും കൈകളിൽ താങ്ങിയെടുക്കുമ്പോൾ ആ ഉമ്മയുടെ കരച്ചിലാണ് അസീസിന്റെ മനസ്സിൽ നിറയുക. മനുഷ്യന്റെ നിസ്സഹായതയുടെ പിടപ്പറിഞ്ഞു എന്നത് അസീസ് ജീവിതം കൊണ്ട് നേടിയ അറിവാണ്.
അപകടം പറ്റിയും, വെള്ളത്തില്‍ വീണും, തീ കൊളുത്തിയുമെല്ലാം മരിച്ച മനുഷ്യരുടെ ദേഹങ്ങൾ, മറ്റുള്ളവർ തൊടാന്‍ അറയ്ക്കുന്ന മൃതദേഹങ്ങൾ എടുത്തുയർത്താൻ അസീസ് ഒരു മടിയും കാണിച്ചിട്ടില്ല ഇതേവരെ. റീ പോസ്റ്റ്മാര്‍ട്ടത്തിന് അടക്കിയ ശരീരങ്ങള്‍ പുറത്തെടുക്കാന്‍ പോലീസിനെ സഹായിക്കുന്നതും അസീസ് തന്നെ. കണ്ണൂര്‍, വയനാട്, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ അസീസ് സജിവമായി പ്രവര്‍ത്തിക്കുന്നു. മൃതശരീരങ്ങള്‍ പുറത്തെടുത്ത് കൃത്യമായി പാക്ക് ചെയ്യുന്നതാണ് സോമന്റേയും അസീസിന്റേയും പ്രധാന ജോലികളില്‍ ഒന്ന്. ഈ ജോലിയുടെ ഭാഗമായി തന്നെ റീ പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി അടക്കിയ ശരീരങ്ങള്‍ പുറത്തെടുക്കേണ്ടിയും വരാറുണ്ട്. അഴുകിയ ഇത്തരം മൃതദേഹങ്ങളെ സ്വന്തം കൈകൊണ്ടാണ് ഇവര്‍ എടുക്കുന്നത്. സോമന്റേയും അസീസിന്റെയും ജീവിതത്തിലെ അനുഭവങ്ങൾ എഴുതിത്തീർക്കുക സാധ്യമല്ല. ചില ഓര്‍മകളിലേക്ക് കടന്നുചെല്ലാമെന്നേയുള്ളൂ.
എലന്തൂരിൽ ബലിയായ ദേഹങ്ങൾ
ആദ്യമൊക്കെ കിണറ്റില്‍ വീണ് മരിച്ചതും, തൂങ്ങി മരിച്ചതും, തീപ്പൊള്ളലേറ്റ് കരിഞ്ഞതുമായ മൃതദേഹങ്ങളാണ് സോമന് എടുത്തു കൊണ്ടിരുന്നത്. അതില്‍ പഴക്കമില്ലാത്തതും പളക്കമുള്ളതുമെല്ലാം കാണും. ഒരാഴ്ച, ഒരു മാസമൊക്കെ പഴക്കമുള്ള, പുഴുക്കളരിച്ചു തുടങ്ങിയ ശവശരീരങ്ങളും യാതൊരു മടിയുമില്ലാതെ സോമന് പാക്ക് ചെയ്തിട്ടുണ്ട്. പിന്നീട് റീ പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടിയുള്ള ശവശരീരങ്ങള്‍, അതായത് ഒരിക്കല്‍ അടക്കിയവയും പുറത്തെടുക്കേണ്ടതായി വരാറുണ്ട്. എലന്തൂരില്‍ നരബലി എന്നു സംശയിക്കപ്പെടുന്ന കേസിലെ മൃതശരീരങ്ങള്‍ പുറത്തെടുത്തതും സോമന് തന്നെ.
