ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിർവഹിച്ച സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയി(AFRIFF) ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 9 ന് ചിത്രത്തിൻ്റെ പ്രദർശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്. ഇൻഡ്യയിൽ നിന്നു ഈ വർഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആൻറണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽഒരു പഴയകാല കളർടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പ്രതികൂല സാഹചര്യത്തിലും തീയറ്ററിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രം കഴിഞ്ഞദിവസം ഓ.ടി.ടി പ്രദർശനത്തിനും എത്തി. ആമസോൺ പ്രൈം ആണ് ചിത്രത്തിൻറെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ പ്രേക്ഷകരുടെ
മികച്ച അഭിപ്രായങ്ങൾ നേടുന്ന ചിത്രം തമിഴ് സിനിമയിൽ സംഭവിച്ച ന്യൂ വേവ് വിൻ്റേജ് ഗ്രാമീണ ചിത്രങ്ങളുടെ മോഡലിന് മലയാളത്തിലും തുടക്കമിടുകയാണ്.
ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.സബാഷ് ചന്ദ്രബോസ് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. എൺപതുകളിലെ കേരളീയ ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയ ചിത്രത്തിന് റിലീസ് സമയത്ത് നിറഞ്ഞ കയ്യടികളോടെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉണ്ണികൃഷ്ണൻ ജോണി ആൻറണി കോംബോ കൂട്ടുകെട്ടിൻെറ നാട്ടിൻപുറ നന്മകളാൽ നിറഞ്ഞ തമാശകളും ജാഫർ ഇടുക്കി സുധി കോപ്പ രമ്യ സുരേഷ് ശ്രീജ ദാസ് എന്നിവരുടെ അനിതരസാധാരണമായ അഭിനയ പ്രകടനവുമാണ് ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റ്. ജോളി ലോനപ്പനാണ് സിനിമ നിർമിച്ചിരിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ. ശ്രീനാഥ് ശിവശങ്കരൻ സംഗീതവും സ്റ്റീഫൻ മാത്യ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രം അധികം വൈകാതെ ടെലിവിഷനിലും എത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..