കോവിഡെത്തും മുമ്പെ പ്രദർശനത്തിനെത്തിയ ‘ഞാൻ പ്രകാശനു’ ശേഷം ‘മകൾ’ എന്ന പുതിയ സംരംഭത്തിലൂടെ വൻ തിരിച്ചുവരവാണ് പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയിരിക്കുന്നത്. നാട്ടിൻപുറത്തെ നിഷ്കളങ്കമായ കുടുംബ പ്രശ്നങ്ങളും ജീവിതഗന്ധിയായ വിഷയങ്ങളും ശുദ്ധഹാസ്യവും പത്തറുപതു പടങ്ങളിൽ ചിത്രീകരിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ കയറിയിരിപ്പായ സത്യൻ അന്തിക്കാട് സംസാരിക്കുന്നു.
നല്ലൊരു തുടക്കം
ഏപ്രിൽ ഒടുവിലായിരുന്നു ‘മകളു’ടെ പ്രാഥമിക തിയറ്റർ റിലീസ്. മീരാ ജാസ്മിൻ 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്റെ പടത്തിൽ വീണ്ടും അഭിനയിച്ചത്. ജൂലിയെറ്റെന്ന കേന്ദ്ര കഥാപാത്രമാണ് മീരയുടെത്. പതിനൊന്നു വർഷത്തിനു ശേഷം ജയറാമും എന്റെ പടത്തിലെത്തി. ശുഭാപ്തി വിശ്വാസം കൈമുതലായുള്ള പ്രവാസി നന്ദൻ എന്ന കഥാപാത്രമാണ് ജയറാം. ശ്രീനിവാസനും ഇന്നസെന്റും സിദ്ദിഖുമെല്ലാമുണ്ട് പടത്തിൽ. ‘കുടുംബപുരാണ’ത്തിനും ‘ഒരു ഇന്ത്യൻ പ്രണയകഥ’യ്ക്കുമൊക്കെ പണം മുടക്കിയവർ തന്നെയാണ് ‘മകളു’ടെയും നിർമാതാക്കൾ. രചന ഇക്ബാൽ കുറ്റിപ്പുറത്തിന്റെയാണ്. അഭ്രപാളിയിൽ മനോഹാരിതകൾ മാത്രം പകർത്തുന്ന എസ് കുമാറിന്റെ ഛായാഗ്രഹണം. സംഗീതം നൽകിയത് വിഷ്ണു വിജയ്.
അശാന്തിയിൽ മൂന്നുവർഷം
കോവിഡ്- മഹാമാരി സിനിമയെ മാത്രമല്ല, സകല മേഖലകളെയും സാരമായി ബാധിച്ചു. പൂർണമായും തകർന്നുപോയത് മലയാള സിനിമയാണ്. തിയറ്ററുകളിൽ പ്രദർശനം പ്രായോഗികമായിരുന്നില്ല. സിനിമാശാലകൾക്ക് ഒരു ബദൽ സംവിധാനമാകാൻ ഒടിടി പ്ലാറ്റ്ഫോമിന് ഒരു കാലത്തും കഴിയുകയുമില്ല. തിയറ്ററുകളിൽ പോയി സിനിമ കാണുന്ന സാധാരണ പ്രേക്ഷകരാണ് ചലച്ചിത്ര വ്യവസായത്തിന്റെ നെടുംതൂൺ.
കേട്ടുകേൾവിയില്ലാത്ത വെല്ലുവിളി
പ്രശസ്ത സംവിധായകൻ പി ചന്ദ്രകുമാറിന്റെ ‘അഗ്നി പർവതം’ (1979) എന്ന പടത്തിൻെറ സഹസംവിധായകനായി രംഗത്തെത്തിയതു മുതൽ ഞാൻ സിനിമയിൽ സജീവമാണ്. നാൽപ്പത്തിമൂന്നു വർഷമായി ഇവിടെയുണ്ട്. എന്നാൽ, ചലച്ചിത്ര നിർമാണവും അതിൻെറ പ്രദർശനവും മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത വെല്ലുവിളികളാണ് നേരിട്ടത്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി തിയറ്ററുകൾ അടച്ചിട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരണവും എളുപ്പമല്ലായിരുന്നു. സിനിമ ഒരു അവശ്യവസ്തുവല്ല എന്നതാണ് ഈ മാധ്യമത്തിന്റെ നിലനിൽപ്പിനെ ശരിക്കും അപകടത്തിലാക്കിയത്. ഭക്ഷണമോ പാർപ്പിടമോ പോലെയല്ലല്ലൊ സിനിമ.
ഇടവേള കോവിഡ് തട്ടിയെടുത്തു
ഞാൻ ഒരു പടം കഴിഞ്ഞാൽ അൽപ്പം വിശ്രമിച്ച ശേഷമാണ് പുതിയതിന് തയ്യാറെടുക്കുന്നത്. ഈ ഇടവേള മാത്രമാണ് എനിക്ക് വായിക്കാനും എഴുതാനും ലഭിക്കുന്നത്. അങ്ങനെ മുഴുകിയിരിക്കുന്ന സമയത്താണ് കൊറോണ വാർത്തകൾ വന്നത്. വായിക്കാനും എഴുതാനുമുള്ള എന്റെ മനോനില കോവിഡ് തട്ടിയെടുത്തു.