പഴകി അഴുകിയിരുന്ന, വെട്ടി നുറുക്കപ്പെട്ട സ്ത്രീകളുടെ ശരീരം പുറത്തെടുക്കുമ്പോള്‍ താന്‍ കരഞ്ഞു പോയി എന്നാണ് ആ ദിവസത്തെക്കുറിച്ച് സോമന് പറയുന്നത്. ”4000ത്തോളം ബോഡി എടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെ മനുഷ്യനെ ചെയ്തു വച്ചിരിക്കുന്ന സംഭവം വേറെ ഞാന്‍ കണ്ടിട്ടില്ല, സഹിക്കില്ല നമ്മള്.” സോമന് പറയുന്നു. റീ പോസ്റ്റുമോര്‍ട്ടത്തിനായി മണ്ണെടുക്കുമ്പോള്‍ അതില്‍ കല്ലും കുപ്പിച്ചില്ലും വരെ ഉണ്ടായെന്നു വരാം. എന്നു കരുതി തൂമ്പയോ കത്തിയോ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. കൈ കൊണ്ട് തന്നെ മാന്തി എടുക്കണം. ”ജീവിതത്തില്‍ ഇന്നേ വരെ രണ്ട് സന്ദര്‍ഭങ്ങളിലാണ് കരഞ്ഞിട്ടുള്ളത് ഒന്ന് ഇലന്തൂരിലെ സംഭവത്തിൽ. മറ്റൊന്ന് 2018 ലെ പ്രളയം അവസാനിച്ച് വെള്ളമിറങ്ങി തുടങ്ങിയ സമയം, പ്രസവിച്ച അതേ അവസ്ഥയിലുള്ള ഒരു കുഞ്ഞിനെ ആറ്റില്‍ നിന്നും കരയ്ക്കെത്തിച്ചപ്പോള്‍. സഹിക്കാന്‍ കഴിഞ്ഞില്ല ആ കുഞ്ഞിനെ കണ്ടപ്പോള്‍. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി തൂങ്ങിക്കിടക്കുകയായിരുന്നു. എനിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുഞ്ഞിനെ കരയിലേക്ക് കൊണ്ടു വന്നതിനു ശേഷം അയല്‍ വീട്ടില്‍ നിന്നും കൊട്ട വാങ്ങി കുഞ്ഞിനെ അതില്‍ വെച്ചു പിന്നെ ഉറുമ്പു കേറുന്നുണ്ടോ എന്നു നോക്കി ഞാന്‍ കുറേ നേരം അടുത്തു തന്നെ നിന്നു.” സോമന്റെ വാക്കുകള്‍ ഇടറി. ഒരു ശരീരം പുഴുവരിച്ചാണ് കിടക്കുന്നതെങ്കില്‍ ആ പുഴുവിനോടു കൂടി ഡോക്ടറുടെ മുന്നിലെത്തിക്കണം. മുറിഞ്ഞു പോയ ഭാഗങ്ങളെല്ലാം കണ്ടെത്തി പാക്ക് ചെയ്യണം. ട്രെയിനപകടങ്ങളില് മരിക്കുന്നവരുടെ ശരീരഭാഗം കണ്ടെത്താനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സോമന് പറയുന്നു.
അസീസും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നിരവധി ദുരന്തമുഖങ്ങളില്‍ മനുഷ്യശരീരങ്ങള്‍ പുറത്തെടുത്തിട്ടുണ്ട് അസീസ്. കടലുണ്ടി ട്രൈന്‍ അപകടം, കൂക്കിപ്പറമ്പ് ബസ് അപകടം, തുടങ്ങി കഴിഞ്ഞ പ്രളയത്തില്‍ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വരെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ അസീസ് മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഓഖി ദുരന്തത്തില്‍ കടല്‍ത്തീരത്തടിഞ്ഞ 24 മൃതശരീരങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനും മെഡിക്കല്‍ക്കോളേജില്‍ നിന്നും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കാനും നാലഞ്ച് ദിവസം ഊണും ഉറക്കവുമില്ലാതെ മെഡിക്കല്‍ കോളേജില്‍ സജീവമായി അസീസ് ഉണ്ടായിരുന്നു. എല്ലാദിവസവും എന്തെങ്കിലും ചെയ്യണം. കഴിഞ്ഞ നാല്പത് വര്‍ഷമായി അസീസ് അങ്ങനെയാണ്.
