തൃശൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം നാടായ കൊണ്ടയൂര്‍ ഗ്രാമം ആഹ്ലാദ നിറവിലാണ്. നിളാ തീരത്തെ ഈ ഗ്രാമത്തിലെ ഉണ്ണിയാട്ടില്‍ കുടുംബാംഗം കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു.
കൊണ്ടയൂര്‍ ഗ്രാമത്തിലെ ‘ശ്രീനികേതന്‍ ‘ എന്ന വീട്ടില്‍ സ്ഥിരമായി താമസിക്കാന്‍ ആളില്ലെങ്കിലും അമ്മ ആനന്ദവല്ലി അമ്മ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കുറച്ചു ദിവസം ഇവിടെയെത്തി താമസിക്കുക പതിവാണ്. അല്ലാത്തപ്പോള്‍ വീടും ഏക്കറുകണക്കിനുള്ള സ്ഥലവും നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലയായതിനാല്‍ വലിയ ആഹ്ലാദമോ ആഘോഷമോ കൊണ്ടയൂരില്‍ ഇല്ലായിരുന്നു. അതേസമയം, നാട്ടുകാരന് ഉന്നത പദവിയിലെത്തിയതിന്റെ ആഹ്ലാദത്തിന് പ്രത്യയശാസ്ത്രഭേദമില്ല.
ആനന്ദവല്ലി അമ്മ കഴിഞ്ഞ നവംബറില്‍ നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപനം കാരണമാണ് ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിച്ചേരാന്‍ വൈകുന്നതെന്ന് പറഞ്ഞ ആനന്ദവല്ലി, മന്ത്രിയായ മകനെയും കൂട്ടി വൈകാതെ കൊണ്ടയൂരില്‍ എത്തുമെന്ന് ‘മാതൃഭൂമി’യോട് പറഞ്ഞു.