“നരേന്ദ്ര മോദി-ജിയും അമിത് ഷാ-ജിയും എന്നില്‍ ഒരിക്കല്‍ക്കൂടെ വിശ്വാസം അര്‍പ്പിച്ചു, ഈ സര്‍ക്കാരില്‍ ഭാഗമാകാന്‍ ക്ഷണിച്ചു. അവര്‍ രണ്ടുപേരോടും എനിക്ക് നന്ദിയുണ്ട്,” ആരോഗ്യമന്ത്രിയായതിന് ശേഷം മൻസുഖ് പ്രതികരിച്ചു.
കൊവിഡ്-19 പ്രതിരോധത്തില്‍ കടുത്ത വിമര്‍ശനം നേരിട്ട മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടെയായ ആരോഗ്യമന്ത്രി ഹര്ഷ്വര്ധനെയും സഹമന്ത്രി അശ്വിനി ചൗബെയെയും പുറത്താക്കിയാണ് മൻസുഖ് മാണ്ഡവ്യ കസേരയില്‍ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുൻപ് മൻസുഖ് മാണ്ഡവ്യ മൂന്ന് വാക്സിന് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കൊവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുന്ന പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദബാദിലെ സിഡസ് പ്ലാന്റ്, കൊവാക്സിന് നിര്‍മ്മിക്കുന്ന ഭാരത് ബയോടെക് കേന്ദ്രം എന്നിവിടങ്ങളിലാണ് സഹമന്ത്രിയായി മൻസുഖ് സന്ദര്‍ശനം നടത്തിയത്.
ആരാണ് മൻസുഖ് മാണ്ഡവ്യ?
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്നുള്ള 49 വയസ്സുകാരനായ മൻസുഖ്, അമിത് ഷായുടെ വിശ്വസ്തനാണ്. ആര്.എസ്.എസിലൂടെ വളര്‍ന്ന മാണ്ഡവ്യ 2002ല്‍ വെറും 30-ാം വയസ്സില്‍ ഗുജറാത്തില്‍ എം.എല്‍.എയായി. ഗുജറാത്ത് നിയമസഭ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാജികന് ആയിരുന്നു അന്ന് മൻസുഖ്.
1972 ജൂലൈ ഒന്നിന് ഗുജറാത്തിലെ ഭവ്നഗര്‍ ജില്ലയിലാണ് മൻസുഖ് മാണ്ഡവ്യ ജനിച്ചത്. ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച മൻസുഖ്, ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. 1992ല്‍ ബി.ജെ.പി യുവജന പ്രസ്ഥാനം എ.ബി.വി.പിയില്‍ ചേര്‍ന്നു. അധികം വൈകാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി.
1996ല്‍ സജീവ ബി.ജെപി പ്രവര്‍ത്തകനായി. ബി.ജെ.വൈ.എം എന്ന ബി.ജെ.പിയുടെ പോഷക സംഘടനയില്‍ ചേര്‍ന്നു. 2002ല്‍ എം.എല്‍.എയായി. ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയൻസ് ബിരുദവും പൊളിറ്റിക്കല്‍ സയൻസസ് ബിരുദാനന്തര ബിരുദവും നേടി.
2010ല്‍ ഗുജറാത്ത് ആഗ്രോ ഇൻഡസ്ട്രിയല്‍ കോര്പ്പറേഷന് ചെയര്‍മാനായി. 2012ല്‍ രാജ്യസഭ അംഗമായി. 2013ല്‍ ഗുജറാത്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. 2015ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. 2018ല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ചു. 2016ല്‍ മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി. ഗതാഗതം, ഷിപ്പിങ്, രാസവളം വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 2019 മെയ് മാസം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.
ഗുജറാത്ത് മുഖ്യമന്ത്രിപദം
ഗുജറാത്ത് രാഷ്ട്രീയത്തിലെ ഒന്നാം നമ്പര്‍ നേതാക്കളില്‍ ഒരാളാണ് മൻസുഖ് മാണ്ഡവ്യ. പട്ടീദാര്‍ ജാതിയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവ്. ജനസംഖ്യയില്‍ 12.3 ശതമാനം മാത്രമേയുള്ളൂ എങ്കിലും ഗുജറാത്ത് രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമവാക്യമാണ് പട്ടീദാര്‍. 2017ല്‍ ഗുജറാത്തിലെ 117 ബി.ജെ.പി എം.എല്‍.എമാരില്‍ 37 പേര് പട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവരായിരുന്നു.