അസീസ് റീ പോസ്റ്റുമോര്‍ട്ടത്തിനായി 20 ഓളം മൃതശരീരങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. ‘റീ പോസ്റ്റുമോര്‍ട്ടത്തിനായി ബോഡികള്‍ പുറത്തെടുക്കേണ്ടി വരുമ്പോള്‍ മണ്ണ് മാറ്റിത്തരാന്‍ പോലും പലരും മടിക്കും എന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും അസീസ് പറയുന്നത്. റീ പോസ്റ്റുമോര്ട്ടത്തിനെടുക്കുന്ന മൃതശരീരങ്ങളില്‍ അധികവും അഴുകിയിട്ടുണ്ടാവും. എന്നാല്‍ അസീസ് തന്റെ സ്വന്തം സഹോദരങ്ങളെന്നോണം അവരെ കണ്ട് ശരീരം പുറത്തെടുക്കും. ”എന്റെ സഹോദരങ്ങളാണെങ്കിലും ഞാന്‍ ചെയ്യില്ലേ? അങ്ങനെയെ ഞാന്‍ കാണാറുള്ളൂ. ചിലത് ആ സ്ഥലത്തു നിന്ന് തന്നെ റീ പോസ്റ്റുമോര്‍ട്ടം നടത്തും, ചിലപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോകേണ്ടി വരും.” എന്താണെങ്കിലും മുഴുവന്‍ സമയവും അസീസ് കൂടെ നിൽക്കണം. അതില്‍ ഒരു മടിയും ഒരിക്കലും തോന്നിയിട്ടില്ല അസീസിന്.
ജലോപരിതലത്തിലെത്തുന്ന മത്സ്യങ്ങൾ
ഒരു ദിവസം രാത്രി അസീസിന്റെ പ്രദേശവാസികള്‍ ഒരു സ്ത്രീയെ കാണാനില്ലെന്നും അവരെ അന്വേഷിക്കണമെന്നും പറഞ്ഞ് അസീസിന്റെ അരികിലെത്തി. നാട്ടുകാര്‍ക്കൊപ്പം അന്വേഷിച്ചിറങ്ങിയ അസീസ് അടുത്തുള്ള കിണറിലെ മത്സ്യങ്ങളും തവളയുമെല്ലാം ജലോപരിതലത്തില്‍ ഉള്ളതായി ശ്രദ്ധിച്ചു. കിണറില്‍ എന്തെങ്കിലും വീണിട്ടുണ്ടെങ്കിലാണ് ഇത്തരത്തില്‍ ജീവികള്‍ ജലോപരിതലത്തില്‍ വന്നു നില്ക്കുക. അതോടെ ആ സ്ത്രീ കിണറ്റില്‍ വീണതായി കരുതി അസീസ് കിണറ്റിലിറങ്ങി. എന്നാല്‍ ആദ്യം ജലത്തിനടിയില്‍ നിന്നും കിട്ടിയത് ഒരു കൊച്ചു കുഞ്ഞിന്റെ മൃതദേഹമായിരുന്നു. തുടര്‍ന്ന് വീണ്ടും ഒരു കുഞ്ഞ് മൂന്നാമതായാണ് കാണാതായ സ്ത്രീയുടെ ശരീരം കിട്ടുന്നത്. ”അപ്രതീക്ഷിതമായി കൊച്ചു കുഞ്ഞുങ്ങളുടെ ശരീരം എടുക്കേണ്ടി വരുന്നത് നമുക്കുണ്ടാക്കുന്ന ആഘാതം ചില്ലറയില്ല. ആ സ്ത്രീയുടെ മൃതശരീരം മാത്രം പ്രതീക്ഷിച്ചാണ് ഞാന്‍ കിണറ്റിലിറങ്ങിയത്. എന്നാല്‍ രണ്ട് കുഞ്ഞുങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.” അസീസ് ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ചു.
സോമനും അസീസിനും ഇതൊരു ജോലിയല്ല, രണ്ടു പേരും ഒരുപോലെ പറയുന്നത് ഇത് പണത്തിന് വേണ്ടി ചെയ്യുന്നതല്ല എന്നാണ്. സോമന് സ്വന്തമായി കെട്ടുറപ്പുള്ളൊരു വീടില്ല. സാമ്പത്തികമായി പ്രയാസത്തിലാണെങ്കിൽപ്പോലും ആരെങ്കിലും നിര്‍ബന്ധിച്ചു പണം കൊടുത്താല്‍ മാത്രമേ മൃതദേഹങ്ങള്‍ എടുക്കുന്നതിന് സോമന് പണം വാങ്ങൂ. ഈ ജോലി ഒരു വരുമാനമാര്‍ഗ്ഗമല്ല സോമന്. സേവനം എന്ന വാക്കിൽ സോമൻ എല്ലാം ഒതുക്കുന്നു.
