മനാമ > യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ ഫെഡറല്‍ നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. രാജ്യത്തെ നിയമത്തിനും അന്താരാഷ്ട്ര കരാറുകള്‍ക്കും അനുസൃതമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം നിയമം ഉറപ്പ് നല്കുന്നു.
യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനും ജോലിക്കുമായി തൊഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള സമഗ്രമായ ചട്ടക്കൂട് നിയമം സ്ഥാപിക്കുകയും അവരുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കുന്ന വിധത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വചിക്കുകയും ചെയ്യുന്നതായി മാനവ വിഭവ, എമിറേറ്റ്വല്ക്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമ പ്രകാരം ഗാര്‍ഹിക തൊഴിലാളിക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ (പാസ്പോര്‍ട്ട് ഉള്‍പ്പെടെ) കൈവശം വെക്കാം. 18 വയസ്സിന് താഴെയുള്ള ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതോ ജോലി ചെയ്യിക്കുന്നതോ നിയമം കര്‍ശനമായി നിരോധിച്ചു. റിക്രൂട്ട്മെന്റിനോ താല്‍ക്കാലിക ജോലിക്കോ മാനവവിഭവ മന്ത്രാലയം ലൈസന്‍സ് നിര്‍ബന്ധം. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നേരിട്ടോ മൂന്നാം കക്ഷികള്‍ മുഖേനയോ, കമ്മീഷനുകള്‍ ഈടാക്കുന്നതോ ജോലിക്കായി ഫീസ് വാങ്ങുന്നതോ നിയമം നിരോധിച്ചു.
ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിയിക്കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതും വിലക്കി. റിക്രൂട്ട് ചെയ്യുന്നവരുടെ ശാരീരികക്ഷമത, ആരോഗ്യസ്ഥിതി, മാനസികവും തൊഴില്‍പരവുമായ നില എന്നിവയുടെ തെളിവുകള്‍ തൊഴില്‍ ഉടമക്ക് മുന്‍കൂട്ടി ലഭ്യമാക്കണം. മന്ത്രാലം ഫോര്‍മാറ്റ് പ്രകാരമാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കേണ്ടത്. തൊഴിലാളിയെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനുള്ള തൊഴിലുടമയുടെ സാമ്പത്തിക ബാധ്യതകളും റിക്രൂട്ട്മെന്റ് ഏജന്‍സി ഫീസും കരാറില്‍ വ്യക്തമാക്കണം.
റിക്രൂട്ട്മെന്റ് ഏജന്‍സി വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍, ഒരു ബദല്‍ തൊഴിലാളിയെ നല്‍കണം. അല്ലെങ്കില്‍ റിക്രൂട്ട്മെന്റ് ഫീസ് തൊഴിലുടമക്ക് തിരിച്ച് നല്‍കണം. ഈ സാഹചര്യത്തില്‍ കരാര്‍ ലംഘനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തൊഴിലുടമക്ക് ഏജന്‍സിയോട് നഷ്ടപരിഹാരം തേടാം.
റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഗാര്‍ഹിക തൊഴിലാളികളോട് മാനുഷികമായി പെരുമാറണം. അവരെ അക്രമിക്കരുത്. അനുയോജ്യമായ താമസം, ഭക്ഷണം, വസ്ത്രം എന്നിവ നല്കാന് തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലുടമ വീട്ടുജോലിക്കാരനോട് ശരിയായ രീതിയില്‍ പെരുമാറുകയും അവരുടെ അന്തസ്സും ശാരീരിക ദൃഢതയും കാത്തുസൂക്ഷിക്കുകയും തൊഴില്‍ കരാര്‍ പ്രകാരം ശമ്പളം നല്‍കുകയും വേണം. തൊഴിലാളിക്കുള്ള ചികിത്സ ചിലവോ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയോ തൊഴിലുടമ നല്‍കണം.
ഗാര്‍ഹിക തൊഴിലാളിക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ് തൊഴിലുടമ നല്‍കണം. വാര്‍ഷിക അവധിക്ക് ശേഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനോ പുതുക്കാതിരിക്കാനോ രണ്ട് കക്ഷികളും സമ്മതിക്കുകയാണെങ്കില്‍, വീട്ടുജോലിക്കാരന് അവരുടെ മാതൃരാജ്യത്തേക്കുള്ള വണ്‍-വേ ടിക്കറ്റ് മാത്രം നല്കിയാല് മതി. തൊഴിലുടമയുടെ മാര്‍ഗനിര്‍ദേശത്തിനും മേല്‍നോട്ടത്തിനും അനുസരിച്ചും തൊഴില്‍ കരാര്‍ അനുസരിച്ചും തൊഴിലാളി ജോലി നിര്‍വഹിക്കണം. വീട്ടുജോലിക്കാരന് ജോലിസ്ഥലത്തെ സ്വകാര്യതയെ മാനിക്കണം. തൊഴിലുടമയുടെ സ്വത്ത്, ജോലി ഉപകരണങ്ങള്‍, അവരുടെ കസ്റ്റഡിയിലുള്ള എല്ലാ കാര്യങ്ങളും സംരക്ഷിക്കുകയും തൊഴിലുടമയുടെ അനുമതിയില്ലാതെ അവ പുറത്ത് ജോലിക്ക് ഉപയോഗിക്കാതിരിക്കുകയും വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..