തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പുനര്‍വിന്യസിച്ച് ഭരണതലത്തില്‍ അഴിച്ചുപണി. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെയും നിയമിച്ചു. ചീഫ് ഇലക്ടറര്‍ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്കാണ് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല. ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. 35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്കി. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കല്‍സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്കുമാര്‍ സിന്‍ഹ (കയര്‍, വനം വന്യജീവി വകുപ്പ്) റാണിജോര്‍ജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്കാരികം), സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്പോര്‍ട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന് (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകര്‍ (ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി), സി.എ. ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ക്ക് ചുമതലകള്‍ നല്കി.
കായിക യുവജനകാര്യ ഡയറക്ടര്‍ ജെറൊമിക് ജോര്‍ജിന് ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നല്കി. എം.ജി. രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍), എസ്. ഹരികിഷോര്‍ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പ് ഡയറക്ടര്‍), എ. കൗശിഗന് (അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല), ആര്. ഗിരിജ (ഫിഷറീസ് ഡയറക്ടര്‍). ഡി. സജിത്ത് ബാബു (സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ആയുഷ് മിഷന് ഡയറക്ടര്‍), എസ്. സുഹാസ് (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന്), എസ്. സാംബശിവ റാവു (സര്‍വേ ലാന്‍ഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടര്‍, കെ.എസ്.ഐ.ടി.ഐ.എല്‍.). തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു.
ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍
ഹരിത വി. കുമാര്‍ (തൃശ്ശൂര്‍), ജാഫര്‍ മാലിക് (എറണാകുളം), ദിവ്യ എസ്. അയ്യര്‍ (പത്തനംതിട്ട), നരസിംഹുഗാരി ടി.എല്‍. റെഡ്ഡി (കോഴിക്കോട്), പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റണ്വീര് ചന്ദ് (കാസര്‍കോട്).
Content Highlights: New collectors in seven districts