തെങ്ങുകയറ്റം, ഇലക്ട്രിസിറ്റി ഓഫീസില്‍ കരാര്‍ തൊഴിലാളി എന്നിങ്ങനെ വരുമാന മാര്‍ഗ്ഗത്തിനായി മറ്റ് തൊഴിലുകളെയാണ് സോമന് ആശ്രയിക്കുന്നത്. ഇലക്ട്രിസിറ്റി ഓഫീസിലെ ജോലിക്കിടയില്‍ ഒരിക്കല്‍ ഒരു കമ്പി വന്ന് കണ്ണില്‍ കൊള്ളുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും സോമനെ തളര്‍ത്തിയിട്ടില്ല. ഒരു കണ്ണിലെ വെളിച്ചം കൊണ്ടാണ് ഈ 52 കാരന് മൃതദേഹങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്ക്കാതെ അവയെ പാക്ക് ചെയ്യുന്നത്. ”റീ പോസ്റ്റുമോര്ട്ടത്തിനെടുക്കുന്ന മൃതദേഹമെന്നു പറയുമ്പോള്‍ നമ്മള് വളരെ സൂക്ഷിക്കണം ബോഡിക്ക് ഒരു കേടും പറ്റരുത്. ദൈവം സഹായിച്ച് ഞാന്‍ ഇതു വരെ ചെയ്ത ഒരു കേസിലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല,” തന്റെ ജോലിയിലെ പ്രാവീണ്യത്തിലുള്ള അഭിമാനം അയാളുടെ വാക്കുകളിലുണ്ടായിരുന്നു. പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് പ്രധാനമായും സോമന് ജോലി ചെയ്യുന്നത്.
പതിനഞ്ചാം വാർഡ് മെമ്പർ അസീസ്
വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് അസീസ് ഇക്കാലമത്രയും ജീവിച്ചുപോന്നത്. ഉമ്മയുടെ അമ്മാവന് മരണപ്പെടുകയും കുടുംബ സ്വത്ത് ലഭിക്കുകയും ചെയ്തതോടെ സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ കുറഞ്ഞെങ്കിലും അസീസ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരുന്നു. ”ഇന്നേ വരെ ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതിനു വേണ്ടിയല്ല ഞാന്‍ ഈ പണി ചെയ്യുന്നത്. ചിലരൊക്കെ വല്ലാതെ നിര്ബന്ധിക്കുമ്പോള് ആ പൈസക്ക് വീല്‍ച്ചെയറോ വാട്ടര്‍ ബെഡോ ഞാന്‍ ആവശ്യപ്പെടും. നാട്ടിലെ രോഗികള്‍ക്കൊ ആവശ്യക്കാര്‍ക്കോ വിതരണം ചെയ്യാമല്ലോ,” അസീസ് കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ഭാഗത്തു നിന്നായാലും നാട്ടുകാരുടെ ഭാഗത്തു നിന്നായാലും വലിയ പിന്തുണയാണ് അസീസിന് ലഭിക്കുന്നത്. അതിന്റെ തെളിവാണ് കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഒളവണ്ണ 15 വാര്‍ഡ് മെമ്പറായി വലിയ ഭൂരിപക്ഷത്തിലുള്ള അസീസീന്റെ വിജയം.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് സോമന്റെ കുടുംബം. ”ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ഈ ജോലിയോട് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് അവര്‍ തന്നെ തിരിച്ചറിഞ്ഞു, ഞാന്‍ ആരുടേയും ഒന്നും മോഷ്ടിക്കാന്‍ പോകുന്നതൊന്നും അല്ലല്ലോ. പുഴുത്തു നില്ക്കുന്ന ബോഡിയാണെങ്കില്‍ പോലും മറ്റൊരാളുടേയും സഹായം ഞാന്‍ ആവശ്യപ്പെടാറില്ല, പാക്ക് ചെയ്ത് സ്ട്രെച്ചറിലാക്കുമ്പോള് സ്ട്രെച്ചര്‍ പിടിക്കാന്‍ മാത്രം ഒരാളെ ആവശ്യപ്പെടും. പുഴുവരിച്ച അച്ഛന്റെ ശരീരം പിടിക്കാന്‍ കൂട്ടാക്കാത്ത മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് എല്ലാവരും മനുഷ്യരാണ്,” സോമന് പറയുന്നു. എന്ത് തിരക്കില്‍ നില്‍ക്കുകയാണെങ്കിലും ആരെങ്കിലും