പട്ടേല്‍ എന്ന് ജാതിപ്പേര് ചേര്‍ക്കുന്ന പട്ടീദാര്‍ സമൂഹമാണ് 2015ല്‍ ഗുജറാത്തില്‍ ഒ.ബി.സി സംവരണത്തിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയത്. ആ സമരത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് ബി.ജെ.പിക്ക് എതിരെ വലിയ ഭീഷണിയായ പട്ടീദാര്‍ സമരം ഒതുക്കിയതില്‍ മൻസുഖ് മാണ്ഡവ്യയായിരുന്നു ബി.ജെ.പിയുടെ തുറുപ്പുചീട്ട്. 2017ല്‍ പട്ടീദാര്‍ പ്രക്ഷോഭകരുടെ ചെരുപ്പേറ് വരെ മാണ്ഡ്യവ നേരിട്ടു.
കൊവിഡ്-19 ഗുജറാത്തില്‍ ഗുരുതരമായപ്പോള്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം മൻസുഖ് മാണ്ഡവ്യ മുഖ്യമന്ത്രിയാകുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ആനന്ദിബെൻ പട്ടേലില്‍ നിന്ന് രൂപാണിക്ക് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം രൂപാണിക്ക് നല്‍കിയത്, മാണ്ഡവ്യയെ ഒഴിവാക്കിയായിരുന്നു.
സിറ്റിങ് സീറ്റുകളില്‍ 16 എണ്ണം ബി.ജെ.പിക്ക് നഷ്ടമായ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തെ ചൊല്ലി ആശയക്കുഴപ്പം തുടര്‍ന്നു. കര്ഷകപ്രശനങ്ങളില് കൂടുതല്‍ സ്വീകാര്യതയുള്ള നിലപാടുകള്‍ മാണ്ഡവ്യയുടെതാണെന്ന് കണ്ട് ബി.ജെ.പി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള യൂറിയ വ്യവസായങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പദ്ധതി മുന്നോട്ടുവെച്ചത് മാണ്ഡവ്യയാണെന്നാണ് കരുതുന്നത്. ഇത് മോദിക്ക് കൂടെ മാണ്ഡവ്യയെ സ്വീകാര്യനാക്കി – 2017ലെ ഒരു ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് പറയുന്നു.
മാണ്ഡവ്യ ഇമേജ്
ലാളിത്യമാണ് മൻസുഖ് മാണ്ഡവ്യയുടെ മുഖമുദ്ര. ബി.ജെ.പിയിലെ മറ്റു നേതാക്കളെപ്പോലെ വെട്ടിത്തുറന്നുള്ള അഭിപ്രായങ്ങള്‍ മാണ്ഡവ്യയുടെതായിട്ടില്ല. നരേന്ദ്ര മോദിക്ക് സമാനമായ ഒരു മുഖമാണ് മൻസുഖ് മിക്കപ്പോഴും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
“അയാള്‍ (മാണ്ഡവ്യ) ഒരു ലളിതരീതിയാണ്. രാജ്യസഭയിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോകുന്നു. അയാളുടെ കുടുംബം ഇപ്പോഴും ഗുജറാത്തില്‍ ബസ്സിലാണ് യാത്ര ചെയ്യുന്നത്. ആര്.എസ്.എസ് – ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് സ്വീകാര്യൻ,” പേര് വെളിപ്പെടുത്താത്ത ഒരു ബി.ജെ.പി സോഴ്സിനെ അധീകരിച്ച് 2017ല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രസഹമന്ത്രിയായിരുന്നപ്പോള്‍ മാണ്ഡവ്യ 5100 ജൻ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുൻകൈ എടുത്തു. ഹൃദയ സ്റ്റെന്റുകളും കാല്‍മുട്ട് മാറ്റിവെക്കലിനുള്ള ഉപകരണങ്ങളും വില കുറച്ച് ലഭ്യമാക്കാന്‍ നടപടിയെടുത്തു. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ 10 കോടി സാനിറ്ററി പാഡുകള്‍ പ്രകൃതിദത്തമായ രീതിയില്‍ നിര്‍മ്മിക്കാനും ചെലവ് കുറച്ച് വിതരണം ചെയ്യാനും നിര്‍ദേശം നല്കി — വാര്‍ത്താ ഏജൻസി പി.ടി.ഐ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഗുജറാത്ത് എം.എല്‍.എ ആയിരുന്ന കാലം മുതല്‍ മൻസുഖ് പദയാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ള മറ്റൊരു കാര്യം. 2004ല്‍ 124 കിലോമീറ്റര്‍ പെൺകുട്ടികളുടെ പഠനത്തിന് പിന്തുണ നല്കി മൻസുഖ് നടന്നു. 2006ല്‍ ഇതേ പ്രമേയത്തില്‍ 127 കിലോമീറ്റര്‍ യാത്ര സംഘടിപ്പിച്ചു. 2019ല്‍ ഗാന്ധിജിയുടെ ആശയങ്ങളുടെ പ്രചരണത്തിന് 150 കിലോമീറ്റര്‍ മറ്റൊരു യാത്രയും നടത്തി.