മമ്മൂട്ടിപ്പടം നഷ്ടമായി
2020-ലെ ഓണം റിലീസ് നഷ്ടമായത് മറക്കാനാകില്ല. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള തിരക്കഥ നിരവധി ചർച്ചകൾക്കും മിനുക്കു പണികൾക്കുമൊടുവിൽ അന്ത്യരൂപം കൊണ്ടു. ഞാൻ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടി പടം ‘ഒരാൾ മാത്രം’ ആയിരുന്നു. അതുകൊണ്ടാണ് 2020-ലെ ഓണം റിലീസിന് മമ്മൂട്ടി വേണമെന്ന് ആഗ്രഹിച്ചത്. ജനുവരിയിൽ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഏപ്രിൽ 10-ന് ഷൂട്ട് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. കോവിഡ് കുതിച്ചുയർന്നു. എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയായിരുന്നു അത്.
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ആദ്യപാഠം എല്ലാവരും തുല്യരെന്നാണ്. അഹങ്കരിക്കാനായി ഒന്നുമില്ലെന്നു തെളിയിച്ചു. രണ്ടാമത്തെ പാഠം, പരാശ്രയം കൂടാതെ ജീവിക്കാൻ നമ്മളെ പാകപ്പെടുത്തിയെടുത്തതാണ്. അതിഥിത്തൊഴിലാളികളെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. സാമൂഹിക, -സാമ്പത്തിക-, സാംസ്കാരിക മേഖലകളിൽ മൗലികമായ മാറ്റങ്ങൾക്ക് കൊറോണ കാരണമായി.
‘ഞാൻ പ്രകാശൻ’ ആശ്വാസം
കോവിഡിനു മുമ്പെ ചെയ്ത ‘ഞാൻ പ്രകാശൻ’ 2018 ഡിസംബർ അവസാനമാണ് റിലീസ് ചെയ്തത്. എന്റെ അമ്പത്തിയെട്ടാമത്തെ പടം. ശ്രീനിവാസന്റെ രചന ജനപ്രിയമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. 2013-ലെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യ്ക്കു ശേഷം, ഫഹദിനെ വീണ്ടും നായകനാക്കുകയായിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു.
ഒടിടി പ്ലാറ്റ്ഫോം പകരമാകില്ല
കോവിഡിൽനിന്ന് മുക്തി നേടി, തിയറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ലെന്ന ആശങ്കയിൽ സിനിമാ റിലീസും പ്രദർശനവും ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമായിരുന്നു. പക്ഷെ, ഒടിടി-ക്ക് ഒരുപാട് പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പോസ്റ്റർ ഡിസൈൻ മുതൽ ചിത്രീകരണ രീതി വരെ സ്വകാര്യ പ്ലാറ്റ്ഫോം ഉടമസ്ഥരുടെ നിയന്ത്രണത്തിലാകും നടക്കുക. ആർട്ടിസ്റ്റ് വാല്യൂ, ബിഗ് ബജറ്റ്-, സ്മാൾ ബജറ്റ് മുതലായ കാര്യങ്ങളൊക്കെ സ്വീകാര്യമാണെങ്കിൽ മാത്രമേ അവർ പടം എടുക്കൂ. ഒടിടി-യിൽ പ്രതിഭാശാലികളായ പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിനുവരെ കടമ്പകൾ കടക്കേണ്ടിവരും. തിയറ്ററിലാണ് റിലീസ് ചെയ്യുന്നതെങ്കിൽ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ചലച്ചിത്രനിർമാണവും പ്രദർശനവും ഒടിടി പ്ലാറ്റ്ഫോമിൽ തളച്ചിടേണ്ട ഒരു കലയല്ല. അൽപ്പം വൈകിയാലും ഈ ആപൽഘട്ടം അതിജീവിച്ച് മലയാള സിനിമ ശക്തമായ തിരിച്ചുവരവ് നടത്തും. അതിന്റെ സൂചനകളാണ് ഇപ്പോൾ.
‘താറാവ്’ വീണ്ടും ചെയ്യും
‘പൊന്മുട്ടയിടുന്ന താറാവ്’ എന്റെ മാസ്റ്റർപീസാണെന്നു വിലയിരുത്തുന്നവരുണ്ട്. വിശാലമായ ക്യാൻവാസിൽ വേറെ പടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ‘താറാവ്’, പ്രേക്ഷകരെപ്പോലെ എനിക്കും വേറിട്ട അനുഭവമായിരുന്നു. അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരിക്കാണ്. രഘുവും ഞാനും ശ്രീനിയും പലവട്ടം കൂടിയാലോചിച്ചാണ് കഥയ്ക്കും കഥാരംഗങ്ങൾക്കും അന്തിമ രൂപം നൽകിയത്. പൊതു സമൂഹത്തിലെ സത്യമായ സംഗതികൾ ഹാസ്യാത്മകമായി വരച്ചുകാട്ടുന്ന ‘താറാവ്’ പോലെയുള്ള വിപുലമായ തിരക്കഥ ഇനിയും ചെയ്യും. സമാനമായ സാമൂഹിക പ്രമേയമുള്ള സിനിമകൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. മറ്റു കാര്യങ്ങൾ യോജിച്ചു വന്നാൽ ‘താറാവ്’ പോലെ മറ്റൊന്നിനെക്കുറിച്ച് ആലോചിക്കും.
