Jibin George | Samayam Malayalam | Updated: 08 Jul 2021, 08:05:00 PM
കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം. Photo: ANI
- എന്താണ് സിക്ക വൈറസ്?
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിൽ ഉൾപ്പെടുന്നതാണ് സിക്ക വൈറസ്. രാജ്യത്ത് 2018ലാണ് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ കേസ് കണ്ടെത്തിയത്. ലോകത്ത് ആദ്യമായി കണ്ടെത്തിയത് 1947ൽ ആഫ്രിക്കയിലാണ്. കുരങ്ങുകളിലാണ് വൈറസിൻ്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഈഡിസ് കൊതുകുകൾ വഴി പടരുന്നതാണ് സിക്ക വൈറസ്. സാധാരണയായി രണ്ട് ദിവസം മുതൽ 14 ദിവസം വരെയാണ് സിക്ക വൈറസിൻ്റെ ഇൻ കുബേഷങ്കാലയളവ്. ആരോഗ്യ പ്രശ്നനങ്ങൾ ഉണ്ടാക്കുമെങ്കിലും മരണം സംഭവിക്കാനുള്ള സാധ്യതയില്ല എന്നതാണ് പ്രത്യേകത. ആർടിപിസിആർ ടെസ്റ്റിലൂടെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. - രോഗലക്ഷണങ്ങൾ എന്തെല്ലാം
സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനിക്കും ചിക്കുൻ ഗുനിയ്ക്കും സമാനമായ രോഗലക്ഷണങ്ങൾ തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രണ്ട് മുതൽ ഏഴ് ദിവസം വരെ ഈ ലക്ഷണങ്ങൾ നീണ്ട് നിൽക്കുകയും ചെയ്യും. ഈ ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാകും നൽകുക. സിക്ക വൈറസ് അണുബാധയുള്ള ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കാണാറില്ല എന്നതാണ് ശ്രദ്ധേയം. ലൈംഗിക ബന്ധങ്ങളിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വൈറസ് മറ്റൊരാളിലേക്ക് എത്തുമെന്നത് ഗുരുതരമായ സാഹചര്യമാണ്. - ആരെയൊക്കെ ബാധിക്കും, ശ്രദ്ധിക്കേണ്ടത് ആരെല്ലാം
ഗർഭിണികളെയാണ് സിക്ക വൈറസ് ബാധിക്കുക. ഈ അവസ്ഥയിൽ ജനിക്കുന്ന കുട്ടികളിൽ അംഗ വൈകല്യം ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ ഗർഭവുമായി ബന്ധപ്പെട്ട സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വഴിവെച്ചേക്കാം. സിക്ക വൈറസ് സ്ഥിരീകരിച്ചവരിൽ മുതിർന്നവരിൽ നാഡീസംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടാകുക. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. ആരോഗ്യനില മോശമാകുകയും ലക്ഷണങ്ങൾ വർധിക്കുകയും ചെയ്താൽ വൈദ്യസഹായം തേടണം. സിക്ക വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന ഗർഭിണികൾ പ്രത്യേക ശ്രദ്ധിക്കണം. - സിക്ക വൈറസിനെ എങ്ങനെ പ്രതിരോധിക്കാം
സിക്ക വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൈറസ് ബാധയേൽക്കാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. കൊതുക് കടിയിൽ നിന്നും രക്ഷനേടുകയാണ് ആദ്യം വേണ്ടത്. പകൽ സമയത്തും രാത്രി സമയത്തും പ്രത്യേക ശ്രദ്ധിക്കണം. കൊതുക് ഉള്ളിൽ കടക്കാത്ത രീതിയിലുള്ളതാണ് വീടിൻ്റെ ജനാലകളും വാതിലുകളുമെന്ന് ഉറപ്പിക്കണം. കൊതുക് വലയ്ക്കുള്ളിൽ വേണം ഗർഭിണികളും കൊച്ച് കുട്ടികളും ഉറങ്ങാൻ. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. വീടിന് പരിസരത്തും അല്ലാതെയുമുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. - സിക്ക വൈറസ് കൂടുതൽ രാജ്യങ്ങളിൽ
വിവിധ രാജ്യങ്ങളിൽ സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അരൂബ, ബാർബഡോസ്, ബൊളീവിയ, ബ്രസീൽ, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, മെക്സിക്കോ, ഗ്വാട്ടിമാല, ഹെയ്തി, പനാമ, ട്രിനിഡാഡ്, ടൊബാഗോ, അമേരിക്കൻ സമോവ എന്നിവടങ്ങളിൽ വൈറസ് കണ്ടെത്തിയിരുന്നു. സിക്ക വൈറസ് സ്ഥിരീകരിച്ച ഗർഭിണികൾക്ക് ജനിച്ച കുട്ടികൾക്ക് പല രീതിയിലുള്ള വൈകല്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായിരിക്കും കുട്ടികൾക്ക് ഉണ്ടായിരിക്കുക. ബ്രസീലിൽ മാത്രം ഇത്തരത്തിൽ നാലായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലരിൽ മസ്തിഷക മരണവും സംഭവിക്കാം. 1950 കാലഘട്ടം മുതൽ ആഫ്രിക്കയിലും ഏഷ്യയിലെയും പ്രദേശങ്ങളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 2014 – 2015 വർഷങ്ങളിൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ നാടുകൾ, തെക്കേ അമേരിക്ക എന്നിവടങ്ങളിലുമെത്തി. സമീപകാലത്ത് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ചത് ബ്രസീലിൽ ആണ്.
ഓണത്തിന് എല്ലാവർക്കും സ്പെഷ്യൽ കിറ്റ് നല്കാൻ മന്ത്രിസഭാ തീരുമാനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : what is the zika virus and symptoms and prevention latest news
Malayalam News from malayalam.samayam.com, TIL Network