വണ്ടിപ്പെരിയാര്‍: വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറിലെ കേസും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര് പ്രഫുല്‍കൃഷ്ണന്‍. ഡിവൈഎഫ്ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്ഥലം എംഎല്‍എ രക്ഷിക്കാന്‍ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണ്. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നില്ക്കുന്ന ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു.
വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രതിഷേധാഗ്നി തെളിയിക്കും. വരും ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തില്‍പ്പോലും മൗനം പാലിച്ച സാംസ്ക്കാരിക നായകരുടെ വീടുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.