2019ല്‍ രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സൈക്കിളിലാണ് രാഷ്ട്രപടി ഭവനിലേക്ക് മാണ്ഡവ്യ എത്തിയത്. പലപ്പോഴായി മാണ്ഡവ്യ പാര്‍ലമെന്റില്‍ എത്തുന്നത് സൈക്കിളിലാണ്. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സൈക്കിള്‍ ചവിട്ടുന്നത് തനിക്ക് ഫാഷൻ അല്ല പാഷൻ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാണ്ഡവ്യയുടെ ചോദ്യങ്ങള്‍
പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് മാണ്ഡവ്യ. രാജ്യസഭയില്‍ 448 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. കള്ളപ്പണം, വോട്ടര്‍ ഐഡി കാര്‍ഡ് കൃത്രിമം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനപ്പെട്ട ചോദ്യങ്ങള്‍. 16 തവണ പ്രൈവറ്റ് ബില്ലുകള്‍ അവതരിപ്പിച്ചു.
ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് 2014ല്‍ മാണ്ഡവ്യ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. ഗോമൂത്രത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയാമോ എന്നായിരുന്നു ചോദ്യം.
ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ പ്രാക്റ്റീഷണര്മാരുടെ റീ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കുക എന്നതായിരുന്നു ഒരു ചോദ്യം. പ്രത്യേകം ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് തുടങ്ങണം എന്നതായിരുന്നു മറ്റൊരു ചോദ്യം.
നക്സല്‍ വിരുദ്ധ, തീവ്രവാദ വിരുദ്ധ ഏറ്റുമുട്ടലുകളില്‍ പോലീസുകാര്‍ക്ക് എതിരെ വ്യാജകേസുകള്‍ എടുക്കുന്നത് നിര്‍ത്തണമെന്നായിരുന്നു ആഭ്യന്തര വകുപ്പിനോടുള്ള ഒരു ചോദ്യം. മറ്റൊരു സന്ദര്‍ഭത്തില്‍ സ്ത്രീധനം, ലൈംഗിക പീഡനം എന്നിവയില്‍ വരുന്ന വ്യാജപരാതികള്‍ തടയണെന്നായിരുന്നു ആവശ്യം. ജയിലില്‍ കഴിയുന്ന പ്രതികള്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന വ്യാജപരാതികള്‍ നല്‍കുന്നത് തടയണമെന്ന് മറ്റൊരു ചോദ്യത്തില്‍ മാണ്ഡവ്യ ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബംഗ്ലാദേശികള്‍ പൗരത്വം നേടുന്നതിന് എതിരെയും മാണ്ഡവ് ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്.
—
കൊവിഡ്-19 മറികടക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ജൂലൈയില്‍ പ്രസ്താവിച്ചിരുന്നു. പക്ഷേ, രണ്ടാം വരവില്‍ കൊവിഡ് പൂര്‍ണമായും മാണ്ഡവ്യ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ തകര്‍ത്തു.
ഇന്ത്യയില്‍ ഇതുവരെ 3.07 കോടി ആളുകളാണ് കൊവിഡ്-19 ബാധിച്ചത്. 2.98 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തരായി. 4.05 ലക്ഷം ആണ് ഇന്ത്യയില്‍ മരണം. ആക്റ്റീവ് കേസുകള്‍ 4.60 ലക്ഷം വരും. മൊത്തം 36.48 കോടി ആളുകളാണ് വാക്സിന് സ്വീകരിച്ചത്.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : who is mansukh mandaviya india’s new health minister things to know in malayalam
Malayalam News from malayalam.samayam.com, TIL Network