മനാമ > അംഗീകൃത കോവിഡ് പ്രതിരോധ വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റയ്ന്‍ ഒഴിവാക്കും. കോവിഡ് കേസുകള്‍ക്ക് അനുസരിച്ച രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചു. പച്ച വിഭാഗക്കാര്‍ക്ക് ക്വാറന്റയ്ന്‍ ഇല്ല. മഞ്ഞ, ചുവപ്പ് വിഭാഗക്കാര്‍ക്ക് ക്വാറന്റയ്ന്‍ നിര്‍ബന്ധം. വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇതടക്കമുള്ള പുതിയ യാത്രാ നയം ഈ മാസം 12 ന് പ്രാബല്യത്തില്‍ വരും.
ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലാണ്. പച്ച വിഭാഗത്തില്‍ 30 രാജ്യങ്ങളും മഞ്ഞ വിഭാഗത്തില്‍ 88 രാജ്യങ്ങളുമുണ്ട്. മഞ്ഞയില്‍ ഏഴ് ദിവസവും ചുവപ്പില്‍ പത്ത് ദിവസവുമാണ് ഹോട്ടല്‍ ക്വാറന്റയ്ന്‍. ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ വരുന്നവര്‍ക്ക് പത്തുദിവസ ക്വാറന്റയ്നു പുറമേ ഹോട്ടലില്‍ എത്തുമ്പോഴും ഒന്‍പതാം ദിവസവും ആര്‍ടിപിസിആര്‍ പരിശോധനയുണ്ട്.
പച്ച വിഭാഗം രാജ്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ എന്നിവര്‍ അഞ്ചു ദിവസം വീട്ടില്‍ ക്വാറന്റയ്നില്‍ കഴിയണം. 11 വയസ്സുരെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ അതേ പ്രവേശന വ്യവസ്ഥയാണ്. രക്ഷതാക്കള്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കില്‍ ഈ കുട്ടികളെയും കുത്തിവെപ്പ് എടുത്തതായി പരിഗണിക്കും. വാക്സിന് എടുക്കാത്ത 12 – 17 പ്രായക്കാരായ കുട്ടികള്‍ക്ക് പുറപ്പെടുന്ന രാജ്യത്തിന് അനുസരിച്ച് ക്വാറന്റയ്ന്‍ ഏര്‍പ്പെടുത്തി. ഇവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയ്ന്‍ ആണെങ്കില്‍ ഒരു രക്ഷകര്‍ത്താവ് അവരോടൊപ്പം ഉണ്ടാകണം.
ഖത്തറില്‍ അംഗീകാരമില്ലാത്ത വാക്സിനുകള്‍ സ്വീകരിച്ചവര്‍, അല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ എന്നിവര്‍ക്ക് പച്ച വിഭാഗത്തില്‍ അഞ്ചു ദവസം ഗാര്‍ഹിക ക്വാറന്റയ്ന്‍ ഉണ്ട്. നാലാം ദിവസം പിഎച്ച്സിയില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കും വിധേയമാകണം. മഞ്ഞ വിഭാഗത്തില്‍ ഇവര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്നും ആറാം ദിവസം സ്വന്തം ചെലവില്‍ പിസിആര്‍ പിരിശോധനയും ഉണ്ടാകും. റെഡ് ലിസ്റ്റിലെ രാജ്യക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്നും ഒന്‍പതാം ദിവസം സ്വന്തം ചെലവില്‍ പിസിആര്‍ ഉണ്ടാകും.
ഫൈസര്‍ ബയോടെക്, മൊഡേണ, ആസ്ട്രനെസകയുടെ വാക്സെവ്രിയ, കോവി ഷീല്‍ഡ്, ജാനെസന്/ ജോണ്സണ് ആന്റ് ജോണ്സണ് എന്നിവയും കണ്ടീഷണല്‍ വാക്സിനുകളായി ബിബിഐബിപി-കോര്‍വി /സിനോഫാം, കൊറോണവാക് / സിനോവാക് എന്നിവയും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഖത്തര്‍ അംഗീകരിച്ചിട്ടുണ്ട്.
കണ്ടീഷണല്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ വിമാനതാവളത്തില്‍ ആന്റിബോഡി പരിശോധനയുമുണ്ട്. ഇമ്മ്യൂണിറ്റി കൈവരിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ ഇവര്‍ക്ക് ക്വാറന്റയ്ന്‍ ഉണ്ടാകില്ല. ആന്റിബോഡി ഇല്ലെങ്കില്‍ പുറപ്പെട്ട രാജ്യത്തിനസുരിച്ച് ക്വാറന്റയ്ന്‍ വിധേയമാകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..