കോഴിക്കോട്: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ആംബുലൻസ് വളയം പിടിച്ച കടത്തനാട്ടിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ വിലങ്ങാട് ദീപ ജോസഫിന്റെ മകൾ എയ്ഞ്ചൽ മരിയയ്ക്ക്(13) ജീവിതത്തിലേക്ക് തിരിച്ചെത്താന് ഉദാരമതികളുടെ സഹായം വേണം. അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ എയ്ഞ്ചൽ മരിയക്ക് ഇപ്പോൾ ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുണ്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ ദീർഘനാളത്തെ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
രക്തം കട്ടപിടിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നുവെങ്കിലും അതും 75 ശതമാനം മാറിയിട്ടുണ്ട്. ചെറുതായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും തൊണ്ടവേദന മൂലം ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നുണ്ട്. അപകട നില അമ്പത് ശതമാനത്തോളം മറികടന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എങ്കിലും തുടർച്ചയായ ഡയാലിസിസ് വേണ്ടിവരും.
വലിയ ചികിത്സാ ചെലവ് വരുമെന്നതിനാൽ പല രീതിയിൽ പണം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഏകദേശം പത്ത് ലക്ഷം രൂപയോളം നിലവിലെ ചികിത്സയ്ക്ക് ആവശ്യമായി വരും. ഉദാരമതികൾ നിരവധി പേർ സഹായിച്ചിട്ടുണ്ടെങ്കിലും തുടർ ചികിത്സയ്ക്കായി ഇനിയും പണം ആവശ്യമായി വരുമെന്നാണ് അറിയിച്ചത്. ഒരു കണ്ണിലേക്ക് രക്തം ഇറങ്ങുന്ന അവസ്ഥയുണ്ട്. എങ്കിലും കുറെക്കാലം ഡയാലിസിസ് വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മൂന്ന് ഡയാലിസിസ് പൂർത്തിയായതോടെ പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പ്രകടിപ്പിക്കുന്നത്. വിഷാംശം ശരീരത്തിലെ മുഴുവൻ അവയവങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 10 ലക്ഷം രൂപയെങ്കിലും നിലവിലെ ചികിത്സയ്ക്ക മാത്രമായി വേണ്ടിവരുമെന്നാണ് കരുതുന്നത്. തുടർന്നായിരുന്നു ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കാൻ തുടങ്ങിയത്.
28-ന് ഇരിട്ടിയിലെ പിതാവിന്റെ സഹോദരിയുടെ വീട്ടുപരിസരത്തുനിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. കല്ലാച്ചി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മരിയ സ്കൂളടച്ചതിനെത്തുടർന്ന് പിതാവിന്റെ വീട്ടിൽ പോയതായിരുന്നു.
കടത്തനാട് മേഖലയിലെ ആദ്യത്തെ വനിതാ ഹെവിഡ്രൈവറാണ് ദീപ. കോളേജ് ബസിലെ ഡ്രൈവറായും ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീപയുടെ ജീവിതകഥ മാതൃഭൂമി ഡോട്കോം പ്രസിദ്ധീകരിച്ചിരുന്നു.
കോവിഡിനെത്തുടർന്നുണ്ടായ ആദ്യ ലോക്ഡൗണിൽ കോളേജ് വാഹനത്തിലെ ജോലി നിലച്ചതോടെ ആംബുലൻസ് ഓടിക്കാൻ സ്വയം തയ്യാറായി രംഗത്തുവരികയായിരുന്നു ദീപ. ദീപയെ സാഹായിക്കാൻ താൽപര്യമുള്ളവർക്ക് ഈ വിലാസത്തിൽ പണം നൽകാം-
വിലാസം: ദീപ ജോസഫ്, ഫെഡറൽ ബാങ്ക്, മെഡിക്കൽ കോളേജ് ബ്രാഞ്ച് കോഴിക്കോട്, അക്കൗണ്ട് നമ്പർ: 21390 1000 26574, ഐ.എഫ്.എസ്.സി.കോഡ് FDRL0002139