മൃതശരീരമെടുക്കാന് വീളിച്ചാല് സോമന് എല്ലാ തിരക്കും മാറ്റി വെച്ച് അങ്ങോട്ടു പോകും. മനുഷ്യര്‍ അകലം പാലിച്ചു നിന്ന കോവിഡ് കാലത്തു പോലും അതിന് ഒരു മടിയും കാണിച്ചിട്ടില്ല. കോവിഡ് കാലത്ത് കോവിഡ് പോസ്റ്റീവായ എഴുപതോളം ബോഡി സോമന് എടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ഭയം കാരണം ഒരാള്‍ പോലും അടുത്തു വരില്ലായിരുന്നു. താന്‍ ഒറ്റയ്ക്കാണ് ബോഡികളെല്ലാം എടുത്തത്. കോവിഡ് കാലത്ത് 3 മൃതദേഹങ്ങള്‍ മറവു ചെയ്യാൻ അസീസ് സഹായിച്ചു. കൂടാതെ വീടുകള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളിലും അസീസ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
ദിവസം മൂന്ന് മൃതശരീരങ്ങള്‍ വരെ സോമന് എടുത്തിട്ടുണ്ട്. ട്രെയിനപകടത്തില്പ്പെട്ടവരായിരുന്നു മൂന്നു പേരും. ഈ ജീവിതത്തിനിടയില്‍ അപകടം പറ്റിയവരുടെ ധാരാളം മൃതശരീരങ്ങള്‍ സോമന് എടുത്തിട്ടുണ്ട്. പലരും റോഡില്‍ കിടന്ന് ആരും ആശുപത്രിയില്‍ എത്തിക്കാനില്ലാതെ മരിച്ചവര്‍. ”അപകടം പറ്റി റോഡില്‍ കിടക്കുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ ആര്‍ക്കും ഒന്നും സംഭവിക്കില്ല. ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒന്ന് വാങ്ങി വെക്കുമായിരിക്കും. ജനങ്ങള്‍ ചിന്തിക്കേണ്ട കാര്യമാണത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടുപടിക്കല്‍ വെച്ച് ഒരു അപകടമുണ്ടായി. ആളുകള്‍ ഓടിക്കൂടിയങ്കിലും ഒരാളു പോലും അയാളെ എടുക്കാനോ ആശുപത്രിയില്‍ കൊണ്ടു പോകാനോ തയ്യാറായില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ഞാനെത്തിയ ശേഷം പോലീസിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.”
തന്റെ പെങ്ങള് റോഡില്‍ അപകടം പറ്റി കിടന്നപ്പോഴും ചുറ്റും നിന്നവരാരും രക്ഷിക്കാന്‍ ശ്രമിക്കാഞ്ഞതിന്റെ നിരാശ സോമന് വീണ്ടും വീണ്ടും ഓർക്കുന്നു. സംസാരത്തിനിടയിൽ ആ സംഭവം ഇടക്കിടെ സോമന്റെ നാവിൽ വരും. മനസ്സിൽ നിന്ന് ഒഴിഞ്ഞുപോകാത്ത ഒരോർമ. അപകടത്തില്‍ പെടുന്ന മനുഷ്യരെ മറ്റാരും രക്ഷിക്കാത്തതിനെക്കുറിച്ച് അസീസിനും ചിലത് പറയാനുണ്ട്: ”അപകടം പറ്റിയ ധാരാളം ബോഡികള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അവിടെ സ്ഥിരമായി കാണാറുള്ള കാഴ്ച എന്താണെന്നാല്‍ അപകടം പറ്റിയ ആളെ ഒന്ന് ആശുപത്രിയിലെത്തിക്കാന്‍ നോക്കാതെ നോക്കി നില്‍ക്കുന്നവരെയാണ്. ചിലര്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കാണാം. അതൊക്കെ കാണുമ്പോള്‍ ശരിക്കും സങ്കടം തോന്നാറുണ്ട്.”
അസീസും സോമനും നമ്മുടെ സമൂഹത്തിലെ വളരെ കുറച്ചുമാത്രം വരുന്ന ഒരു കൂട്ടരുടെ പ്രതിനിധികളാണ്. അവർ ഏതിനും മുകളിൽ മനുഷ്യനെ മാത്രം കണ്ടു. മനുഷ്യനെ ഉപേക്ഷിക്കുന്നവര്‍ ദൈവത്തെ ഉപേക്ഷിക്കുന്നവരാണെന്ന് അവർ തിരിച്ചറിഞ്ഞു. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന ദേഹങ്ങൾ കോരിയെടുക്കുമ്പോൾ അവരുടെ കൈകൾ സൃഷ്ടികളെ പുണരുന്ന ദൈവത്തിന്റെ കരങ്ങളായി.