ഏഷ്യൻ ടൂറിസം റിസർച് ഫൌണ്ടേഷന്റെ പ്രൊഫ. തേജ്വീർസിംഗ് അവാർഡ് ഫോർ എക്സലൻസ് ഡോ. ദിലീപ് എം ആറിന് ലഭിച്ചു. ടൂറിസം അക്കാദമിക, ഗവേഷണ മേഖലയിലെ സമഗ്രസംഭാവനക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ അവാർഡ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഡെപ്പ്യൂട്ടേഷനിൽ ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. ദിലീപ് പുൽപള്ളി പഴശ്ശിരാജ കോളേജിൽ ടൂറിസം അസ്സോസിയേറ്റ് പ്രൊഫസറും വൈസ് പ്രിൻസിപ്പാളുമായിരുന്നു.
ടൂറിസം ഗവേഷണ രംഗത്ത് മികവിനുള്ള ലോക ടൂറിസം സംഘടന (UNWTO) നൽകുന്ന യുലിസ്സിസ് അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായ പ്രൊ. തേജ് വീർ സിംഗ് ടൂറിസം റീക്രീയെഷൻ റിസർച്ച് എന്ന അന്താരാഷ്ട്ര ജേർണലിനിന്റെ ഫൗണ്ടിങ് എഡിറ്റർ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകി വരുന്ന അവാർഡ് ഈ വർഷം ഡോ. ദിലീപിനൊപ്പം ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയാ യൂണിവേഴ്സിറ്റി പ്രൊഫസ്സർ നിമിത് ചൗധരിക്കും നൽകിയിട്ടുണ്ട്. എട്ടോളം പുസ്തകങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ദീകരിച്ചിട്ടുള്ള ഡോ. ദിലീപ് നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ദീകരിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല ആഗോളതലത്തിലെ ഏറ്റവും മുന്തിയ സർവവിജ്ഞാന കോശം തയ്യാറാക്കിയ എക്സ്പെർട്ട് പാനലിലും ഡോ. ദിലീപ് അംഗമായിരുന്നു. ഫിലിപ്പീൻസിലെ ഫാർ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും ഇന്ത്യയിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ വച്ചു നടത്തിയ ഏഷ്യൻ ടൂറിസം കോണ്‍ഫറൻസിലാണ് അവാർഡ് ദാനം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..