ഇഷ്ട സിനിമയുടെ വ്യാകരണം
നന്മനിറഞ്ഞ കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും പറയില്ല, കാണിക്കില്ല, സൂചിപ്പിക്കുക പോലുമില്ല. അവസാനം ഒരു സന്ദേശവും വേണം. നമ്മുടെ പരിസരങ്ങളിൽ നിന്നുതന്നെ കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം. ഇതൊക്കെയാണ് എന്റെ ഇഷ്ട സിനിമയുടെ ഏകദേശ വ്യാകരണം. ഞാനൊരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് എനിക്കു കൂടുതൽ മനസ്സിലാകുന്നത്. വിദേശ നോവലുകളും അവയുടെ നാടൻ വിവർത്തനങ്ങളും മലയാളിക്കു മനസ്സിലാകാത്ത അവയിലെ കഥാപാത്രങ്ങളും എൻെറ ക്യാൻവാസിൽ കാണില്ല. മൊഴിമാറ്റം ചെയ്ത മറ്റു ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളിലേക്കും ഞാൻ കാമറ തിരിച്ചിട്ടില്ല.
സത്യൻ-–-ശ്രീനി കൂട്ടുകെട്ട്
ഞാൻ സംവിധാനം ചെയ്യുന്നു, ശ്രീനി എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു. സാമൂഹികമായി ഞങ്ങളുടെ കുടുംബപശ്ചാത്തലം ഒരുപോലെയാണ്. അതുകൊണ്ട് പലകാര്യങ്ങളിലും ഞങ്ങൾക്ക് ഒരുപോലെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ തിരക്കഥകളിൽ നർമമാണ് പൊതുവായുള്ളത്. പുതിയ പ്രോജക്ടുകൾക്കായുള്ള തിരക്കഥകളുടെ കാര്യത്തിലും ഈ സമചിന്തകൾ വളരെ സഹായകരമാണ്. എല്ലാം ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നു.
സംവിധായകൻ എന്ന നിലയിൽ
എഴുപതുകളിലെ തീപ്പൊരി സുകുമാരൻ മുതൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ജയറാമും മകൻ കാളിദാസനും വരെയുള്ള നായകന്മാർക്കും, അറുപതുകളിലെ താരം ഷീല മുതൽ ഇന്നിന്റെ നാഡിമിടിപ്പ് അമലാ പോൾ വരെയുള്ള നായികമാർക്കും കാമറയ്ക്കു മുന്നിൽ നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചു.
ഇനി ഗാനങ്ങളില്ലേ
സിനിമാ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് കൂടുതൽ ഗാനങ്ങൾ രചിച്ചത്. കാലത്തെ അതിജീവിച്ച് ഇന്നും എല്ലാവരും മൂളുന്ന ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ…’,‘ഓ മൃദുലേ…’ മുതലായ ഗാനങ്ങളൊക്കെ അക്കാലങ്ങളിലാണ് എഴുതപ്പെട്ടത്. പത്തുപതിനെട്ടു സിനിമയ്ക്ക് പാട്ടുകൾ എഴുതിയെങ്കിലും, സംവിധാനമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാട്ടെഴുത്തിൽ ശ്രദ്ധിച്ചിരുന്ന കാലങ്ങളിൽ ഞാൻ തനിയെ പടങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടില്ല. സ്വതന്ത്രമായി ഞാൻ ചെയ്ത ആദ്യ പടം ‘കുറുക്കന്റെ കല്യാണ’മാണ്. ഡോ. ബാലകൃഷ്ണൻ രചിച്ച ഈ ഹാസ്യചിത്രം 1982-ലാണ് ഇറങ്ങിയത്. ‘സിന്ദൂര’ത്തിനുവേണ്ടി ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ…’ എഴുതിയത് 1976-ൽ ആയിരുന്നു. എന്റെ തന്നെ പടമായ ‘തൂവൽ കൊട്ടാര’ത്തിനു വേണ്ടിയാണ് ഒടുവിൽ ഗാനമെഴുതിയത്. ദാസേട്ടൻ ആലപിച്ച ‘തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ…’ എന്നു തുടങ്ങുന്ന ഗാനം. 1996-ൽ ആയിരുന്നു അത്. ഇനി പാട്ടെഴുതുന്നില്ലെന്നു പറയുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..