തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ഗൂഢാലോചന കേസിലെ ഒന്നാംപ്രതി എസ്.വിജയനെതിരേ ആരോപണവുമായി മറിയം റഷീദ. അന്ന് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്.വിജയന് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്നാണ് ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും മറിയം റഷീദ . കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറിയം റഷീദയുടെ ആരോപണം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മറിയം റഷീദ ഹര്‍ജി നല്‍കിയത്.
ഐ.എസ്.ആര്.ഒ. ചാരക്കേസിലെ ഗൂഢാലോചനയിൽ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്ന് ചാരക്കേസിലെ പ്രതിയായിരുന്ന മറിയം റഷീദ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറിയം റഷീദ വെളിപ്പെടുത്തിയത്.
ഉദ്ദേശിച്ച വിമാനത്തില്‍ തനിക്ക് മാലദ്വീപിലേക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചു. വിസ കാലാവധി നീട്ടിക്കിട്ടുന്നതിനായി കമ്മിഷണര്‍ ഓഫീസില്‍ പോയപ്പോഴാണ് എസ്.വിജയനെ കാണുന്നത്. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് ഒരു ദിവസം എസ്.വിജയന് മുറിയിലെത്തി തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതയായ താന്‍ എസ്.വിജയനെ അടിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതെന്നാണ് ഹര്‍ജിയില്‍ മറിയം റഷീദ പറയുന്നത്.
അറസ്റ്റ് ചെയ്തതിന് ശേഷം ഐ.ബി.ഉദ്യോഗസ്ഥര്‍ അതിക്രൂരമായ രീതിയില്‍ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാല് കസേര ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചു. ഇത്തരത്തില്‍ ക്രൂരമായ പീഡനങ്ങള്‍ കസ്റ്റഡിയിലിരിക്കേ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യവും മറിയം റഷീദ ഹര്‍ജിയില്‍ പറയുന്നു.
Content Highlights:Mariam Rasheeda raises sexual abuse allegation against S.Vijayan