ദമ്മാം> കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദിയുടെ കേന്ദ്രസാംസ്കാരിക കമ്മിറ്റിയുടെ കീഴിൽ ദമ്മാമിലെ മനുഷ്യ നിർമ്മിത ദീപായ മാർജ്ജാൻ ദീപിൽ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന 27 കലാകാരൻമാരെ അണി നിരത്തി പ്ലെയ്ൻ എയർ പെയിൻറിങും പ്രദർശനവും സംഘടിപ്പിച്ചു.
കണ്മുൻപിൽ കാണുന്ന വർണ്ണ കാഴ്ചകൾ കാൻവാസിൽ നിറങ്ങൾ ചാലിച്ച് പകർത്തുക എന്നത് ആയിരുന്നു പ്ലെയിൻ എയർ എന്ന ആശയം. നിരവധി പേർ പ്രദർശനം കാണാനെത്തി. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മാർജ്ജാൻ ദീപിന്റെ മനോഹാരിത കലാകാരന്മാർ ചിത്രങ്ങളിൽ ഒപ്പിയെടുത്തു.
കുടുംബത്തോടൊപ്പം എത്തിയ ബീത്തിക്സ് ഫർകാസ് എന്ന ഹംഗറി സ്വദേശിനിയടക്കം 9 വനിതകൾ പങ്കെടുത്തു. കൊച്ചു കലാകാരി കീർത്തനയും ഇതിന്റെ ഭാഗമായി. നിരവധി സ്വദേശികൾ താല്പര്യപൂർവ്വം പെയിൻറിങ്ങ് കാണാൻ എത്തി.
നവോദയ കേന്ദ്ര സാംസ്കാരിക കമ്മറ്റി കോർഡിനേറ്റർ പ്രദീപ് കൊട്ടിയത്തിന്റെ അദ്ധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി ബഷീർ വരോട് പ്ലെയിൻ എയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ലളിത കലാ അക്കാദമി ജേതാവും, ജുബൈൽ ഇന്ത്യൻ സ്കൂൾ ചിത്രകലാ അദ്ധ്യാപകനുമായ സുനിൽ മാഷ് ആദ്യ ചിത്രം വരച്ച് ചിത്രരചനക്ക് പ്രാരംഭം കുറിച്ചു.
കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഓപ്പൺ എയർ ചിത്രരചന കൂടിയായ പ്ലെയിൻ എയറിന് മർജാൻ മുനിസിപ്പൽ അധികൃതരുടെ സഹകരണം ലഭിച്ചു. ഷമീം നാണത്ത്, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, കൃഷ്ണകുമാർ ചവറ, നന്ദിനി മോഹൻ, മോഹനൻ വെള്ളിനേഴി, കെ.പി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സമാപന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട്പുഴ പങ്കെടുത്തു. നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ഉദ്ഘാടനം ചെയ്തു. സാലു മാഷ്, നവോദയ രക്ഷാധികാരി രഞ്ജിത് വടകര, നവോദയ കേന്ദ്ര വനിതാ വേദി കൺവീനർ രശ്മി രാമചന്ദ്രൻ, കുടുംബ വേദി നേതാക്കളായ സുരേഷ് കൊല്ലം, രഘുനാഥ് മച്ചിങ്ങൽ, മീനു മോഹൻദാസ്, കൃഷ്ണദാസ്, ജസ്ന ഷമീം എന്നിവർ നേതൃത്വം നല്കി. മോഹനൻ വെള്ളിനേഴി അദ്ധ്യക്ഷനായിരുന്നു.
ചിത്രവരയിൽ പങ്കെടുത്ത മുഴുവനാളുകളെയും സമാപന ചടങ്ങിൽ നവോദയ ഉപഹാരം നൽകി ആദരിച്ചു.
സമീപ ഭാവിയിൽ ചിത്രകാരന്മർക്ക് വേണ്ടി ഡെസേർട്ട് ചിത്രരചന ക്യാമ്പ് കൂടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..