മൃതദേഹത്തിന് അടുത്തിരുന്ന് കഞ്ചാവ് വലിച്ചൊരു രാത്രി
ചോദ്യം ചെയ്യലിനിടെയാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. താൻ കഞ്ചാവ് ഉപയോഗിക്കുന്നതിനെ ഇടയ്ക്ക് ശ്രദ്ധ വഴക്ക് പറയാറുണ്ടെന്നും അഫ്താബ് പറഞ്ഞു. അവസാന സമയങ്ങളിൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു ഇരുവരമെന്നും കൊല നടന്ന ദിവസം ഇരുവരും തമ്മിൽ ചെലവുകളുടെ കാര്യം പറഞ്ഞും മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് ലഗേജ് ആര് കൊണ്ടുവരുമെന്നും പറഞ്ഞ് വഴക്കുണ്ടായിരുന്നുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചൂടേറിയ വാഗ്വാദത്തിന് പിന്നാലെ അഫ്താബ് പുറത്തുപോകുകയും കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം മടങ്ങിവരികയും ചെയ്യുകയായിരുന്നു. തനിക്ക് ശ്രദ്ധയെ കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും എന്നാൽ കഞ്ചാവിന്റെ ലഹരിയിലാണ് അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നും അഫ്താബ് പോലീസിനോട് വ്യക്തമാക്കി.
കൊലപാതകം…
മെയ് 18ന് രാത്രി ഒൻപതിനും 10നും ഇടയ്ക്കാണ് കൊല നടന്നത്. ശ്രദ്ധ മരിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷം മൃതദേഹത്തിന് സമീപത്ത് കിടന്നുകൊണ്ട് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട്, ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയും 300 ലിറ്ററിന്റെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയുമായിരുന്നു. 18 ദിവസങ്ങളെടുത്ത് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു.
ചുരുളുകൾ അഴിഞ്ഞത്…
ആദ്യഘട്ടം മുതൽക്കെ പോലീസിന്റെ സംശയപട്ടികയിൽ ഉള്ളയാളായിരുന്നു അഫ്താബ് അമീൻ പൂനാവാല. ഒരു വാട്ടർ ബില്ലാണ് അഫ്താബിനെ കുടുക്കുകയും സുപ്രധാന തെളിവാകുകയും ചെയ്തത്. അതിന് പുറമെ, മൊഴികളിലെ വൈരുദ്ധ്യങ്ങളും കുരുക്കലായി.
അഫ്താബിനെ ആദ്യം ചദ്യം ചെയ്തപ്പോൾ ശ്രദ്ധ ഫ്ലാറ്റിൽ നിന്നും പോയെന്നും താൻ തനിച്ചാണ് താമസിക്കുന്നത് എന്നുമായിരുന്നു മൊഴി. എന്നാൽ, ഡൽഹിയിൽ ഒറ്റയ്ക്ക് ഒരാൾ താമസിക്കുന്ന വീട്ടിൽ എങ്ങനെ 300 രൂപ വാട്ടർ ബില്ല് വന്നുവെന്നതായിരുന്നു പോലീസിനെ സംശയം ഉയർത്തിയത്. തുടർന്നാണ് ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയത്. പിന്നീട്, ചോദ്യം ചെയ്യലിലാണ് കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വെള്ളത്തിന്റെ കണക്ക് ഇങ്ങനെ,
രാജ്യതലസ്ഥാനത്ത് മാസം 20,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് സൗജന്യമായാണ് വെള്ളം നൽകുന്നത്. സാധാരണയായി ഒരു കുടുംബത്തിന് ആവശ്യം വരില്ല എന്നതിനാൽ വെള്ളത്തിന് ബിൽ അടയ്ക്കേണ്ട് വരാറില്ല. അഫ്താബിന്റെ ഒഴികെയുള്ള എല്ലാ നിലകളുടേയും വാട്ടർ ബിൽ എന്നത് പൂജ്യം ആണെന്നതും ശ്രദ്ധേയമായ കാര്യമായി. ഈ വിത്യാസം സംശയങ്ങൾ ഉയർത്തുന്നതിനും കാരണമായിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ മുറിച്ചത് വൃത്തിയാക്കുന്നതിനോ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കഴുകാനോ അല്ലെങ്കിൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പൈപ്പിന്റെ വെള്ളം തുറന്നുവച്ചതോ ആകാം ഇത്രയധികം ചിലവുകൾ ഉണ്ടായിരിക്കുന്നത്.
ഫോണുകളുടെ ലൊക്കേഷനും വിനയായി
ശ്രദ്ധയുടെ മരണ ശേഷം ജീവിച്ചിരിക്കുന്നുവെന്ന് വരുത്തുന്നതിന് അവരുടെ സുഹൃതത്തുക്കളുമായി ചാറ്റ് ചെയ്യാനും മറ്റുമായി ഫോൺ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ് 31ലെ ചാറ്റുകൾ നടത്തുമ്പോഴും ഫോണിന്റെ സ്ഥാനം വീണ്ടും മെഹ്റൗളിയാണെന്ന് കാണിച്ചതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ അഫ്താബിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. പിന്നീട്, നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ആദ്യം നിരസിച്ചെങ്കിലും ഓരോ തെളിവുകളായി പോലീസ് നിരത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്.