ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും
വെംബ്ലി: യൂറോയിൽ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്. യൂറോ കപ്പിലെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഡെന്മാര്ക്കിനെ തകർത്ത് ഇംഗ്ലണ്ട് ആദ്യമായി യൂറോ കപ്പ് ഫൈനലിന് യോഗ്യത നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. എക്സ്ട്രാ ടൈമിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ നേടിയ ഗോളാണ് ടീമിനെ ഫൈനലിലെത്തിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.
മത്സരത്തിന്റെ ആദ്യം മുതൽ തന്നെ കളിയുടെ കടിഞ്ഞാൺ ഇംഗ്ലണ്ടിന്റെ കയ്യിലായിരുന്നു. എന്നാൽ മുപ്പതാമത്തെ മിനിറ്റില്‍ ഡെന്മാര്ക്കാണ് ആദ്യ ഗോൾ നേടിയത്. ഫ്രീകിക്കിലൂടെ ഡംസ്ഗാര്‍ഡ് ആണ് ഇംഗ്ലീഷ് വല കുലുക്കിയത്. എന്നാല്‍ എട്ടു മിനിട്ടുകൾക്ക് ശേഷം ബുക്കായോ സാക്ക സ്റ്റര്‍ലിങ്ങിനെ ലക്ഷ്യമാക്കി നല്കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഡെന്മാര്ക്ക് നായകന് സിമോണ്‍ കെയറിന്റെ കാലിൽ തട്ടി പന്ത് വലയില്‍ കയറി. സ്കോർ സമനിലയിലെത്തി.
പിന്നീട് ഇരു ടീമും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കൂടുതൽ പോരാട്ട വീര്യം പുറത്തെടുത്തെങ്കിലും ഡച്ച് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഗോളുകൾ പിറക്കാതായി. ഡച്ച് പട ഇംഗ്ലണ്ട് ഗോൾ വല ലക്ഷ്യമാക്കി നടത്തിയ ആക്രണങ്ങളും ഗോൾ ആക്കാൻ കഴിയാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.
എക്സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആക്രമണം തുടർന്നു. 94ാം മിനിറ്റിൽ ഹരിക്കെയിൻ ഗോൾ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും കാസ്പെർ സ്മൈക്കൽ തട്ടിയകറ്റി. 104ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയവഴി തെളിഞ്ഞു. ബോക്സിനുള്ളില്‍ സ്റ്റര്‍ലിങ്ങിനെ വീഴ്ത്തിയതിനു പെനാല്‍റ്റി ലഭിച്ചു. ഷോട്ടെടുത്ത ഹാരി കെയ്ന്‍ ആദ്യം പിഴച്ചെങ്കിലും റീബൗണ്ടില്‍ കെയ്ന്‍ ലക്ഷ്യം കണ്ടു.
Also Read: Copa America 2021: കോപ്പയിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ
യൂറോ കപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ട് പട ഫൈനലിലെത്തുന്നത്. 1996ല്‍ സെമി ഫൈനലിലെത്തിയതാണ് ഇംഗ്ലണ്ടിന്റെ മുൻപത്തെ ഏറ്റവും മികച്ച പ്രകടനം. 1966ൽ ലോകകപ്പ് നേടിയ ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു വലിയ ടൂർണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.